വാളയാർ കേസ് അന്വേഷിച്ച സോജന്റെ വാക്കുകൾ ഇന്ന് കേള്‍ക്കുമ്പോഴും ഓക്കാനം വരാറുണ്ട്

506

വാളയാർ വിഷയം 24 Newsന് വേണ്ടി റിപ്പോർട്ട് ചെയ്ത Shanoob Meerasahib എഴുതിയത്.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ച, ഡി വൈ എസ് പി സോജന്‍ പെണ്‍കുട്ടികള്‍ ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നു പറഞ്ഞിരുന്നുവെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് പലയിടങ്ങളില്‍ ആളുകള്‍ പ്രതികരിക്കുന്നത് കണ്ടിരുന്നു. ഈ വാർത്ത തെറ്റാണെന്ന കാമ്പയിൻ നടക്കുന്നതായി ഒരു സുഹൃത്ത് പേർസണലി മെസേജ് അയച്ചതും കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

സംഭവം നടന്ന് ഒന്നര വർഷത്തിനു ശേഷം, വാളയാറിലെ അട്ടപള്ളത്ത് പോയി, കുട്ടികളുടെ മാതാപിതാക്കളേയും എല്ലാ അന്വേഷണ ഉദ്യോഗസ്ഥരേയും, പ്രദേശവാസികളേയും, പ്രതികളുടെ ബന്ധുകളേയും, കുട്ടികള്‍ പഠിച്ച സ്കൂളിലെ അധ്യാപകരേയും കണ്ട് സംസാരിച്ച് ശേഷമാണ് വാർത്ത ചെയ്യുന്നത്. കൂട്ടത്തില്‍ കണ്ട ഡി വൈ എസ് പി സോജന്‍റെ ഓഫ് ദ റെക്കോർഡ് സംസാരം ഒരുപാട് ആലോചിച്ച ശേഷമാണ് വാർത്തയായി നല്‍കുന്നത്. ബാലവേശ്യയെന്ന് വിളിച്ച കോടതികള്‍ ഉള്ള കാലത്ത് നേരിനെങ്കില്‍ ഓഫ് ദ റെക്കോർഡ് എന്ന “നെറികേടും” ചെയ്യാമെന്ന സഹപ്രവർത്തകന്‍റെ ഉപദേശം ഇന്നും ചെവിയിലുണ്ട്

“കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നു ആ ബന്ധം. അവർ അങ്ങോട്ട് ആവശ്യപെടുമായിരുന്നു. ആതാണ് സത്യം. ഒരു വിവാദ ബലാത്സംഗ കേസില്‍ പ്രതികളായവരില്‍ പലരും കുടുങ്ങിയവരാണ്. ഈ കേസില്‍ തെളിവില്ല. വാളയാർ കേസിലെ വിചാരണാ കാലയളവില്‍ പ്രതികള്‍ അനുഭവിച്ച ശിക്ഷ മാത്രമാണ് അവർക്ക് ലഭിക്കാവുന്ന ശിക്ഷ”

എന്‍റെ വാക്കുകളോ, ഞാനെഴുതി ചേർത്ത വാക്കുകളോ അല്ല. കേസ് അന്വേഷിച്ച സംഘത്തിന്‍റെ തലവന്‍ ഡി വൈ എസ് പി സോജന്‍റെ വാക്കുകളാണ്. ആ ഓഡിയോ റെക്കോർഡ് ഇന്ന് കേള്‍ക്കുമ്പോഴും ഓക്കാനം വരാറുണ്ട്. കൂട്ടത്തില്‍ കേസ് എല്‍പിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറില്‍ വിശ്വാസമില്ലെന്നും ടിയാന്‍ പറയുന്നുണ്ട്. കേസേറ്റെടുക്കാന്‍ താല്‍പര്യം ഇല്ലെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ പറയുന്ന റെക്കോർഡും കയ്യിലുണ്ട്.

