ഷാനു കോഴിക്കോടൻ

(മുഴുവൻ സ്പോയിലറാണ്)

“പലപ്പോഴും നമ്മൾ അറിയാത്ത ആളുകൾക്ക് നമ്മുടെ ജീവിതത്തിന്റെ ഫ്രണ്ട് സീറ്റിൽ തന്നെ ഇടം കൊടുക്കേണ്ടി വരും”
മൂന്നാറിലേക്കുള്ള യാത്രക്കിടയിൽ മാധ്യമ പ്രവർത്തകയായ ജെന്നി ജോസഫ് തൻറെ കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന പെൺകുട്ടിയോട് വളരെ കാഷ്വൽ ആയി പറയുന്ന വാക്കുകളായിരുന്നു അത്.അത് കേൾക്കുമ്പോൾ..തന്റെ ജീവിതത്തിൽ തീർത്തും അവിചാരിതമായി ഇടം കൊടുക്കേണ്ടി വന്ന ഒരാളെ കുറച്ചോർത്ത് സങ്കടവും സന്തോഷവും സമം ചേർന്ന അതിശയിപ്പിക്കുന്ന സമ്മിശ്ര ഭാവങ്ങൾ അവളുടെ മുഖത്ത് അനാവൃതമാകുകയും ചെയ്യുന്നു.ഈ സിനിമ കാണാൻ പ്രേരിപ്പിച്ചത് രണ്ട് ഘടകങ്ങൾ ആയിരുന്നു.

ഒന്ന് : 19(1)a ( ഇന്ത്യൻ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആർട്ടിക്കിൾ ) എന്ന സിനിമയുടെ പേര്.

രണ്ട് : വളരെ സെലക്ടീവായി സിനിമകൾ ചെയ്യുന്ന ഇഷ്ട നടിയായ നിത്യ മേനോൻ ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ചെയ്യുന്ന സിനിമ.കൂടുതലും കൊമെഷ്യൽ സിനിമകളിൽ കളർഫുൾ ആയി കണ്ടിട്ടുള്ള നിത്യ. സത്യം പറഞ്ഞാൽ തികച്ചും അപരിചിതമായ ഷേഡ് ഉള്ള കഥാപാത്രവുമായി വന്നു പ്രകടനത്തിലൂടെ ഞെട്ടിച്ചു കളഞ്ഞു.

മനുഷ്യരേക്കാൾ കൂടുതൽ ടെലിവിഷൻ സംസാരിക്കുന്ന ആ വീട്ടിൽ ആകെ മൂന്നംഗങ്ങൾ ആണുള്ളത്.തന്റെ കാരണം കൊണ്ടാണ് ഭാര്യ മരിച്ചതെന്ന് വിശ്വസിച്ചു ജീവിതം മടുത്തു പോയ കാത്തിരിക്കാൻ മറ്റാരുമില്ലാതെ കൊത്തൻ കല്ല് കളിച്ചു വിരസത മാറ്റാൻ കഷ്ടപ്പെടുന്ന ഗംഗേട്ടൻ. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ജോലിയും പഠനവും ഉപേക്ഷിച്ച് കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന അച്ഛന്റെ ഫോട്ടോ സ്റ്റാറ്റ് മെഷീനിലും എപ്പോ നിന്ന് പോകുമെന്ന് ഉറപ്പില്ലാത്ത ആക്റ്റിവ സ്‌കൂട്ടറിലും ജീവിതം തീർന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഗംഗേട്ടന്റെ മകൾ.കുക്ക് ചെയ്യാൻ അറിയാത്ത മകൾ ഉണ്ടാക്കിയെടുക്കുന്ന പരിതാപകരമായ കറിയിൽ നിന്ന് മിച്ചം കിട്ടുന്നത് കൊണ്ട് ജീവിച്ചു പോകുന്ന പൂച്ച എന്നിവരാണ് ആ മൂന്ന് പേര്.ആ വീട്ടിൽ സംഭവിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ നഷ്ടം ഭാര്യയുടെ മരണത്തിലൂടെ സംഭവിച്ചു കഴിഞ്ഞു എന്ന് രണ്ട് പേരും കരുതുന്നതിനാലാകാം.അവരുടെ ജീവിതം യാന്ത്രികമായിപോയതും നിസ്സംഗഭാവം മാത്രം എല്ലായ്പോഴും മുഖത്ത് നിഴലിച്ചു നിൽക്കുന്നതും.

