കോവിഡ് 19 വൈറസ് പോലെ അല്ലെങ്കിൽ അതിനേക്കാൾ പ്രഹരശേഷിയേറിയ അനേകം കോടി വൈറസുകൾ ഈ ഗോളത്തിൽ പലയിടത്തുമായി ബൂട്ട് ചെയ്യാതെ ചത്തത് പോൽ കിടക്കുന്നുണ്ട്

0
228
Shanu mullappally
ഗ്രെറ്റ് ഫിൽറ്റർ
പ്രപഞ്ചത്തിന്റെ മൊത്തം പ്രായത്തിന്റെ മൂന്നിലൊന്ന് സമയത്തിലാണ് നമ്മുടെ ഭൂമിയുടെ ജനനം..
അതായത് ഭൂമി എന്ന ഗോളം ജനിച്ചിട്ട് 450 കോടി വർഷമായി.ഈ ഭൂമിയിൽ ജീവന്റെ തുടിപ്പുണ്ടായിട്ട് 350 കോടി വർഷമായി.അങ്ങനെയുള്ള ജീവിവർഗ്ഗങ്ങളിൽ നിന്നും മനുഷ്യൻ എന്ന ജീവിയുണ്ടായിട്ട് ഒരു മൂന്ന് ലക്ഷം വർഷവുമായി.നമ്മളെപോലുള്ള ഒരു ഇന്റലിജെന്റ് സിവിലൈസേഷൻ ഇവിടെ ഉണ്ടായിട്ട് വെറും 200 വർഷം മാത്രമേ ആയിട്ടുള്ളു.ആസ്ട്രലോപിത്തേക്കസെന്ന സ്പീഷ്യസിൽ നിന്നും ആവിർഭവിച്ച ഹോമോ ഹബിലാസ്‌ എന്ന ഒരു ജനുസ്സ് രൂപം കൊടുത്ത ഹോമിനിഡ് കുടുംബത്തിലെ ഹോമോ എന്നൊരു താവഴിയിൽ ഇനി അവശേഷിക്കുന്ന ഒരേയൊരു ജീവിവർഗ്ഗമാണ് ഹോമോ സാപ്പിയൻസ് എന്ന ഓമനപേരിൽ അറിയപ്പെടുന്ന നമ്മൾ.നമുക്ക് മുൻപും ഒരുപാട് സ്പീഷ്യസ്‌കൾ ഇവിടെ ജീവിച്ചു മരിച്ചിട്ടുണ്ട്. ഡെസിനോവ ഹോമിനിൻ, ഹോമോ ആന്റിസെസ്സർ, ഹോമോ സെപ്രൻസിസ്‌, ഹോമോ ഇറക്റ്റസ്, ഹോമോ എർഗസ്റ്റെർ, ഹോമോ ഫ്ലോറൻസിസ്‌, ഹോമോ ഗോട്ടൻജെൻസിസ്‌, ഹോമോ ഹാബിലിസ്‌, ഹോമോ ഹെയ്ഡൽബെർജിൻസ്‌, ഹോമോ നിയാണ്ടർത്താലെൻസിസ്‌, ഹോമോസാപ്പിയൻസ് ഇഡൽടു.. മുതലായ മനുഷ്യ വർഗ്ഗങ്ങൾ ഇവിടെ വംശനാശം സംഭവിച്ചു ഒടുങ്ങിയിട്ടുണ്ട്.ഫോസിൽ ലഭിച്ച സ്പീഷ്യസ്കളുടെ വിവരങ്ങൾ മാത്രമേ നമുക്കറിയുകയുള്ളൂ.ഫോസിൽ ലഭിക്കാത്ത എത്രയോ മനുഷ്യവർഗ്ഗങ്ങൾ ഇവിടെ ജനിച്ചു ജീവിച്ചു മരിച്ചിട്ടുണ്ടാകും.കാരണം.. ഒരു വസ്തുവിന് ഫോസിലായി അവശേഷിക്കാൻ ഒരുപാട് അനുകൂലഘടകങ്ങൾ ഉണ്ടാകേണ്ടത് ആവശ്യമാണ് എന്നിരിക്കെ ലഭിച്ചതിനേക്കാൾ കണ്ടെത്താതെ പോയ അറിവുകളാണ് കൂടുതലായി ഉണ്ടാകാൻ സാധ്യത.ഹോമോ സാപ്പിയൻസിനെ പോലെ ഹിഡൻ ബെർഗെൻസിസ്‌ എന്ന ഒരു പൊതുപൂർവ്വികനെ പങ്കിടുന്ന നിയാണ്ടർത്താൽ മനുഷ്യരും ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.കാലക്രമേണ ഹോമോ വിഭാഗത്തിലെ നിയാണ്ടർത്താലുകളും ഫ്ളോരെസീൻസിസും വംശനാശത്തിലേക്ക് നയിക്കപ്പെട്ടു.