ഇനിയാണ് കാര്യം, 9 ഉം 12 ഉം വയസുകാരികളായ കുട്ടികള്‍ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന് ചിന്തിക്കുന്ന ഒരാള്‍ അന്വേഷിച്ച കേസില്‍ ഇതിനേക്കാള്‍ എന്ത് വിധിയാണ് നമ്മള്‍ കോടതികളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്. ഒരുമിച്ച് നീങ്ങേണ്ട് പ്രോസിക്യൂഷന് വിഘടിച്ച് തമ്മില്‍ തല്ലിയ കേസില്‍ ഇതിനപ്പുറം പ്രതീക്ഷിക്കണോ ?

പക്ഷേ ഇപ്പോഴും റിപ്പോർട്ടിങ്ങിനിടയില്‍ കേട്ട ഒരുപാട് വാചകങ്ങള്‍ മനസിലുണ്ട്. നിരന്തരം പ്രദേശത്ത് സ്ലട്ട് ഷേമിംഗിനും വിധേയമായിട്ടുണ്ട് മൂത്ത കൂട്ടി എന്ന് പഠിപ്പിച്ച ടീച്ചർ പറഞ്ഞ വാക്കുകള്‍. ക്ലാസില്‍ പലപ്പോഴും ഇരിക്കുമ്പോള്‍ വേദന തോന്നുന്നതിനാല്‍ കുട്ടി എഴുന്നേറ്റ് നിന്നിരുന്നു എന്ന വാക്കുകള്‍. ഇളയ കുട്ടി മരിക്കുന്നതിന്‍റെ തലേദിവസം ടീച്ചറുടെ കയ്യില്‍ നിന്നും ബാലരാമ വാങ്ങി ഇതിലെ കഥ തിങ്കളാഴ്ച അസംബ്ലിയില്‍ ഞാന്‍ വായിക്കും എന്ന് പറഞ്ഞ മുഖം. സഹപാഠികളുടെ ഓർമ്മകൾ. ആങ്ങനെ ഒരുപാട് ഒരുപാട്

എവിടെയാണ് തെറ്റിയത്. കുട്ടികളെ പ്രതികള്‍ ചൂഷണം നേരില്‍ കണ്ടെന്ന് തുറന്ന സമ്മതിക്കുന്ന അമ്മ അത് പോലീസില്‍ പറയാതിരുന്നതിന്‍റെ കാരണം അന്ന് അത്ഭുതമായിരുന്നു. പക്ഷെ പിന്നിട് പൊതുബോധസൃഷ്ടികള്‍ക്കിടയില്‍ ആരും അങ്ങനെയെ ചെയ്തു പോകു. അന്ന് ഒരുപക്ഷെ മാതാപിതാക്കള്‍ പക്വത കാണിച്ചിരുന്നെങ്കില്‍, ആദ്യത്തെ മരണം അന്വേഷിച്ച് പോലീസ് കാര്യക്ഷമത കാണിച്ചിരുന്നുവെങ്കില്‍. പ്രദേശത്തെ ജീവിത നിലവാരം അളക്കാനും പരിഹരിക്കാനും സ്റ്റേറ്റിനു കഴിവുണ്ടായിരുന്നുവെങ്കില്‍. സദാചാര പൊതുബോധത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ ആ അന്വേഷണോദ്യോഗസ്ഥന് സാധിച്ചിരുന്നുവെങ്കില്‍. കുടുംബം എന്ന ഇന്സ്റ്റിറ്റ്യൂഷന്‍ ഇത്രയും റിജിഡായിരുന്നില്ലെങ്കില്‍. രണ്ട് മരണം ഉണ്ടാകില്ലായിരുന്നു. കുറഞ്ഞത് പ്രതികള്‍ ശിക്ഷിക്കപെടുമായിരുന്നു. ഇന്നും എന്നെ അലട്ടുന്നത് കുട്ടികള്‍ പീഡിപ്പിക്കപെട്ടതിനേക്കാള്‍ ( പോലീസ് റിപ്പോർട്ട് ശരിയാണെങ്കില്‍ ) അവർ ആത്മഹത്യ ചെയ്തു എന്നതാണ്. രണ്ട് മരണം സംഭവിച്ചു എന്നതാണ്. ആത്മഹത്യ ആണെങ്കില്‍ പോലും രണ്ട് കൊലപാതകം സംഭവിച്ചു എന്നതാണ്

വാളയാറിലേത് സൊസൈറ്റിയും സ്റ്റേറ്റും sponcer ചെയ്ത കൊലപാതകങ്ങളാണ്