ഗംഗേട്ടനിപ്പോ രാത്രിയും പകലുമൊക്കെ ഒരു പോലെയാണ്. അത് കൊണ്ട് തന്നെ ഇരുട്ടോ രാത്രി വൈകിയും ഇരുട്ടിലൂടെ ഒറ്റക്ക് യാത്ര ചെയ്ത് വരുന്ന മകളോ അയാളെ അലോസരപ്പെടുത്താറില്ല.അയാൾ അവൾക്ക് വേണ്ടി കാത്തിരിക്കാറുമില്ല.കുറച്ചു ദിവസങ്ങളായി മകളും അച്ഛനെ പോലെ അസ്വസ്ഥയാണ്. ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വേണ്ടി കടയിൽ വന്ന അല്പ നേരത്തെ മാത്രം പരിചയമുള്ള എത്ര വൈകിയാലും തിരിച്ചു വരുമെന്ന് പറഞ്ഞു പോയ ഒരാൾ അവളുടെ കാത്തിരിപ്പിനെ നിരർത്ഥകമാക്കി ക്കൊണ്ട് കൊല്ലപ്പെട്ടു പോയിരിക്കുന്നു.ഫോട്ടോസ്റ്റാറ്റ് വാങ്ങാൻ എത്ര വൈകിയാലും തിരിച്ചു വരുമെന്ന് ഉറപ്പ് പറഞ്ഞു പോയ അയാളെ കാത്തിരുന്ന പോലെ അവൾക്ക് മറ്റാരെയും കാത്തിരിക്കേണ്ടി വന്നിട്ടില്ല. ആ കാത്തിരിപ്പിനും ഇപ്പൊ അർത്ഥമില്ലാതിയിരിക്കുന്നു.കാത്തിരിപ്പ് മുറിഞ്ഞു പോയതിന്റെ ശൂന്യത അവളെ ആട്ടിയുലക്കുകയും മുറിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ഏൽപ്പിച്ചിട്ടു പോയ കുറിപ്പുകളിൽ നിന്നും അയാളെ കൂടുതൽ വായിച്ചറിഞ്ഞറിയുന്തോറും അവളുടെ മനസ്സ് കൂടുതൽ കൂടുതൽ അസ്വസ്ഥമാകുകയും അവൾക്ക് ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. അയാൾ തൻറെ ജീവിതത്തിൽ അങ്ങനെ വെറുതേ വന്നു പോയതല്ല എന്നും അയാൾ തന്നോട് സംസാരിച്ച കുറഞ്ഞ വാക്കുകളിലെ ഓരോ അക്ഷരങ്ങൾക്ക് പോലും വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് അവളിപ്പോ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

അവൾക്കാ നാട്ടിൽ ആകെയുള്ള ഉറ്റ സുഹൃത്തും ആത്മ മിത്രവും തന്നെക്കാൾ കൂടുതൽ തന്നെ ശ്രദ്ധിക്കുന്ന ഫാത്തിമയാണ്. (ഇന്ദു ആഷാഢം എന്ന അഭിനേത്രി ഫാത്തിമ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി സ്‌ക്രീനിലേക്ക് പകർത്തി വെച്ചിരിക്കുന്നു എന്ന കാര്യം പറയാതിരിക്കാൻ വയ്യ ) ആ ഫാത്തിമയോട് പോലും അയാളെ കുറിച്ചും അയാൾ തന്നെ ഏൽപ്പിച്ചിട്ടു പോയ ചുമതലകളെ കുറിച്ചും തുറന്നു സംസാരിക്കാൻ അവൾ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. അങ്ങനെ തന്നിൽ അർപ്പിക്കപ്പെട്ട ഭാരിച്ച ഉത്തരവാദിത്തം എങ്ങനെ ചെയ്തു തീർക്കുമെന്ന അന്വേഷണത്തിനിടയിലാണ് തുടക്കത്തിൽ പറഞ്ഞ അപരിചിതയായ മാധ്യമ പ്രവർത്തകക്കൊപ്പം ഫ്രണ്ട് സീറ്റിൽ ഇരുന്ന് മൂന്നാർ യാത്രയുടെ ഭാഗമാകുന്നത്.

