ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Bineesh K Achuthan

സൗത്തിന്ത്യൻ പ്രേക്ഷകർക്ക് ഒരുകാലത്ത് ബ്രഹ്മാണ്ഡം എന്ന വാക്കിന്റെ പര്യായമായിരുന്നു ഷങ്കർ. വിശാലമായ കാൻവാസിൽ, ബിഗ് ബജറ്റിൽ, പടുകൂറ്റൻ സെറ്റിൽ ഒരുക്കുന്ന ഷങ്കർ ചിത്രങ്ങൾ പ്രേക്ഷകർക്കൊരു ദൃശ്യ വിരുന്നായിരുന്നു. എം ജി ആറിന്റെയും ശിവാജിയുടെയും കമലിന്റെയും രജനിയുടെയുമെല്ലാം ചിത്രങ്ങൾ ഭാഷയുടെ അതിരുകൾ ഭേദിച്ച് കൊണ്ട് ഇതര സംസ്ഥാനങ്ങളിൽ വിജയം നേടിയ ചരിത്രമുണ്ടെങ്കിലും ഒരു തമിഴ് സംവിധായകന് പാൻ സൗത്തിന്ത്യൻ റീച്ച് കിട്ടുന്നത് നടാടെയാണ്. കെ.ബാലചന്ദറും ഭാരതി രാജയും ബാലു മഹേന്ദ്രയും മണി രത്നവുമെല്ലാം അന്യ സംസ്ഥാനങ്ങളിൽ വിജയക്കൊടി പാറിച്ചിട്ടുണ്ടെങ്കിലും അവർക്കൊന്നും തന്നെ ഒരു ബ്രാന്റായി മാറാൻ കഴിഞ്ഞിരുന്നില്ല. A ക്ലാസ് സെൻറുകളിലെ പ്രേക്ഷകരെ ആകർഷിക്കാനേ അവർക്കായിട്ടുള്ളു. എന്നാൽ ബഹുഭൂരിപക്ഷം ഷങ്കർ ചിത്രങ്ങളും A, B, C ക്ലാസ് ഭേദമെന്യേ തകർപ്പൻ പ്രകടനമാണ് കാഴ്ച വച്ചത്.

80 – കളിലെ സൂപ്പർ ഹിറ്റ് തമിഴ് സംവിധായകനും വിജയ് യുടെ പിതാവുമായ എസ്.എ.ചന്ദ്രശേഖറിന്റെ കീഴിൽ ദീർഘകാല സംവിധാന സഹായിയായിരുന്നു ഷങ്കർ. പിന്നീട് പവിത്രൻ അടക്കമുള്ള സംവിധായകരോടൊപ്പം പ്രവർത്തിച്ചതിന് ശേഷം 1993 – ൽ ആക്ഷൻ കിംഗ് അർജ്ജുൻ നായകനായ ജൻറിൽമാൻ എന്ന ബ്ലോക്ക് ബസ്റ്ററിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറുന്നത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കെതിരായ പോരാട്ടമായിരുന്നു ജൻറിൽമാന്റെ ഇതിവൃത്തം. അർജ്ജുന്റെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും പ്രഭുദേവയുടെ ചടുലമായ നൃത്തച്ചുവടുകളും തരംഗമായി മാറിയ എ.ആർ.റഹ്മാന്റെ സംഗീതവുമെല്ലാം ജൻറിൽമാനെ ഒരു വിഷ്വൽ ട്രീറ്റാക്കി മാറ്റി. അക്കാലത്തെ സൂപ്പർ ഹിറ്റ് ബോളിവുഡ് സംവിധായകനായ മഹേഷ് ഭട്ട്, ചിരഞ്ജീവിയെ നായകനാക്കി ദി ജൻറിൽ മാൻ എന്ന പേരിൽ ഹിന്ദിയിൽ റീ മേക്ക് ചെയ്തെങ്കിലും ആ ചിത്രം ഒരു ഫ്ലോപ്പായിരുന്നു. ഷങ്കറിന്റെ ക്രാഫ്റ്റ് അങ്ങനെ പ്രേക്ഷകർ തിരിച്ചറിഞ്ഞു.

