കള്ളപ്പണത്തിന്റെ മായാലോകവും രണ്ടു മോഹൻലാൽ സിനിമകളും
Shankar Raj Chithara
ലോകത്തെ ഒട്ടു മിക്കവാറും രാജ്യങ്ങളിൽ ഒരു സമാന്തര സമ്പദ് വ്യവസ്ഥ ഉണ്ട്. അതായത് അതതു രാജ്യങ്ങളിലെ നിയമത്തിനു വിധേയമായ ഔദ്യോഗിക സമ്പദ് വ്യവസ്ഥക്ക് ബദലായി കണക്കിൽപ്പെടാത്ത കള്ളപ്പണത്താൽ നിയന്ത്രിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥ. നിയമവ്യവസ്ഥയുടെ കണ്ണിൽ പെടാതെ സമ്പാദിക്കപ്പെടുകയും, സൂക്ഷിക്കപ്പെടുകയും, ക്രയവിക്രയം ചെയ്യപ്പെടുകയും ചെയ്യപ്പെടുന്ന എന്തും ഈ സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്.നികുതി കുറയ്ക്കാൻ വേണ്ടി വില കുറച്ച് കാണിച്ച് നടത്തുന്ന വസ്തു ഇടപാടുകളിലൂടെ ആൾക്കാരുടെ കൈയിലെത്തുന്ന അധികമായ പണം മുതൽ മയക്കുമരുന്നു കച്ചവടത്തിലൂടെ ലഭിക്കുന്ന പണം വരെ കള്ളപ്പണത്തിന്റെ ഭാഗമാണ്.
സ്വർണവും മയക്കുമരുന്നുമാണ് കള്ളപ്പണത്തിന്റെയും അതു വഴി നിയന്ത്രിക്കപ്പെടുന്ന സമാന്തര സമ്പദ് വ്യവസ്ഥയുടെയും, അതിനുമപ്പുറം അധോലോകങ്ങളുടെയും ഏറ്റവും വലിയ രണ്ടു നെടും തൂണുകൾ. സ്വർണ്ണമാഫിയയും മയക്കുമരുന്ന് മാഫിയയും തമ്മിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഒരു കിടമത്സരം കാലങ്ങളായി തന്നെ നില നിൽക്കുന്നുണ്ട് എന്നത് സൂക്ഷ്മമായി അധോലോകചരിത്രങ്ങൾ പരിശോധിച്ചാൽ മനസിലാകും.കള്ളപ്പണവും അധോലോകപോരാട്ടങ്ങളുമൊക്കെ എന്നും ലോകസിനിമയ്ക്ക് പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു.
അടുത്തിടെ ഇറങ്ങി വൻ വിജയം നേടിയ കന്നഡ ചിത്രം കെ. ജി. എഫും സ്വർണ്ണകള്ളക്കടത്തിനെ തന്നെയാണ് അടിസ്ഥാനമാക്കുന്നത്.പക്ഷെ നേരത്തെ പറഞ്ഞ സ്വർണ്ണ, മയക്കുമരുന്ന് മാഫിയകൾ തമ്മിലുള്ള പോരാട്ടത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ രണ്ടു മലയാളചിത്രങ്ങളുണ്ട്. ഇരുപതാം നൂറ്റാണ്ടും(1987) ലൂസിഫറും(2019). രണ്ടിലും നായകൻ മോഹൻലാലാണ്.ഇറങ്ങിയ കാലഘട്ടവും മറ്റു വ്യത്യാസങ്ങളും മാറ്റി നിർത്തിയാൽ രണ്ടിന്റെയും അടിസ്ഥാനപ്രമേയം ഒന്നു തന്നെയാണ്.
“Narcotics is a dirty business” എന്ന ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തമായ ഡയലോഗ് മോഹൻലാൽ ലൂസിഫറിലും ആവർത്തിക്കുന്നുണ്ട്. ഈയൊരു ഡയലോഗിനപ്പുറം രണ്ടു ചിത്രങ്ങളിലെയും സമാനതകൾ ഒന്നു പരിശോധിക്കാം.ഇരുപതാം നൂറ്റാണ്ടിൽ സാഗർ എന്ന ജാക്കിയും മുഖ്യന്റെ മകനായ ശേഖരൻ കുട്ടിയും അന്തസായി സ്വർണ്ണകള്ളക്കടത്ത് നടത്തി ജീവിക്കുന്നവരാണ്. മുഖ്യന്റെ മകനായ ശേഖരൻ കുട്ടിയുടെ സ്വാധീനം ഉപയോഗിച്ച് ആരെയും കൂസാതെ മുന്നോട്ട് പോകുന്ന ഇവരുടെ സാമ്രാജ്യം വേർപിരിയുന്നത് സ്വർണ്ണത്തേക്കാൾ ലാഭം ലഭിക്കുന്ന മയക്കുമരുന്ന് കച്ചവടത്തിന്റെ പുത്തൻ ഫോർമുലയുമായി ശേഖരൻ കുട്ടിയുടെ അച്ഛന്റെ പഴയ സുഹൃത്ത് കോശി പ്രത്യക്ഷപ്പെടുന്നതോടെയാണ്.