അവരിപ്പോൾ കൊല്ലപ്പെട്ട ഗൗരിയുടെ സഹോദരി സരോജനിയുടെ അടുത്തേക്കുള്ള യാത്രയിലാണ്. ഗൗരിയുടെ വീട്ടിൽ എത്തി സരോജനിയെ കണ്ടിട്ടും തന്നെ ഏൽപ്പിച്ചു പോയ ഗൗരിയുടെ അവസാന കഥ കൈ മാറണോ വേണ്ടയോ എന്ന ആശങ്കയിൽ ആണവൾ.കുറച്ച് നേരം മൗനമായി ഇരുന്നതിന് ശേഷം അവൾ ഗൗരിയുടെ സാന്നിധ്യമുണ്ടായിരുന്ന വീടും പരിസരവും ചുറ്റി കാണാൻ പുറത്തേക്കിറങ്ങുന്നു. ചിത്രത്തിലെ ഏറ്റവും മനോഹരമെന്ന് പറയാവുന്ന രംഗം പിറക്കുന്നത് പിന്നീട് ആ മുറ്റത്ത് വെച്ചാണ്. സരോജനിക്ക് അവളെ അറിയില്ലെങ്കിലും അവൾക്ക് സരോജനിയെ നന്നായി അറിയാം (ഫോട്ടോഷോപ്പ് കടയിലെ കമ്പ്യൂട്ടർ സ്‌ക്രീനിൽ ഗൗരി തൻറെ അക്കയെ കുറിച്ചെഴുതിയ ആർട്ടിക്കിൾ വായിക്കുന്നത് ഇടക്ക് കാണിച്ചു പോകുന്നുണ്ട് ) ഗൗരിയിലൂടെ താനറിഞ്ഞ സരോജനിക്ക് തൻറെ മനസ്സിലുള്ള സ്നേഹം മുഴുവൻ പകർന്നു നൽകാൻ അവൾക്ക് ഒരു ആലിംഗനം മാത്രം മതിയായിരുന്നു. ചില ആലിംഗനങ്ങൾ കണ്ട് നിൽക്കുന്നവരുടെ പോലും ഈറനണിയിക്കും. ആ പെൺകുട്ടി സരോജനിക്ക് കൊടുത്തതും അത്തരമൊരു ആലിംഗനമായിരുന്നു.

തിരിച്ചു സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ശേഷം കാണുന്നത് ഫാത്തിമയുടെ കല്യാണ തലേന്ന് ഇഷ്ടമില്ലാത്ത കല്യാണത്തിൽ നിന്നും അവൾ ഫാത്തിമയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതാണ്. അത് വരെ മറ്റുള്ളവർ പ്രതീക്ഷിക്കുന്ന പോലെ മാത്രം ജീവിച്ചിരുന്ന അവൾക്ക് കുറഞ്ഞ ദിവസങ്ങളിൽ ഇങ്ങനെ ഒരു മാറ്റമുണ്ടായത് ഗൗരിയെ അറിഞ്ഞ ശേഷമാണ്. കൂട്ടുകാരിയുടെ പ്രേരണയിൽ വീഴാതെ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ എളുപ്പം സ്വന്തം സ്വപ്നങ്ങളെ മാറ്റി നിർത്തി കല്യാണം കഴിക്കുന്നതാണ് എന്ന് ഫാത്തിമ പറഞ്ഞു വെക്കുന്നു.

ഉള്ളിൽ ഇരമ്പുന്ന കടൽ മറച്ചു പിടിച്ചു കൊണ്ട് മറ്റുള്ളവരുടെ മുൻപിൽ ഒരു സംശയവും തോന്നാത്ത വിധം സന്തോഷമഭിനയിക്കുന്ന ഫാത്തിമ ഒടുവിൽ ഒരു ആശ്വാസത്തിനായി കൂട്ടുകാരിയുടെ ചുമലിലേക്ക് തല ചായ്ച്ചു വെക്കുമ്പോൾ ഈ കാലത്തിനിടക്കിത് വരെ സ്വന്തം ഇഷ്ടപ്രകാരമാല്ലാതെ വിവാഹം കഴിക്കേണ്ടി വന്ന ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാൻ കഴിയാതെ പോയ ലക്ഷോപലക്ഷം പെൺകുട്ടികളുടെ മുഖങ്ങൾ നമുക്ക് മുൻപിലങ്ങനെ തെളിഞ്ഞു വരും.

