Shanu Kozhikoden
ഒരു നടന്റെ ഏറ്റവും വലിയ ഭാഗ്യമെന്താണെന്ന് വെച്ചാൽ തന്നിലെ നടനെ പൂർണ്ണമായി എക്സ്പ്ലോർ ചെയ്യാൻ പറ്റിയ ഒരു വേഷം കിട്ടുക എന്നത് തന്നെയാണ്. “അപ്പൻ” എന്ന സിനിമയിലെ ഇട്ടിച്ചനിലൂടെ അലൻസിയർ ലോപ്പസ് എന്ന നടന് അങ്ങനെ ഒരു ഗംഭീരവേഷം ലഭിച്ചിരിക്കുന്നു. ഒറ്റക്കിടക്കയിൽ നിന്നൊന്നെഴുന്നേൽക്കുക പോലും ചെയ്യാതെ അയാൾ തന്നിലെ നടനെ പൂർണ്ണമായി തന്നെ തുറന്ന് വിട്ടിരിക്കുന്നു. സ്ത്രീ ലംബടനും,ക്രൂരനുമായ ഇട്ടിച്ചൻ.അയാളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരെല്ലാം അയാളുടെ മരണം ആഗ്രഹിക്കുന്നുണ്ട്.ഇത്രയും ആഴത്തിൽ നെഗറ്റീവ് ഷേഡ് മാത്രമുള്ള ഒരു കഥാപാത്രം മുൻപ് എപ്പോഴെങ്കിലും മലയാളം സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്.സിനിമയിലേക്ക് വരുമ്പോൾ പ്രകടനത്തിലൂടെ ഞെട്ടിക്കുന്നത് ടൈറ്റിൽ കഥാപാത്രമായ അലൻസിയറിന്റെ “ഇട്ടിച്ചൻ” മാത്രമൊന്നുമല്ല.വന്നു പോയ എല്ലാവരും തന്നെ തങ്ങളുടെ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ കൃത്യമായി രെജിസ്റ്റർ ചെയ്തു കൊണ്ടാണ് ഇറങ്ങി പോകുന്നത്.

ദുൽഖർ സൽമാന്റെ ആദ്യ സിനിമയായ ആയ “സെക്കന്റ്ഡ് ഷോ” യിലെ കുരുടിയെ ഓർക്കുന്നില്ലേ?
കുരുടി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച സണ്ണി വെയിനിന് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും പിന്നീട് മറ്റൊരു വെഷത്തിലൂടെയും അത്ര തന്നെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല എന്നത് ഒരു നഗ്ന സത്യമാണ്.ഇടക്ക് പല സിനിമകളിലും സ്വാതന്ത്ര്യമായി ചെയ്യേണ്ട ലീഡിങ് റോൾ കിട്ടിയിരുന്നു എങ്കിലും ഒരു നടൻ എന്ന നിലയിൽ അയാളുടെ ഗ്രാഫ് താഴേക്ക് പോകുകയാണോ എന്ന് പ്രേക്ഷകരിൽ സംശയം ജനിപ്പിച്ചു കൊണ്ട് പാടെ നിരാശപെടുത്തുകയായിരുന്നു അതെല്ലാം.എന്നാൽ അപ്പനിലെ ഞ്ഞൂഞ്ഞിലൂടെ സണ്ണി വെയിൻ എന്ന നടൻ തന്റെ എല്ലാ പരിമിതികളേയും മറി കടന്ന് ശക്തമായി തിരിച്ചു വന്നു കഴിഞ്ഞിരിക്കുന്നു.സണ്ണി വെയിനിന്റെതായി സ്ഥിരമായി കാണുന്ന പല മാനറിസിങ്ങളും ഞ്ഞൂഞ്ഞിൽ പ്രകടമാകാതിരിക്കാനും കഥാപാത്രമായി മാറാനും അയാൾ നന്നായി അധ്വാനിച്ചിട്ടുണ്ട് എന്നും അതിന്റെ ഫലമായി “ഞ്ഞൂഞ്” എന്ന കഥാപാത്രം അയാളുടെ കരിയർ ബെസ്റ്റ് ആയി മാറി കഴിഞ്ഞിരിക്കുന്നു എന്നും നിസ്സംശയം പറയാം.
മറ്റൊരു സന്തോഷമുള്ള കാര്യം, പതിനഞ്ചു വർഷത്തോളമായി മലയാളം ഇന്റസ്ട്രിയിൽ ഉള്ള അനന്യക്ക് ആദ്യമായി നല്ല ഡെപ്തുള്ള വേഷം ലഭിച്ചു എന്നതാണ്. ഞ്ഞുഞ്ഞിന്റെ ഭാര്യ റോസിയുടെ മാനസിക സംഘർഷങ്ങൾ അനന്യ വളരെ നിസ്സാരമായി പകർത്തി വെക്കുകയും ഏറെ മികച്ചതാക്കുകയും ചെയ്തു.
കുട്ടിയമ്മയായി വന്ന പോളിച്ചേച്ചി, മോളി കുട്ടിയായി വന്ന ഗ്രേസ് ആന്റണി, വർഗീസ് ആയി വന്ന അനിൽ.കെ.ശിവ റാം, ഷീലയായി വന്ന രാധിക രാധാകൃഷ്ണൻ അങ്ങനെ മുഴുവനും കുറച്ചുമായി സ്‌ക്രീനിൽ വന്നു പോയ ആരെയും കുറച്ചു പറയാൻ പറ്റാത്ത മിന്നുന്ന പ്രകടനങ്ങൾ.അതിനിടക്ക് ഈ കൂട്ടത്തിൽ ഒന്നും പെടാത്ത മുൻപൊരിക്കലും എവിടേയും കണ്ടിട്ടില്ലാത്ത ഒരാൾ ഒരൊറ്റ സീനിൽ മാത്രം വന്നു ഞെട്ടിച്ചു പൊയ്ക്കളയുന്നുമുണ്ട്.
“ബാലൻ മാഷ് “ആയി വന്ന പേരും പോലും അറിയാത്ത ഒരു നടൻ അധികം ദൈര്ഘ്യമില്ലാത്ത തൻറെ ഒരു സീൻ പോലും അവിസ്മരണീയമാക്കി വെക്കുന്നിടത്താണ് പിന്നണിയിൽ പ്രവർത്തിച്ചവർ കാസ്റ്റിങ്ങിൽ ശ്രദ്ധച്ച കണിശത കൃത്യമായി മനസ്സിലാകുക.ഇനി സിനിമയുടെ ആകെ കാഴ്ചയിലേക്ക് വന്നാൽ തീവ്രമല്ലെന്ന് തോന്നുന്ന പശ്ചാത്തല സംഗീതം പോലും നിങ്ങളുടെ മനസ്സിനെ ഭയപെടുത്തുകയും വന്നു പോകുന്ന ഓരോരുത്തരും നിങ്ങളെ അലോസരപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യും.അതെല്ലാം അങ്ങനെതന്നെ അനുഭവിച്ചറിയേണ്ടത് കൊണ്ട് സിനിമയുടെ വിശദമായ പ്ലോട്ടിലേക്ക് കടക്കുന്നില്ല.നിങ്ങൾ സിനിമ കാണുന്ന ഒരാളാണ് എങ്കിൽ ഈ സിനിമ കാണുക.ഇത് കാണേണ്ട,.കണ്ടാൽ ഒരു തരത്തിലും നഷ്ടം വരാത്ത ഒരു സിനിമയാണ്.നന്ദി ഡയരക്ടർ മജു.മനോഹരമായ ഒരു ചിത്രം സമ്മാനിച്ചതിന്.❤