വൻ ലാഭത്തിൽ കൊതി പൂണ്ട ശേഖരൻ കുട്ടി പുതിയ ബിസിനസിൽ കോശിയോടൊപ്പം പങ്കാളിയാകുമ്പോൾ മയക്കുമരുന്ന് ആളെക്കൊല്ലിയാണെന്ന അഭിപ്രായമുള്ള സാഗർ ഏലിയാസ് ജാക്കി തന്റെ പ്രസിദ്ധഡയലോഗും പറഞ്ഞ് ശേഖരൻ കുട്ടിയുമായുള്ള ഇടപാടുകളിൽ നിന്ന് പിന്തിരിയുന്നു. പിന്നീട് ഇവർ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ചിത്രം.
ലൂസിഫർ മൊത്തത്തിൽ ഒരു രാഷ്ട്രീയചിത്രമാണെങ്കിലും ശ്രദ്ധിച്ചു നോക്കിയാൽ അടിസ്ഥാനകഥ ഇരുപതാം നൂറ്റാണ്ടിൽ പറഞ്ഞത് തന്നെയാണെന്ന് മനസിലാക്കാം.മുഖ്യനായ P. K. R ന്റെ മകളുടെ ആദ്യഭർത്താവിനെ ഇല്ലാതാക്കിയതിനു ശേഷം മകൾ പ്രിയദർശിനിയെ വിവാഹം കഴിക്കുന്ന ബോബി എന്ന ബിമൽ നായർ മയക്കുമരുന്ന് മാഫിയയുടെ വക്താവാണ്. രക്ഷകവേഷത്തിൽ അവതരിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയാകട്ടെ സ്വർണമാഫിയയുടെ വക്താവും. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രം. തന്റെ പഴയ ഡയലോഗ് ഇവിടെയും ആവർത്തിക്കുന്ന മോഹൻലാലിന്റെ കഥാപാത്രം തന്നെ ഈ ചിത്രത്തിലും വിജയിക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിൽ മുഖ്യന്റെ മകനാണ് കള്ളക്കടത്തിന്റെ വക്താവെങ്കിൽ ലൂസിഫറിൽ മുഖ്യന്റെ കുടുംബത്തിൽ നുഴഞ്ഞു കയറുകയാണ് മാഫിയകളുടെ വക്താവ്.ഭരണ, രാഷ്ട്രീയതലങ്ങളുടെ ഏറ്റവും ഉന്നതങ്ങളിൽ ഉള്ള സ്വാധീനം അധോലോകത്തിനും മാഫിയകൾക്കും എത്രത്തോളം പ്രധാനമാണെന്ന വസ്തുതയാണ് രണ്ടു ചിത്രങ്ങളും പങ്കു വെയ്ക്കുന്നത്.രണ്ടു ചിത്രങ്ങളിലും നായകന്മാർ പറയുന്ന ന്യായീകരണം കേട്ടാൽ തോന്നുക മയക്കുമരുന്ന് മോശം കള്ളക്കടത്തും, സ്വർണം നല്ല കള്ളക്കടത്തും എന്നാണ്. പക്ഷെ സ്വർണക്കള്ളക്കടത്തിലൂടെ ചലിക്കുന്ന കള്ളപ്പണം കൂടുതലായി ഉപയോഗിക്കപ്പെടുന്നത് തീവ്രവാദം പോലുള്ള കാര്യങ്ങൾക്കാണ്.മയക്കുമരുന്ന് പോലെ തന്നെ സ്വർണക്കടത്തും മനുഷ്യൻ സൃഷ്ടിച്ച നിയമങ്ങൾക്ക് മുന്നിൽ തെറ്റാണെന്നത് സുവ്യക്തം.
എന്തായാലും എക്കാലത്തെയും ഏറ്റവും വലിയ ലഹരിയായ അധികാരത്തെയും അതിന്റെ മറ പറ്റി കൊഴുക്കുന്ന അധോലോകങ്ങളെയും നന്നായി വരച്ചു കാട്ടിയ രണ്ടു ചിത്രങ്ങൾ തന്നെയാണ് ഇരുപതാം നൂറ്റാണ്ടും ലൂസിഫറും.