A.R.S ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ കെ.ടി.കുഞ്ഞുമോൻ നിർമ്മിച്ച ജൻറിൽമാന്റെ വൻ വിജയം അതേ ബാനറിൽ തന്നെ ഷങ്കറിന്റെ അടുത്ത ചിത്രം കൂടെ നിർമ്മിക്കാൻ പ്രേരണയായി. ജന്റിൽമാൻ കൂടാതെ ഇതേ ബാനറിന്റെ മുൻ ചിത്രമായ സൂര്യനിലും തരംഗമായി തീർന്ന നൃത്ത രംഗങ്ങൾ അവതരിപ്പിച്ച പ്രഭുദേവയെ നായകനാക്കിയായിരുന്നു പുതിയ ചിത്രം. അതായിരുന്നു കാതലൻ. പ്രഭുദേവയുടെ നായികയായി ബോളിവുഡ് സുന്ദരി നഗ്മ എത്തിയ ഈ ചിത്രം പാൻ സൗത്തിന്ത്യൻ ഹിറ്റായിരുന്നു. ഹിന്ദിയിൽ ഡബ്ബ് ചെയ്ത് പ്രദർശിച്ചപ്പോൾ അവിടെയും വിജയം ആവർത്തിച്ചു. പ്രഭുദേവക്കും റഹ്മാനും ഹിന്ദിയിൽ ഒട്ടേറെ ആരാധകരെ സൃഷ്ടിക്കാൻ ഈ ചിത്രം ഇടയായി. കണ്ണഞ്ചിപ്പിക്കുന്ന നൃത്ത രംഗങ്ങളാൽ സമ്പന്നമായിരുന്നു കാതലൻ.

ആദ്യ രണ്ട് ചിത്രങ്ങളും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയത് കൊണ്ട് ഷങ്കറിന്റെ അടുത്ത ചിത്രത്തിനായി സിനിമാ ലോകം ആകാംക്ഷാപൂർവ്വം കാത്തിരുന്നു. അവരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് ഷങ്കർ തന്റെ മൂന്നാമത് ചിത്രം പ്രഖ്യാപിച്ചു. ഇന്ത്യൻ ! കമൽഹാസനായിരുന്നു നായകൻ. ഒരു മുൻ നിര താരത്തെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇന്ത്യൻ. വൻ ഹൈപ്പിൽ റിലീസ് ചെയ്ത ഇന്ത്യൻ, തമിഴ് സിനിമയിലെ അത് വരെയുള്ള മുഴുവൻ കളക്ഷൻ റെക്കോഡുകളും ഭേദിച്ച് ഇൻഡസ്ട്രി ഹിറ്റായി മാറി. തമിഴ് നാട്ടിലെന്ന പോലെ കേരളത്തിലും സൂപ്പർ ഹിറ്റായി മാറിയ ഇന്ത്യൻ, ഭാരതീയഡു എന്ന പേരിൽ ആന്ധ്രയിലും ഹിന്ദുസ്ഥാനി എന്ന പേരിൽ ബോളിവുഡിലും വൻ വിജയം നേടി. ഇന്ത്യനിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നാം വട്ടവും കമലിനെ തേടിയെത്തി.