ശേഷം ഫാത്തിമ ചുമരിൽ വരച്ചിട്ട കൂട്ടിൽ നിന്ന് കിളി പറന്നു പോകുന്ന ചിത്രത്തിലേക്ക് അവൾ നിസ്സംഗതയോടെ നോക്കി നിൽക്കുന്നത് ഗാന പശ്ചാത്തലത്തിന്റെ അകമ്പടിയോടെ ചേർത്ത് വെക്കുമ്പോൾ ആ സീൻ അത്രത്തോളം ഭംഗിയുള്ളതും ആഴമുള്ളതും ആയി മാറുകയും ചെയ്യുന്നു.
ഇന്ത്യമഹാരാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് ജീവൻ നഷ്ടപ്പെടുകയും വിടപറഞ്ഞു പോയതിനു ശേഷം നമ്മൾ തിരിച്ചറിയുകയും ചെയ്ത ഒരുപാട് പേരുണ്ട്.പേര് പരാമർശിക്കപ്പെടാത്ത ആ പെൺകുട്ടിക്ക് ഗൗരി ശങ്കറും അങ്ങനെ ഒരാളാണ്. മരണപ്പെട്ടു പോയതിനു ശേഷം മാത്രം തൻറെ ജീവിതത്തിൽ വഴിത്തിരവായി വന്ന ആൾ.

ചുറ്റിലുമുള്ള ഒരാളെയും വിശ്വാസത്തിൽ എടുക്കാതെ അയാളോടുള്ള മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു അവൾ ഭംഗിയായി ചെയ്തു തീർക്കുന്നു.ഒടുക്കം അവൾ ഒരിക്കലും ഭയപ്പെട്ടിട്ടില്ലാത്ത ഇരുട്ടിന്റെ കൂട്ട് പിടിച്ച് ഗൗരിയെ വെടി വെച്ച് വീഴ്ത്തുന്നതിന് മുൻപ് കേട്ട അതേ ബൈക്കിന്റെ ശബ്ദം അവളെയും തേടി എത്തുന്നു.അവർ അവൾക്ക് നേരെയും വെടി ഉതിർത്തു കാണുമോ?
അറിയില്ല..!
വെടി ഉതിർത്ത സമയത്ത്
ഏൽപ്പിച്ച ജോലി ചെയ്ത തീർത്ത ഒരു വിജയിയുടെ സന്തോഷത്തോടെ അവസാന നിമിഷം ഗൗരി ചിരിച്ചിരുന്ന അതേ ചിരി അവളും ചിരിച്ചു കാണുമോ?
അറിയില്ല..!
“ഞാൻ ചെയ്ത് തീർക്കേണ്ടത് ചെയ്ത് തീർത്തിരിക്കുന്നു.എന്റെ അക്ഷരങ്ങൾ നിങ്ങളോട് സംസാരിക്കും.
എന്റെ ജീവൻ അതിനേക്കാൾ വലുതല്ല”
എന്ന ഗൗരിയുടെ അവസാന മെസേജ് അവളെയും ആവാഹിച്ചിട്ടുണ്ടെങ്കിൽ അവളും ചിരിച്ചു കാണണം.
എന്നാലും…
ആരായിരിക്കും ഘാതകർ.?
സ്വതസിദ്ധമായ രീതിയിൽ തന്റെ രാഷ്ട്രീയം എഴുതുന്ന ഗൗരിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ആനന്ദ് ആണ്. ഗൗരിയുടെ വീട് ആക്രമിക്കപ്പെട്ടതും അനന്ദുമൊന്നിച്ചു പുറത്ത് പോയപ്പോഴാണ്.
ഒറിജിനൽ കോപ്പി കൈ മാറാൻ വന്ന പെൺകുട്ടിയെ ബാൽക്കണിയുടെ മുകളിൽ നിന്ന് നോക്കി കണ്ടതും ആനന്ദ് മാത്രമാണ്.

