അയ്യപ്പൻ എന്റെ മൂത്തസഹോദരൻ

261

Shanu Mullappally

അയ്യപ്പൻ എന്റെ മൂത്തസഹോദരൻ
———————

“”നിങ്ങളെ കണ്ടിട്ട് കുളിച്ചവരെ പോലെ തോന്നുന്നില്ല..
എന്നും രാവിലെ എഴുന്നേൽക്കണം..
മുടിയൊക്കെ വൃത്തിയായി ചീകിവെക്കണം..
ഖാദി എന്നവാക്ക് നിങ്ങൾ കേട്ടിരിക്കാൻ സാദ്ധ്യതയില്ല എന്ന് ഞാൻ മനസിലാക്കുന്നു..
എങ്കിലും നിങ്ങൾ അത് കേട്ടിരിക്കേണ്ടതുണ്ട്..
ഗോമാംസം ഭക്ഷിക്കുന്ന ശീലം നിങ്ങൾ നിറുത്തണം
നിങ്ങൾ രാവിലെ എഴുന്നേറ്റതിന് ശേഷം കുളിക്കുകയും അതിന് ശേഷം ഈശ്വരനെ ധ്യാനിക്കുകയും ചെയ്യണം…
ദൈവത്തേ നിങ്ങൾ എന്ത് പേരിട്ടാണ്‌ വിളിക്കുന്നതെന്ന് എനിക്കറിയില്ല…
എന്ത് പേരിട്ടായാലും ദൈവത്തേ നിങ്ങൾ വിളിക്കുന്നുണ്ടാകാം..
എന്നാൽ ഭാരതം മുഴുവൻ വിളിക്കുന്ന ലളിതമായ ഒരു ഈശ്വരനാമം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം
അത് നിങ്ങൾ ദിവസവും ഉരുവിടണം..
അത് രാമനാമമാണ്.. “”

വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ മഹാത്മജി ഒരു പുലയസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന്റെ ഒരു ചുരുങ്ങിയ രൂപമാണിത്…

അതിന് ശേഷം ദളിതർ കുളിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി പരിഹസിക്കുകയും ഗോമാംസ നിരോധനത്തിന് ആഹ്വാനം ചെയ്തവരുമെല്ലാം യോഗി ആദിത്യനാഥ്‌ ഉൾപ്പെടെയുള്ള സംഘപരിവാർ ആശയക്കാരായിരുന്നു…

ഗാന്ധിയുടെ പിന്തുണ അഭ്യർത്തിച്ചു ഗാന്ധിക്ക് കത്തെഴുതിയ വൈക്കം സത്യാഗ്രഹത്തിന്റെ മുൻനിരപോരാളികളിൽ ഒരാളായ ജോർജ് ജോസഫിന്റെ അപേക്ഷ ആദ്യം തള്ളുകയാണ് ഗാന്ധി ചെയ്തത്…
എനിക്ക് സ്നേഹമില്ലാത്ത ജനറൽ ഡയറിനോട് ഞാനൊരിക്കലും സത്യാഗ്രഹം പ്രഖ്യാപിക്കില്ല എന്നായിരുന്നു ഗാന്ധിയുടെ വിചിത്രവാദം…
അയിത്തം ഹിന്ദുക്കളുടെ മതപരമായ കാര്യമായത് കൊണ്ട് ഇതരമതവിഭാഗങ്ങൾ സമരത്തിൽ നിന്നും പിന്മാറണമെന്നും മറുപടികത്തിൽ കുറിക്കാൻ ഗാന്ധി മറന്നില്ല…

ഹിന്ദുക്കളുടെ ആചാര അനുഷ്ഠാന കാര്യങ്ങളിൽ മറ്റു മതസ്ഥർ ഇടപെടേണ്ടതില്ല എന്ന വാദം പിന്നീട് പറഞ്ഞതും സംഘപരിവാറുക്കാർ മാത്രമായിരുന്നു…

അധഃകൃതവർഗ്ഗങ്ങൾക്കായി പ്രത്യേക നിയോജകമണ്ഡലമെന്ന ബാബ സാഹേബ് അംബേദ്ക്കറുടെ പൂനഉടമ്പടി കരാറിനെ അട്ടിമറിച്ചതും വർഗ്ഗീയകാർഡിറക്കി അംബേദ്ക്കറെ തോൽപ്പിക്കാൻ മുന്നിൽനിന്ന് കളിച്ചതും ഗാന്ധി തന്നെയായിരുന്നു എന്നത് പകൽപോലെ വെളിവായ എല്ലാവർക്കും അറിയുന്ന സത്യം മാത്രമാണ്…

അന്നും ഇന്നും ദളിതരുടെ സംവരണത്തിന് എതിര് നിൽക്കുന്ന മറ്റൊരു വിഭാഗം സംഘപരിവാർ മാത്രമാണ് എന്നുള്ളത് മറ്റൊരു നഗ്‌നസത്യവും കൂടിയാണ്..

ഗാന്ധിയിൽ തുടങ്ങി സംഘപരിവാറിൽ അവസാനിച്ച എത്രയെത്ര ഗാന്ധിയൻമാരുടെ യാത്രകൾ നമ്മൾ ഇത് വരേ കണ്ടിരിക്കുന്നു…
അത് ഇനിയും തുടർന്നുകൊണ്ടിരിക്കും

കാരണം സംഘപരിവാറിനെയും ഗാന്ധിയൻ മൂല്യങ്ങളെയും വേർതിരിക്കുന്ന വൈരുദ്ധ്യബിന്ദുക്കൾ തുലോം കുറവാണെന്നത് ഒരു യാഥാർഥ്യമാണ്…
ഗാന്ധിയുടെ അഹിംസയും മതമൈത്രിയും മാത്രമാണ് എന്റെ വാദങ്ങൾക്ക് അപവാദമായി നിൽക്കുന്ന ആരണ്ട് വൈരുദ്ധ്യബിന്ദുക്കൾ…
ഇവരണ്ടുമല്ലാതെ മറ്റൊരു വൈരുദ്ധ്യം തിരയാൻ ശ്രമിച്ച എനിക്ക് നിരാശമാത്രമായിരുന്നു ഫലം…
രാമരാജ്യം ഗാന്ധിയുടെയും ഒരു സ്വപ്നമായിരുന്നു ചാതുർവർണ്ണ്യത്തിലും വർണ്ണാശ്ര സിദ്ധാന്തങ്ങളിലും ബ്രാഹ്മണാരാധനയിലും ഗാന്ധിയും അടിയുറച്ചു വിശ്വസിച്ചിരുന്നു…
സർവ്വോപരി അദ്ദേഹമൊരു ഗീതപ്രചാരകനുമായിരുന്നു…

പക്ഷേ കേരളത്തിന്റെ നവോത്ഥാന ആശയങ്ങളുമായി ഗാന്ധിയൻമൂല്യങ്ങൾ ഒരിക്കലും ചേർന്ന് പോയതായി ചരിത്രത്തിൽ കാണാൻ സാധിക്കില്ല…
ഗാന്ധിയൻ മൂല്യങ്ങളും കേരള നവോത്ഥാനവും തമ്മിലുള്ള ഒരു സംഘർഷയിടമായി വൈക്കത്തിന്റെ മണ്ണ് മാറുകയാണ് യഥാർത്ഥത്തിൽ ഉണ്ടായത്..
സ്കൂളുകളും കോളേജുകളും ബഹിഷ്കരിക്കാൻ ഗാന്ധി ആഹ്വാനം ചെയ്തസമയത്ത് നമ്മൾ ഇവിടെ അതൊക്കെ പണിത് പടുത്തുയർത്തുന്ന തിരക്കിലായിരുന്നു…
അതുകൊണ്ട് തന്നെ സംഘപരിവാറിന് മലയാളമണ്ണിൽ വേരോടാൻ കഴിഞ്ഞില്ല..
ഗാന്ധി ഉണ്ടായിരുന്ന ഇടങ്ങളിലൊക്കെ ഇന്ന് സംഘപരിവാർ വേരുറപ്പിക്കുകയും ചെയ്തിരിക്കുന്നു….

ഹിന്ദു മതത്തിലും ജാതികളുടെ ഉച്ചനീചത്വങ്ങളിലും അടിയുറച്ചു വിശ്വസിച്ചിരുന്ന ഗാന്ധിജിയെ ഹൈന്ദവ തീവ്രവാദികൾ പിന്നെന്തിന് കൊന്നു എന്ന എന്റെ അന്വേക്ഷണം ചെന്ന് നിന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ ആചാര്യനായ സവർക്കറുടെ വാക്കുകളിലേക്കാണ്…

“” അഹിംസ ഒരിക്കലും ഭാരതത്തിന്റെ ആശയമല്ല
അഹിംസയിലൂടെ ബുദ്ധനും ഗാന്ധിയും ഭാരതത്തിന്റെ പുരുഷത്വം നശിപ്പിക്കുകയാണ് ചെയ്തത്… “”

മതഭ്രാന്തമാർക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആചാര്യന്റെ ഈ വാക്കുകൾ പോലും ധാരാളമായിരുന്നു…

പക്ഷേ പിൻപറ്റാൻ ഒരു നല്ല മനുഷ്യനായ നേതാവിനെ തിരഞ്ഞുള്ള യാത്ര ഞാൻ അവിടംകൊണ്ടൊന്നും നിറുത്തിയില്ല..
ഞാൻ തിരയുന്ന നേതാവ് ഒരു നാസ്തികനോ യുക്തിവാദിയോ മാത്രം ആയാൽ പോരാ എന്നൊരു നിർബന്ധവും എനിക്കുണ്ടായിരുന്നു
കാരണം സവർക്കറും ഒരു നാസ്തികനായിരുന്നു..

നെഹ്രുവും അംബേദ്ക്കറും AKG യും കൃഷ്ണപിള്ളയുമടക്കം ഞാൻ തിരഞ്ഞെടുത്ത കുറച്ച് മഹാത്മാക്കളിൽ നിന്നുമവസാനം ഞാൻ സഹോദരൻ അയ്യപ്പൻ എന്ന ധീരനായ ആ നല്ല മനുഷ്യനെ തിരഞ്ഞെടുത്തു…

എന്തുകൊണ്ട് ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തു എന്നതിന് ചില കാര്യകാരണങ്ങളുണ്ട്…

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവും അമരക്കാരനുമായിരുന്നു സഹോദരൻ അയ്യപ്പൻ..

സ്വതന്ത്രചിന്ത എന്ന പദം ആദ്യമായി മലയാളികൾ കേട്ടത് അദ്ദേഹത്തിലൂടെയായിരുന്നു…

യുക്തിവാദി എന്നപേരിൽ ആദ്യമായി ഒരു മാസിക പുറത്തിറക്കിയത് സഹോദരനായിരുന്നു…

അംബേദ്ക്കർക്കും പെരിയോർക്കുമായി സഹോദരൻ എന്ന പത്രത്തിന്റെ മുൻപേജ് സ്ഥിരമായി മാറ്റിവെച്ച കേരളത്തിലെ ആദ്യത്തെ അബേദ്ക്കറേറ്റ് ആയിരുന്നു അയ്യപ്പൻ മാഷ്…

അദ്ദേഹത്തിന്റെ മറ്റൊരു പത്രമായ വേലക്കാരനിലൂടെയാണ് മലയാളികൾ ആദ്യമായി ലെനിന്റെ മുഖം കാണുന്നതും സോഷ്യലിസത്തേ കുറിച്ച് വായിച്ചു പഠിച്ചതും…

അദ്ദേഹം സ്ഥാപിച്ച സഹോദരസംഘങ്ങളിലൂടെയാണ് കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളൊക്കെയും സാമൂഹികപ്രവർത്തനങ്ങൾ തുടങ്ങിയതും വളർന്നുവന്നതും..

ജാതി ഏതായിരുന്നാലും സ്ത്രീയും പുരുഷനും തമ്മിൽ പ്രണയിക്കാനും വിവാഹം കഴിക്കുവാനും അവകാശമുണ്ടെന്ന് സവർണ്ണമേധാവിത്വ മുണ്ടായിരുന്ന കൊച്ചി നിയമസഭയിൽ ഉച്ചത്തിൽ പ്രഖ്യാപിച്ചു സിവിൽ മേരേജ് ബില്ല് അവതരിപ്പിച്ചു പാസാക്കിയെടുക്കാൻ തന്റേടം കാണിച്ച മനുഷ്യനും അയ്യപ്പൻ മാഷായിരുന്നു..
വിവാഹം പവിത്രമാകുന്നത് പുരോഹിതന്മാരുടെ കാർമികത്വം കൊണ്ടല്ലെന്നും പ്രണയമാണ് വിവാഹത്തിലെ പവിത്രതയെന്നും വിവാഹത്തെ സവർണ്ണർക്ക്‌ മുൻപിൽ നിർവ്വചിച്ചതും സഹോദരനായിരുന്നു..

മിശ്രഭോജനവും മിശ്രവിവാഹവും നടത്തിയത് മൂലം ദീർഘകാലത്തെ ഈഴവ സമുദായ ഭ്രഷ്‌ടും തെറിയഭിഷേകവും ശാരീരിക ആക്രമണങ്ങളും നേരിടേണ്ടിവന്ന ഒരു മനുഷ്യനും കൂടിയായിരുന്നു അദ്ദേഹം..

സയൻസ് ദശകമെന്ന കൃതിയെഴുതിയതും..
ബ്രാഹ്മണരുടെ ഗോവധനിരോധനമെന്ന മതമുഷ്കിനെതിരെ ആഞ്ഞടിച്ചതും..
ഫെമിനിസവും ഹ്യൂമനിസവും ലിംഗസമത്വത്തേ കുറിച്ചുമൊക്കെ കൃതികളെഴുതിയതുമെല്ലാം ഒരു നൂറ്റാണ്ട് മുൻപായിരുന്നു എന്ന സത്യം തിരിച്ചറിയുമ്പോൾ സഹോദരൻ എത്രമാത്രം ദീർഘവീക്ഷണമുള്ള ഒരു മനുഷ്യരായിരുന്നു എന്ന് സാമാന്യബുദ്ധിയുള്ള ഏതൊരു മനുഷ്യനും വളരെയെളുപ്പം മനസിലാക്കാം…

നിങ്ങളുടെ കൃഷ്ണൻ ഒരു പരമ്പരകൊലയാളിയല്ലേയെന്നും
ഹിംസപറയാത്ത ഏതെങ്കിലും ഒരു ഗ്രന്ഥമെങ്കിലും നിങ്ങളുടേതായിട്ടുണ്ടോ എന്നും
ശിവഗിരിയിൽവെച്ച് ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ ഗാന്ധിയോട് തുറന്നടിച്ചു പറയുവാനും വെല്ലുവിളിക്കുവാനും അന്ന് മലയാളക്കരയിൽ അയ്യപ്പൻ മാഷല്ലാതെ മറ്റൊരു മനുഷ്യൻ ഇല്ലായിരുന്നു…

ഇതര മതസ്ഥർ വൈക്കം സമരത്തിൽ നിന്നും പിന്മാറണമെന്ന ഗാന്ധിയുടെ ആഹ്വാനത്തോട് “‘അയിത്തത്തിനെതിരെയുള്ള സമരങ്ങൾ ഒരു മാനവസേവാവേലയായിട്ടാണ് ഞങ്ങൾ കാണുന്നത് അതൊരു മതപരിഷ്കരണമായി ഞങ്ങൾ കാണുന്നില്ല “” എന്ന കുറിക്ക് കൊള്ളുന്ന യുക്തിഭദ്രമായ ഒരു മറുപടി ഗാന്ധിക്ക് കൊടുത്തയാളാണ് അദ്ദേഹം…

ഹിന്ദുമതം ഒരു അഴുക്കുചാലും ഭാരതത്തിന്റെ ശാപവുമാണെന്നും ഗോമാംസ ഭക്ഷണം സംബദ്ധിച്ച ഹിന്ദുക്കളുടെ യുക്തിശൂന്യമായ അറപ്പ് ശീലിപ്പിക്കുവാൻ അധഃകൃതരോട് പറയുന്നത് നിറുത്തണമെന്നും സ്വഭിമാനമുള്ള ഒരു അധഃകൃതനോട്‌ വെറുക്കപ്പെടേണ്ട രാമനാമം ഉരുവിടാൻ നിർബന്ധിക്കരുതെന്നുമെഴുതിയ മംഗളപത്രം പള്ളുരുത്തിയിൽ ഗാന്ധിയുടെ മുൻപിൽ വെച്ച് വൈക്കത്തെ ഗാന്ധിയുടെ പ്രസംഗത്തിന് മറുപടിയായി വായിച്ചു കേൾപ്പിച്ച ധീരനും മനുഷ്യസ്നേഹിയുമായിരുന്നു അയ്യപ്പൻ മാഷ്…

ചർക്കയും ലങ്കോട്ടിയും സത്യാഗ്രഹവും പോലെ ഗാന്ധിയുടെ മറ്റൊരു രാഷ്ട്രീയ ആയുധമാണ് അദ്ദേഹത്തിന്റെ “രാമൻ” എന്ന് പച്ചക്ക് തുറന്നടിച്ച ഒരു ഒന്നാം തരം യുക്തിവാദിയായിരുന്നു അദ്ദേഹം..

ഗീതയുടെ വർണാശ്രമ ധർമങ്ങളെ താലോലിച്ചു പ്രകീർത്തിച്ച ഗാന്ധിയെ വൈശ്യനായത് കൊണ്ട് കന്യാകുമാരി ക്ഷേത്രത്തിലെ കൊടിമരത്തിന് മുൻപിൽ ബ്രാഹ്മണർ തടഞ്ഞപ്പോൾ
“” ഭൂമിതൻ വലയത്തെ ഗർജ്ജനമാത്രംകൊണ്ട്
ഭീതമായ്നിറുത്തീടും ആംഗലസിംഹത്തിനെ
കൂസാതെ കുഞ്ചിരോമം പിടിച്ചുകുലുക്കിയെന്നാകുലപെടുത്തിയ വീരനാം ഗാന്ധികൂടി നായിലും നാണംകെട്ട് വാലാട്ടി ചവിട്ടുന്നൊരാ ബ്രാഹ്മണപാദം നക്കുന്നു ഹാ ഹന്തദയനീയം”” എന്ന ഒരു കവിതയെഴുതി ഗാന്ധിയെ ചവിട്ടിക്കൂട്ടി തേച്ചൊട്ടിച്ചതും അയ്യപ്പൻ മാഷായിരുന്നു…

പണ്ട് SNDP യോഗത്തിൽ രാമായനമഃ എന്ന് പ്രസംഗിച്ച മദൻമോഹൻ മാളവ്യയുടെ മുൻപിൽ രാവണായനമഃ യെന്ന് ഉച്ചത്തിൽ പറയാൻ സാധിച്ച ഒരു സദസ്സിനെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞ സഹോദരനെ ഇന്നത്തെ ഈഴവർ മറന്ന് പോയിരിക്കുന്നു…
സഹോദരന്റെ ചിത്രം അവരുടെ ഓഫീസുകളിൽ സൂക്ഷിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളെ കുറിച്ച് അവർ ഒരു അക്ഷരം പോലും ഉരിയാടാറില്ല…
ഗുരു രാമനെ കുറിച്ച് എന്താണ് പറഞ്ഞതെന്ന് പഠിക്കാൻ താല്പര്യമില്ലാത്ത ഇന്നത്തെ SNDP ക്കാർ കർക്കിടകത്തിൽ രാമായണമാസമാചരിച്ചു RSS ന്റെ പാദസേവകരായി പരിണമിച്ചിരിക്കുന്നു…
കാളികുളങ്ങര ക്ഷേത്രത്തിൽ പറയനും പുലയനും പ്രവേശനം കൊടുത്ത ഗുരുവിനെതിരെ പറവൂർ മുൻസിഫ് കോടതിയിൽ കേസ്കൊടുത്ത പാരമ്പര്യം പേറുന്ന SNDP ക്കാരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനോ അവരുടെ പ്രവർത്തികളിൽ അത്ഭുതപെടാനോ ഒന്നും തന്നെയില്ല…

മനുഷ്യൻ യഥാർത്ഥ മനുഷ്യനായി പരിണമിക്കുന്ന ഒരു നല്ല കാലത്തെ സ്വപ്നം കാണുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ഇടപെടുകയും നാല് പതിറ്റാണ്ടോളം അക്ഷരസമരങ്ങൾ നടത്തുകയും ചെയ്ത ഒരു യഥാർത്ഥ മഹാത്മാവിനെ മതാന്ധതനിറഞ്ഞ ഒരു സമൂഹം തിരസ്കരിച്ചതിൽ ഞാൻ അത്ഭുതപെടുന്നില്ല…

പക്ഷേ കേരള നവോത്ഥാന ചരിത്രത്തിൽ സഹോദരന് മുൻപും സഹോദരന് ശേഷവും എന്ന വിഭജനത്തിന് തക്കവണ്ണം ആത്മാർത്ഥമായി പ്രവർത്തിക്കുകയും പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്ത സഹോദരൻ അയ്യപ്പനെ മലയാള മണ്ണിലെ യുക്തിവാദികൾ വേണ്ടരീതിയിൽ ചർച്ചക്കെടുത്തില്ല എന്ന വിഷയം അത്യന്തം ഗൗരവം നിറഞ്ഞതാണ്…

അയ്യപ്പൻ മാഷേ കുറിച്ച് എഴുതിയാൽ അത് നിറുത്താൻ ഒരു മനുഷ്യനെക്കൊണ്ടും സാധിക്കില്ല
അത്രക്കും നീണ്ട ചരിത്രം സൃഷ്‌ടിച്ച ഒരു വെക്തിയായിരുന്നു അദ്ദേഹം…

പിന്തുടരാൻ ഒരു നേതാവിനെ തിരഞ്ഞിറങ്ങിയ എനിക്ക് കിട്ടിയത് ഒരു സഹോദരനെയാണ്…
അയ്യപ്പൻ മാഷ് എന്റെ നേതാവ് മാത്രമല്ല..
അദ്ദേഹമെന്റെ സഹോദരനാണ്..
ഒരു തലമൂത്ത സഹോദരൻ…

“”ജാതിവേണ്ട…
മതം വേണ്ട…
ദൈവം വേണ്ട മനുഷ്യന്…
വേണം ധർമ്മം വേണം ധർമ്മം വേണം ധർമ്മം..
യഥോചിതം””