Shankar Raj Chithara
അമ്മയുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത, രണ്ടാനമ്മയുടെ ക്രൂരതകൾ, ഇരട്ടസഹോദരനെ വേർപിരിയൽ, തുടർന്ന് അച്ഛനെയും വേർപിരിയൽ, ഒടുവിൽ രണ്ടാനമ്മയെ കൊലപ്പെടുത്തി ജുവനൈൽ ഹോമിലേക്കും അവിടെ നിന്ന് ജയിലിലേക്കും. നന്ദു/നന്ദകുമാർ എന്ന സൈക്കോ ജനിച്ചത് ഇങ്ങനെയൊക്കെയാണ്. തന്റേതായ ഒരു “സ്വകാര്യ നരക”മുണ്ടയാൾക്ക്. അവിടെ അയാൾക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നത് മരിച്ചു പോയ അയാളുടെ അമ്മ തന്നെയാണ്.
കാലങ്ങൾക്കിപ്പുറം ആർമി ഉദ്യോഗസ്ഥനായ ഇരട്ട സഹോദരൻ തന്റെ പ്രണയിനിയോടൊപ്പം നന്ദുവിനെ സന്ദർശിക്കുമ്പോൾ തന്റെ സഹോദരൻ വലിയ ഒരപകടത്തിലാണ് പെട്ടിരിക്കുന്നതെന്ന് നന്ദു സങ്കൽപ്പിക്കുന്നു, തുടർന്ന് ആ “അപകടത്തിൽ” നിന്ന് തന്റെ സഹോദരനെ രക്ഷിക്കാൻ അയാൾ മുന്നിട്ടിറങ്ങുന്നു. സഹോദരനായ വിജയകുമാറിന്റെ കാമുകി തേജു തന്നെയാണ് ആ അപകടം. തേജുവിൽ നന്ദു കാണുന്നത് തങ്ങളുടെ രണ്ടാനമ്മയെയാണ്.
നന്ദുവിന്റെ മനസ് ഒരിക്കലും നോർമൽ ആകുന്നില്ല.താളം തെറ്റിയ മനസ് കൂടുതൽ താളം തെറ്റലുകളിലേക്കും അവിടെ നിന്നുള്ള തിരിച്ചു വരവുകളിലൂടെയുമാണ് മുന്നോട്ടു പോകുന്നത്. ഈ വേഷം ഇത്രത്തോളം പൂർണതയോടെ അവതരിപ്പിക്കാൻ കമൽ ഹാസനല്ലാതെ മറ്റൊരു നടനെയും ഇപ്പോഴും സങ്കല്പിക്കാനാവില്ല എന്നതാണ് സത്യം.വിക്രത്തെ പോലുള്ള നടന്മാരുടെ ആരാധകർ ഈ വസ്തുത അംഗീകരിക്കാൻ സാധ്യതയില്ലെങ്കിലും കമൽ ഹാസന്റെ പൂർണതയിലേക്ക് മറ്റു നടന്മാർക്ക് എത്താൻ കഴിയുമോ എന്നത് ഒരു ചോദ്യമാണ്.ശരീരം കൊണ്ടും ശബ്ദം കൊണ്ടും അസാധാരണമായ അഭിനയപ്രകടനം കൊണ്ടും ആ വേഷം മറ്റൊരു തലത്തിലെത്തി.
സൈക്കോ ആയ നന്ദു തന്നെയാണ് ഈ ചിത്രത്തിലെ നായകൻ. വിജയകുമാർ ഉൾപ്പടെ മറ്റുള്ളവരെല്ലാം നന്ദു എന്ന സൂര്യനെ ചുറ്റിയാണ് മുന്നോട്ടു പോകുന്നത്.ഭീകരമായ ക്രിമിനൽ വാസനയുള്ള വ്യക്തിയാണെങ്കിലും തന്റെ സ്വകാര്യ നരകത്തിൽ നിന്ന് പുറത്തെത്തുമ്പോൾ ചെയ്തു കൂട്ടിയ പലതിലും നന്ദു പശ്ചാത്തപിക്കുന്നുണ്ട്. മനോനില ഭീകരമാകുമ്പോൾ ഷർമിലിയെ കൊല്ലേണ്ടി വന്നതിൽ അയാൾ പിന്നീട് കരഞ്ഞു കൊണ്ട് മാപ്പ് ചോദിക്കുന്നുണ്ട്. അതു പോലെ തന്നെ ജയിൽ ചാടുന്നത് തന്നെ താളം തെറ്റിയ തന്റെ മനസിൽ തന്റെ സഹോദരനോടുള്ള സ്നേഹം അധികരിച്ചതിനാലാണ്. മരണത്തിലേക്ക് പോകുന്നതിന് മുമ്പ് തേജു നിരപരാധിയാണെന്ന തിരിച്ചറിവും അയാൾക്ക് ലഭിക്കുന്നുണ്ട്.
ഇറങ്ങിയപ്പോൾ പ്രേക്ഷകർ വേണ്ട വിധം സ്വീകരിച്ചില്ലെങ്കിലും കിൽ ബിൽ പോലുള്ള ചിത്രങ്ങൾക്കൊക്കെ പിൽക്കാലത്ത് പ്രചോദനമായത് ഈ ചിത്രമാണ്(ആളവന്താൻ).സിനിമാസ്വാദകർ തീർച്ചയായും കാണേണ്ട ചിത്രമാണ്, സർവോപരി വിലയിരുത്തേണ്ട വേഷമാണ് നന്ദു എന്ന നന്ദകുമാർ.