ചരിത്ര വിജയം നേടിയ ഇന്ത്യന് ശേഷം ലോക സുന്ദരി ഐശ്വര്യാ റായിയേയും പ്രശാന്തിനെയും നായകനാക്കി ജീൻസ് എന്ന ഒരു പ്രണയ ചിത്രമാണ് ഷങ്കർ ഒരുക്കിയത്. ഒരു ഗാനരംഗത്ത് ഏഴ് ലോകാത്ഭുതങ്ങളും കാണിച്ചു കൊണ്ട് ഷങ്കർ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച മുതൽവൻ ആയിരുന്നു ഷങ്കറിന്റെ അടുത്ത ചിത്രം. രാഷ്ട്രീയ കാരണങ്ങളാൽ രജനീകാന്ത് നിരസിച്ച നായക വേഷം ഒടുവിൽ അർജ്ജുനിലേക്കെത്തി. ഒറ്റ ദിവസത്തേക്ക് മുഖ്യമന്ത്രിയാകുന്ന പുകഴേന്തി എന്ന മീഡിയ പ്രവർത്തകനെ അർജ്ജുൻ ഗംഭീരമാക്കി. പതിവ് പോലെ ഈ ഷങ്കർ ചിത്രവും പാൻ സൗത്തിന്ത്യൻ വിജയമായിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി 2003 – ൽ ഷങ്കർ ഒരുക്കിയ ബോയ്സ് മുൻ വിജയങ്ങളുടെ ലെവലിൽ എത്തിയില്ലെങ്കിലും വിജയമായിരുന്നു.

സേതുവിലൂടെ വിജയ നായകനായി മാറിയ വിക്രം ; ജെമിനി, ദിൽ, ദൂൾ, സാമി എന്നീ വൻ ഹിറ്റുകളിലൂടെ മുൻ നിരയിലേക്ക് കുതിക്കുമ്പോഴാണ് ങ്കർ തന്റെ അടുത്ത ചിത്രമായ അന്യന്റെ പ്രഖ്യാപനം നടത്തിയത്. വിക്രത്തിന്റെ ഏറ്റവും വലിയ വിജയ ചിത്രമായി അന്യൻ. വിക്രമെന്ന താരവും നടനും ഒരേ സമയം ആടി തിമിർത്ത ചിത്രം കൂടിയായിരുന്നു അന്യൻ. 2005 – ൽ തമിഴ് നാട്ടിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായിരുന്നു അന്യൻ. പാൻ സൗത്തിന്ത്യൻ വിജയമെന്ന പതിവ് അന്യനും തിരുത്തിയില്ല. കേരളമടക്കമുള്ള മുഴുവൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും അന്യൻ വൻ വിജയം നേടി.
അന്യന്റെ വിജയ ലഹരിയിലാണ് ഷങ്കർ തന്റെ അടുത്ത ചിത്രമായ ശിവാജി അനൗൺസ് ചെയ്യുന്നത്. സൂപ്പർ സ്റ്റാർ രജനീകാന്ത് ആദ്യമായി ഒരു ഷങ്കർ ചിത്രത്തിൽ. മുതൽവൻ മുതൽ കേട്ട് തുടങ്ങിയ ആ കോംബോ ഒടുവിൽ യാഥാർത്ഥ്യമാകുന്നു …….

(ശേഷം ഭാഗം രണ്ടിൽ)

Leave a Reply
You May Also Like

സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ.ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു സനൂപ് സത്യൻ സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി.രാമചന്ദ്രൻ…

മലയാള സിനിമയിലെ ഒളിച്ച് കടത്തലുകൾ

മലയാള സിനിമയിലെ ഒളിച്ച് കടത്തലുകൾ Faizal Ks മലയാള സിനിമ പിന്തുടർന്ന് വന്നിരുന്ന സാമ്പ്രദായികതകൾ എല്ലാം…

നെറ്റ്ഫ്ലിക്സിന് ബീഫിനെ പേടി, തല്ലുമാലയിലെ ബീഫ് മൊത്തം കന്നടയിലെത്തിയപ്പോൾ മട്ടനായി

നെറ്റ്ഫ്‌ളിക്‌സില്‍ ‘തല്ലുമാല’ എത്തിയതോടെ വിവാദങ്ങളും എത്തി. തല്ലുമാലയുടെ കന്നട പതിപ്പിൽ ബീഫ് എന്നത് വെട്ടി നെറ്ഫ്ലിക്സ്…

ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള സിനിമ ‘ധൂമം’ നാളെ മുതൽ

ധൂമം നാളെ മുതൽ ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ എത്തുന്ന ഹോംബാലെ ഫിലിംസ്…