ലോകക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ ബാറ്റർമാരെ കബളിപ്പിക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് വജ്രായുധങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി

ഷെയിൻ വോണിന്റെ പന്തുകൾ എന്നും ബാറ്റർമാരുടെ പേടിസ്വപ്നമായിരുന്നു. വോണിന്റെ തന്നെ വാക്കുകളിൽ അദ്ദേഹത്തിന്റെ പന്തുകൾ ആത്മ വിശ്വാസത്തോടെ കളിച്ചിട്ടുള്ളത് സച്ചിൻ ടെൻഡുൽക്കറും , ബ്രയാൻ ലാറയും മാത്രമായിരുന്നു. നൂറ്റാണ്ടിന്റെ പന്ത് എന്ന പേരിൽ പ്രസിദ്ധമായ 1993ലെ ആഷസ് സീരീസിൽ മൈക്ക് ഗാറ്റിംഗിനെ പുറത്താക്കുന്നതിന് വേണ്ടി വോൺ എറിഞ്ഞ പന്ത് തന്നെ അദ്ദേഹത്തിന്റെ മികവിനുള്ള ഉദാഹരണമാണ്. വോൺ ടേൺ കണ്ടെത്താൻ ഉപയോഗിക്കുന്ന രീതി തന്നെയായിരുന്നു അദ്ദേഹത്തെ ഇത്രയേറെ അപകടകാരിയാക്കിയത്.

മറ്റുള്ള ലെഗ് സ്പിന്നർമാർ പന്ത് തിരിക്കാൻ കൈക്കുഴയെ പ്രധാനമായും ആശ്രയിച്ചപ്പോൾ, വോൺ തന്റെ കൈവിരലുകൾ കൂടി ഉപയോഗിച്ചാണ് പന്ത് തിരിച്ചിരുന്നത്. മറ്റ് ലെഗ്സ്പിന്നർമാരെ അപേക്ഷിച്ച് വോണിന് കൂടുതൽ ടേൺ ലഭിക്കാൻ കാരണവും അദ്ദേഹത്തിന്റെ കൈവരലുകളിലെ ഈ മികവായിരുന്നു. വോൺ പന്ത് പിടിച്ചിരുന്ന രീതി തന്നെ എക്സ്ട്രാ ടേൺ ലഭിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചിരുന്നു. ചൂണ്ട് വിരലും , നടുവിരലും പന്തിന് മുകളിലും , മോതിര വിരലും ചെറുവിരലും പന്തിന് താഴെ വരുന്ന രീതിയിലുമായിരുന്നു വോണിന്റെ പന്തിന്മേലുള്ള ഗ്രിപ്പ്. പന്തെറിയാൻ സമയത്ത് ചൂണ്ടുവിരലും നടുവിരലും പന്തിന് മുകളിൽ ബലമായി പിടിച്ചശേഷം മോതിര വിരൽ ഉപയോഗിച്ചായിരുന്നു വോൺ പന്തിന്റെ ടേൺ സൃഷ്ടിച്ചിരുന്നത്.

വോണിനെ മാന്ത്രികനാക്കിയിരുന്നത് അദ്ദേഹത്തിനുണ്ടായിരുന്ന രണ്ട് വജ്രായുധങ്ങളായിരുന്നു. മറ്റ് ബൗളർമാരെ പോലെ തന്നെ പന്തിനെ ഡ്രിഫ്റ്റ് ചെയ്യാനുള്ള കഴിവ് വോണിന് കുറച്ചു കൂടുതലായി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കൂടുതൽ അപകടകാരിയാക്കിയത് ഫ്ളിപ്പർ, റോംഗ് അൺ എന്നീ ബൗളിംഗ് വ്യതിയാനങ്ങളായിരുന്നു.

ഇതിൽ ഫ‌്‌ളിപ്പർ അധികം ആർക്കും എറിയാൻ സാധിക്കാത്ത പ്രത്യേക പന്താണ്. താൻ തന്നെ ദീർഘനാളത്തെ പരിശീലനത്തിന് ശേഷമാണ് ഫ്‌ളിപ്പറുകൾ എറിയാൻ പഠിച്ചതെന്ന് വോൺ പറഞ്ഞിട്ടുണ്ട്. സാധാരണ സ്പിൻ ബൗളർമാരുടെ പന്തുകൾ പോലെ ടേൺ ചെയ്യാതെ, പിച്ച് ചെയ്ത ശേഷം അധികം ബൗൺസ് ചെയ്യാതെ വായുവിലൂടെ തെന്നി വിക്കറ്റ് ലക്ഷ്യമാക്കി പോകുന്ന പന്തുകളാണ് ഫ്‌ളിപ്പറുകൾ. ഇതിനു വേണ്ടി വോൺ തന്റെ ഗ്രിപ്പിൽ ഒരു തരത്തിലുമുള്ള വ്യത്യാസവും വരുത്തിയിരുന്നില്ല. പകരം സാധാരണ രീതിയിൽ പന്തിൽ ഗ്രിപ്പ് കൊടുത്ത ശേഷം മോതിര വിരലിന് പകരമായി തള്ളവിരൽ ഉപയോഗിച്ച് പന്ത് കറക്കുമായിരുന്നു.

ഇതുമൂലം പന്ത് വോണിന്റെ കൈയിൽ നിന്ന് പുറപ്പെടുമ്പോൾ വശങ്ങളിലേക്ക് കറങ്ങേണ്ടതിന് പകരം പിന്നിലേക്ക് കറങ്ങും. മിക്ക ബൗളർമാരും ഫ്‌ളിപ്പറുകൾ എറിയുമ്പോൾ ആക്ഷനിലോ ഗ്രിപ്പിലോ ചില വ്യത്യാസങ്ങൾ അവർ അറിയാതെ തന്നെ വരുമായിരുന്നു. അതിനാൽ തന്നെ ബാറ്റർമാർക്ക് ഇത് കണ്ടെത്താൻ എളുപ്പമായിരുന്നു. എന്നാൽ വോൺ എറിയുമ്പോൾ ആക്ഷനിലോ ഗ്രിപ്പിലോ ഒരു വ്യത്യാസവും വരാത്തതിനാൽ ബാറ്റർമാർക്കും ഇത് കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു.റോംഗ് അൺ ആയിരുന്നു വോണിന്റെ മറ്റൊരു രഹസ്യ ആയുധം. ബാറ്റർമാരെ ഏറ്റവും കൂടുതൽ കുഴപ്പിച്ചിരുന്നതും ഈ പന്തായിരുന്നു. പന്ത് പിച്ച് ചെയ്ത ശേഷം എതിർവശത്തേക്ക് ടേൺ ചെയ്യുന്നതാണ് റോംഗ് അൺ. ഈ പന്ത് എറിയുന്നതിന് വേണ്ടിയും അദ്ദേഹം ആക്ഷനിലോ ഗ്രിപ്പിലോ മാറ്റങ്ങൾ വരുത്തിയിരുന്നില്ല. പകരം പന്തെറിയുന്നതിന് മുമ്പ് കൈക്കുഴ ചെറുതായി ഒന്ന് തിരിക്കും. ഇതിന്റെ ഫലമായി മോതിരവിരൽ വച്ച് പന്ത് തിരിക്കുമ്പോൾ അത് എതിർദിശയിലേക്ക് ടേൺ ചെയ്യാൻ തുടങ്ങും.

You May Also Like

ഇവി വാങ്ങുന്നതിൽ നിന്ന് പിൻതിരിപ്പിക്കുന്ന ഘടകങ്ങൾ

Sujith Kumar സോഷ്യൽ മീഡിയയിൽ എഴുതിയത് 12 വർഷം മുൻപ് വണ്ടി വാങ്ങിയപ്പോൾ പെട്രൊൾ എടുക്കണോ…

അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കാൻ നിങ്ങളുടെ ഇരുചക്രവാഹനങ്ങൾ ശരിയായി പരിപാലിക്കുന്നതിനുള്ള ചില ടിപ്പുകൾ

ബൈക്ക് പരിപാലിക്കുന്നതിനുള്ള നുറുങ്ങുകൾ ബൈക്ക് പരിപാലിക്കുന്നതിനുള്ള നുറുങ്ങുകൾ: നമ്മൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ…

സ്വര്‍ണത്തിന്റെ പരിശുദ്ധിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന കാരറ്റ് എന്ന പദം എങ്ങനെ വന്നു ?

കരോബ് മരത്തിന്റെ ഒരു വിത്തിന് നാല് ധാന്യമണികളുടെ തൂക്കമാണ് എന്നും കണക്കാക്കിയിരുന്നു. ധാന്യമണിക്ക് ഇംഗ്ലീഷിൽ ഗ്രെയിൻ എന്നാണ് പറയുക.

ഗ്യാസ് സിലിണ്ടറിലും, സിഗററ്റ് ലൈറ്ററിലും ദ്രാവകമായി നിറച്ചിരിക്കുന്ന LPG വാതകമായി മാറുന്നത് എങ്ങനെ ?

ഗ്യാസ് സിലിണ്ടറിലും, സിഗററ്റ് ലൈറ്ററിലും ദ്രാവകമായി നിറച്ചിരിക്കുന്ന LPG വാതകമായി മാറുന്നത് എങ്ങനെ ? അറിവ്…