അങ്ങനെ കൂടുതൽ ബുദ്ധിയുള്ള ആധുനിക മനുഷ്യജീവികളെ മാത്രം പരിണാമത്തിലൂടെ പ്രകൃതി തിരെഞ്ഞെടുത്തു.അവസാനമായി സിൻജോത്രോപേസ്, ജാവമനുഷ്യൻ, അറിഗ്നേഷ്യൻ, ഗ്രിമാൾഡി പോലുള്ള സാപ്പിയൻസിൽ ഉൾപ്പെട്ട ഉപവിഭാഗങ്ങളും നാശമടഞ്ഞവരിൽ ഉൾപെടും.ഇവരെല്ലാം എങ്ങനെ നാശമടഞ്ഞു…?ഇവരുടെയൊക്കെ മുൻപിൽ ഒരു ഫിൽറ്റർ ഉണ്ടായിരുന്നു.പ്രകൃതിയൊരുക്കുന്നതോ അല്ലെങ്കിൽ നാച്ചുറൽ സെലക്ഷൻ വഴിയോ ഇവരുടെ മുൻപിൽ ഉയർന്ന ഒരു മതിൽ.ചാടികടക്കാൻ കഴിയാത്ത ഒരു വന്മതിൽ.പ്രകൃതിയുടെ ഭാഷയിൽ പറയുകയാണെങ്കിൽ ഒരു “”ഗ്രെറ്റ് ഫിൽറ്റർ “”നമുക്ക് മുൻപിലും ഈ മതിൽ ഒരുപാട് വട്ടം ഉയർന്നിട്ടുണ്ട്. ഇനിയും ഉയർന്ന് കൊണ്ടേയിരിക്കുകയും ചെയ്യും…
അതിജീവിച്ചതിൽ അഹങ്കരിക്കേണ്ടതില്ല കാരണം.. ഇത്‌ വരേ ഉയർന്നതൊന്നും ഒരു വന്മതിൽ അല്ലായിരുന്നു. എന്താണ് ആ ഗ്രെറ്റ് ഫിൽറ്റർ എന്നൊരു ചോദ്യം എല്ലാവരിലും ഉണ്ടാകാം..
അത് പലരീതിയിലുമാകാം. പുരാതന മനുഷ്യന് പുരാതനരീതിയിൽ.ആധുനീക മനുഷ്യന് ആധുനികരീതിയിൽ പരിണമിച്ച ഫിൽറ്റർ പലരൂപത്തിലും വരും.ട്രാൻസ് ഹ്യുമാനിസത്തിലൂടെ പുതുതായി ഇവിടേക്ക് കടന്ന് വരാൻ പോകുന്ന ഹോമോ ഒപ്ടിമസ് ഒരുപക്ഷെ ഹോമോ സാപ്പിയൻസിന്റെ മുൻപിൽ ഒരു ഗ്രെറ്റ് ഫിൽറ്ററായി മാറിയേക്കാം.ഇപ്പൊ പുതുതായി വന്ന കോവിഡ് 19 തും ഒരു ഫിൽറ്ററാണ്. നമ്മൾ അതിജീവിച്ചാൽ അതൊരിക്കലും ഒരു ഗ്രെറ്റ് ഫിൽറ്റർ അല്ല..
നമ്മൾ പരാജയപ്പെട്ടാൽ നമുക്ക് പുറകെ വരുന്ന ഒരു സ്പീഷ്യസ് അതിനെ ഗ്രെറ്റ് ഫിൽറ്റർ എന്ന് വിളിക്കുകയും ചെയ്യും. കോവിഡ് 19 വൈറസ് പോലെ അല്ലെങ്കിൽ കോവിഡിനെക്കാൾ പ്രഹരശേഷിയേറിയ അനേകം കോടി വൈറസുകൾ ഈ ഗോളത്തിൽ പലയിടത്തുമായി ബൂട്ട് ചെയ്യാതെ ചത്തത് പോൽ കിടക്കുന്നുണ്ട്. ഒരു നാച്ചുറൽ സെലക്ഷനിലൂടെയോ റാന്റം സെലക്ഷനിലൂടെയോ അവ ബൂട്ട് ചെയ്യപ്പെട്ടാൽ ഒരു വലിയ വന്മതിൽ നമ്മുടെ മുൻപിൽ ഉയരും…
അതിന്റെ പേരാണ് ഗ്രെറ്റ് ഫിൽറ്റർ. എനിക്കതോർത്ത് ഭയമില്ല. ഭയന്നിട്ട് കാര്യവുമില്ല. കാരണം, ഒരു സ്പീഷ്യസും കാലാക്കാലം ഇവിടെ അതിജീവിച്ച ചരിത്രമില്ല. അങ്ങിനെയൊരു ശീലം ഈ ഭൂമിക്കോ പ്രകൃതിക്കോ ഇല്ല.