അന്വേഷണോദ്യോഗസ്ഥനായ ഇസ്മായിൽ ഇബ്രാഹിം വായിച്ചിട്ടുള്ള ക്രൈം ത്രില്ലറുകളിൽ എല്ലാം കുറ്റം ചെയ്തിട്ടുള്ളത് ഇരയുടെ ഇമ്മീഡിയേറ്റ് സർക്കിളിൽ ഉള്ളവരാണ്.അങ്ങിനെ ആണെങ്കിൽ ഗൗരിയുടെ രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്ത ആനന്ദ് എന്തിനിത് ചെയ്യണമെന്ന ചോദ്യം വീണ്ടും ബാക്കി നിൽക്കുന്നു.
ഒരു പക്ഷേ…! അയാൾ പിന്തുടരുന്ന പ്രായോഗിക രാഷ്ട്രീയം എന്ന നിവൃത്തികേട് മറ്റുള്ളവരെ പിണക്കാതിരിക്കാൻ അയാളെക്കൊണ്ട് ചെയ്യിക്കുന്നതുമാകാം..!

എന്തായാലും ഇങ്ങനെ ഒരു വേഷത്തിലേക്ക് നിത്യ മേനോൻ എന്ന ഓപ്ഷൻ എടുത്ത പുതുസംവിധായകക്ക് ഒട്ടും തെറ്റിയിട്ടില്ല തന്നെ.വളരെ പതിയെ നീങ്ങുന്ന സിനിമയായത് കൊണ്ട് എല്ലാവർക്കും ഇഷ്ടമാകാനുള്ള സാധ്യതയില്ല.. പക്ഷേ..!ഇന്ദു വി.എസ് സംവിധായക തൻറെ പേര് മലയാളം ഫിലിം ഇൻഡസ്ട്രിയൽ വളരെ കൃത്യമായി തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് നിസ്സംശയം പറയാം.!

Leave a Reply
You May Also Like

ബഡായി ആര്യയുടെ ഗ്ലാമർ ചിത്രങ്ങൾ

ആര്യ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ്. ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്ക്…

ഭൂമിയെ മുറിച്ച് സമയമേഖലകള്‍ ഉണ്ടായ കഥ

സമയമേഖലകളെക്കുറിച്ച് രസകരവും വിജ്ഞാനപ്രദവുമായ 10 വിശേഷങ്ങള്‍

ഓടുന്ന കാറിന്റെ ടയറുകള്‍ മാറ്റാന്‍ പറ്റുമോ ???

പ്രോഹിബിറ്റട് ടാലെന്റ്‌റ് എന്ന് പേരിട്ടിട്ടുള്ള ആറു മിനിട്ട് നീളമുള്ള തികച്ചും അപകടകരമായ ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് സൗദി പൌരനായ ഖാലീദ് അല്‍ ഹുമൈദാന്‍ ആണ്. ഈ സാഹസിക വീഡിയോ കാണാന്‍ മറക്കരുത് …

ലോകാവസാനം നിങ്ങള്‍ കരുതുന്നതിനെക്കാളും അടുത്തെന്ന് ശാസ്ത്രലോകം; ഏതു നിമിഷവും തകരാം !

ലോകാവസാനം നിങ്ങള്‍ കരുതുന്നതിനെക്കാളും അടുത്തെത്തിക്കഴിഞ്ഞെന്നും ഏതു നിമിഷവും പ്രപഞ്ചം നശിക്കാമെന്നും പറഞ്ഞു കൊണ്ട് ശാസ്ത്രലോകം രംഗത്തെത്തി. ഭൂമിയില്‍ അഹങ്കരിച്ചു നടക്കുന്ന മനുഷ്യരും മറ്റു ജീവജാലങ്ങളും കടലും പര്‍വ്വതങ്ങളും കൂറ്റന്‍ കെട്ടിടങ്ങളും ഉള്‍പ്പടെ അത് പോലെ മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും തകര്‍ന്നടിയുവാനുള്ള പ്രവര്‍ത്തി പ്രപഞ്ചത്തിന്റെ ഏതോ കോണില്‍ നിന്നും ആരംഭിച്ചു കഴിഞ്ഞതായി സതേണ്‍ ഡെന്‍മാര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു