ശാരദ – സുനില്‍ എംഎസ്
ഗേയ്റ്റിനു മുമ്പിലുള്ള ഭാഗം പനമ്പിന്റെ കോല്‍ച്ചൂല്‍ കൊണ്ടു വൃത്തിയാക്കിക്കൊണ്ടിരിയ്ക്കെ ഫോണടിയ്ക്കുന്ന ശബ്ദം കേട്ടുവെന്നു തോന്നി. അല്‍പ്പം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ ശാരദ.
മുടി എണ്ണ പുരട്ടി നെറുകയില്‍ കെട്ടി വച്ചിരിക്കുന്നു. മുഖത്തും കൈകളിലും എണ്ണ. കുളിക്കാനുള്ള പുറപ്പാടാണ്.
103 total views, 1 views today

ഗേയ്റ്റിനു മുമ്പിലുള്ള ഭാഗം പനമ്പിന്റെ കോല്‍ച്ചൂല്‍ കൊണ്ടു വൃത്തിയാക്കിക്കൊണ്ടിരിയ്ക്കെ ഫോണടിയ്ക്കുന്ന ശബ്ദം കേട്ടുവെന്നു തോന്നി. അല്‍പ്പം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ ശാരദ.
മുടി എണ്ണ പുരട്ടി നെറുകയില്‍ കെട്ടി വച്ചിരിക്കുന്നു. മുഖത്തും കൈകളിലും എണ്ണ. കുളിക്കാനുള്ള പുറപ്പാടാണ്.
“കാര്യമായ അധ്വാനമാണല്ലോ, ഇതെന്താ ഇന്നിങ്ങനെ?” അവള് മുറ്റമടിച്ചു കഴിയുമ്പോഴേ ഞാനുണര്ന്നെഴുന്നേറ്റു വരാറുള്ളൂ.
“ഓണമല്ലെ മറ്റെന്നാള്‍ .”
“അസ്സലായിട്ടുണ്ട്.” പ്രശംസ എനിക്കിഷ്ടമാണെന്നവള്ക്കറിയാം. പക്ഷേ പിശുക്കോടെയേ അവളതു പുറത്തെടുക്കാറുള്ളു. ഞാന്‍ തെല്ലൊരു സംശയത്തോടെ നോക്കി.
“ആരായിരുന്നു ഫോണില്‍ ?”
“അമ്മ.”
ഞാന്‍ അടിയ്ക്കല്‍ നിറുത്തി. പ്രശംസയുടെ രഹസ്യം മനസ്സിലായി. “വിളി വന്നു, ഇല്ലേ ?”
മറുപടിയില്ല.
“എപ്പോഴായിരിയ്ക്കും ഹാജരാകേണ്ടത്?” പരിഹാസം വളരെ വ്യക്തമായിരുന്നു എന്റെ ശബ്ദത്തില്‍ .
“നാളെ വൈകീട്ട്.” എന്റെ പരിഹാസം ശ്രദ്ധിയ്ക്കുക പോലും ചെയ്യാത്ത ഒരേ ഒരു വ്യക്തി ഇവളാണ്.
“അപ്പൊ മറ്റെന്നാളത്തെ ഓണമോ ?”
“മറ്റെന്നാള്‍ രാവിലെ പത്തു മണിക്കുള്ളില്‍ ഞാനിങ്ങെത്തും. ഊണ് നമ്മളൊരുമിച്ച്.”
ഞാന്‍ മിണ്ടിയില്ല. അവള് പോകുന്നതെനിക്കിഷ്ടമല്ല. അതവള്‍ക്കറിയാം.
തനിച്ചു താമസിയ്ക്കുന്ന അമ്മയുടെ കൂടെ ഓണത്തിനു മുമ്പൊരു ദിവസം അവള് കഴിയുന്നതു തടസ്സപ്പെടുത്തുന്നത് സ്വാര്‍ത്ഥതയാണ്, സമ്മതിയ്ക്കുന്നു. മെയില്‍ ഷോവിനിസമെന്നോ പുരുഷമേധാവിത്വമെന്നോ ഒക്കെ പറഞ്ഞോളൂ. പക്ഷേ അവളില്ലെങ്കില്‍ ശ്വാസം മുട്ടിയ്ക്കുന്നൊരു അപരിചിതത്വം വീട്ടിലെ ഓരോ മുറിയിലും പരന്നതായി തോന്നും. അവളുടെ മൂളിപ്പാട്ടും ഒച്ചയനക്കങ്ങളും ഇല്ലാത്ത വീട് വീടല്ല.
“പൊയ്ക്കോട്ടേ?”
ഇല്ല, ഇതു ശരിയാവില്ല. ഇത്തവണ വിടുന്ന പ്രശ്നമേയില്ല.
“പത്തു മണി വരെ മാത്രം.”
ഞാന്‍ പുറം തിരിഞ്ഞു നിന്നു.
കൈത്തണ്ട മേല്‍ ഒരു മൃദുസ്പര്‍ശം.
ഇതപകടമാണ്!
ഞാന്‍ തല തിരിച്ചു നോക്കി. കണ്ണിലേയ്ക്കു തന്നെ ഉറ്റു നോക്കിക്കൊണ്ടു നില്ക്കുന്നു. ഉള്ളിലുള്ളതു മുഴുവന്‍ വലിച്ചെടുക്കുന്ന, വായിച്ചെടുക്കുന്ന നോട്ടം.
ഒരു നിമിഷം തമ്മില്‍ത്തമ്മില്‍ നോക്കിനിന്നു.
രണ്ടുപേരും പൊട്ടിച്ചിരിച്ചത് ഒരുമിച്ചായിരുന്നു.
__________________________________________________
ഈ കഥ സാങ്കല്പ്പികം മാത്രമാണ്.
ഈ ചെറുകഥ മറ്റു രണ്ടു ബ്ലോഗ്സൈറ്റുകളില്‍ ഞാന്‍
കുറച്ചു കാലമായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിയ്ക്കുന്നതാണ്,
പലരും വായിച്ചുകഴിഞ്ഞിട്ടുള്ളതാകാം.
104 total views, 2 views today
