തമിഴർ ഹിന്ദിയെ വെറുക്കുന്നതിനെ കുറ്റംപറയാൻ പറ്റില്ല

0
216

Sharaf Salim

ഒരു കാലത്തു തമിഴർക്കു എന്താണ് ഹിന്ദിയോട് ഇത്ര വെറുപ്പ്‌ എന്നു ആലോചിച്ചിട്ടുണ്ട്. ഇത് ഒരു തരം ‘ഭാഷ പ്രാന്ത്’ ആയി കണ്ടിരുന്നു. പിന്നീട് ഇന്ത്യയിലെ ഓരോ സമൂഹങ്ങളുടെയും വേരുകൾ അന്വേഷിച്ചു പോയപ്പോൾ, ചരിത്രങ്ങൾ അന്വേഷിച്ചു പോയപ്പോൾ കണ്ടത് ഏകദേശം 2600 വർഷങ്ങളായി ഹിന്ദിയും, സംസ്കൃതവും ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭാഷകളാണെന്നു മനസ്സിലായി, ഇന്നത്തെ ഇറാന്റെ പ്രാന്തപ്രദേശങ്ങളിൽ ഉടലെടുത്ത ഭാഷകളായിരുന്നു ഹിന്ദിയും സംസ്കൃതവും. എന്നാൽ ഹാരപ്പൻ നാഗരികർ വരെ സംസാരിച്ചിരുന്ന ദ്രാവിഡ ഭാഷകളെ അവർ ഒരിക്കലും അംഗീകരിക്കുകയുമില്ല മാത്രവുമല്ല ശരിക്കും തദ്ദേശീയ ഭാഷകളായ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നവരെ വംശീയ വിദ്വേഷത്തോടെ മാത്രമേ മേൽ പറഞ്ഞ സംസ്‌കൃത/ഹിന്ദി പ്രചാരകർ സ്വീകരിക്കുള്ളൂ. ഏതെങ്കിലും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ സ്കൂളുകളിൽ ക്ലാസ്സിക് ഭാഷകളായ ദ്രാവിഡ ഭാഷകൾ പഠിപ്പിക്കുന്നതായി അറിയുമോ? ഏതെങ്കിലും ഹിന്ദി പ്രചാരകർ ദ്രാവിഡ ഭാഷകൾ പഠിച്ചതായി കണ്ടിട്ടുണ്ടോ? കുട്ടിക്കാലത്തു ഒരു പാട് സ്നേഹിച്ചിരുന്ന ഒരു ഭാഷയായിരുന്നു ഹിന്ദി, പക്ഷെ അതിനൊപ്പം ‘ഒരു ജന്മി കുടിയൻ അധികാരം ഒളിച്ചു കടത്തുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് തമിഴർ എന്തുകൊണ്ടാണ് ഹിന്ദിയെ വെറുക്കുന്നത് എന്നതിന്റെ കാരണം മനസ്സിലായത്, പലരും ശ്രദ്ധിക്കുന്നില്ല എന്നു മാത്രം.

ചെന്നൈ വിമാനത്താവളത്തിൽ വെച്ച് കനിമൊഴി, എം.പി.ക്ക് നേരിടേണ്ടി വന്ന ലിംഗ്വിസ്റ്റിക് ഷോവനിസം ഞെട്ടിപ്പിക്കുന്നതാണ്. ഹിന്ദിയിൽ തന്നോട് സംസാരിച്ച സി.ഐ.എസ്.എഫ്.ഓഫീസറോട് ഇംഗ്ലിഷിലോ തമിഴിലോ സംസാരിച്ചാലേ തനിക്ക് മനസ്സിലാവൂ എന്ന് കനിമൊഴി അറിയിച്ചപ്പോൾ ‘ഹിന്ദി അറിയാത്ത നിങ്ങൾ ഇന്ത്യക്കാരിയാണോ?’ എന്നായിരുന്നു ആ ഓഫീസറുടെ ധിക്കാരപരമായ ചോദ്യം. തമിഴ്നാട് രാഷ്ട്രീയത്തിലെ ലെജൻ്റായ കരുണാനിധിയുടെ മകളും പാർലമെൻറ് അംഗവുമായ കനിമൊഴിക്കാണ് ഈ ധിക്കാരം നേരിടേണ്ടി വന്നത്. അപ്പോൾ സാധാരണക്കാരനായ ഒരു തെന്നിന്ത്യൻ്റെ സ്ഥിതിയെന്താവും? മതത്തിൻ്റെയും ജാതിയുടെയും പേരിലുള്ള അന്യവൽക്കരണം (Othering) പൂർണമാക്കിയ ശേഷം ഭാഷയുടെ പേരിലുള്ള അന്യവൽക്കരണം ആരംഭിച്ചു കഴിഞ്ഞു എന്നർത്ഥം. അക്ഷരാർത്ഥത്തിൽ ഭരണഘടനയോടുള്ള വെല്ലുവിളിയാണിത്. ഇന്ത്യൻ ഭരണഘടനയിലെവിടെയും ഇന്ത്യയുടെ പൊതു ഭാഷ ഹിന്ദിയാണെന്ന് പറയുന്നില്ല. ഹിന്ദി യൂണിയൻ ഗവൺമെൻ്റിൻ്റെ ഔദ്യോഗിക ഭാഷ മാത്രമാണ്‌. ഇന്ത്യയിലെ ഷെഡ്യൂൾ ചെയ്ത എല്ലാ അംഗീകൃത ഭാഷകളും ദേശീയ ഭാഷകളാണ്. അതത് സംസ്ഥാനങ്ങൾക്ക് അവരുടെ ഔദ്യോഗിക ഭാഷ ഏതെന്ന് തീരുമാനിക്കാം. യൂണിയൻ ഗവൺമെൻ്റ് മൂന്ന് ഭാഷകളിലാണ് ബോർഡുകളും മറ്റും തയ്യാറാക്കുന്നത്. ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശികഭാഷ. കത്തിടപാടുകൾ ഒരേ സമയം ഹിന്ദിയിലും ഇംഗ്ലിഷിലും. ഹിന്ദി ഇന്ത്യയിൽ ഭൂരിപക്ഷത്തിൻ്റെ പോലും ഭാഷയല്ല. തെന്നിന്ത്യയിലും കിഴക്കേ ഇന്ത്യയിലും ഹിന്ദിയല്ല ഭാഷ. ഉത്തരേന്ത്യയിൽ തന്നെ സമ്പന്നമായ എത്രയോ ഭാഷകളുണ്ട്. ഹിന്ദി അടിച്ചേല്പിക്കുന്നതിൻ്റെ പിന്നിലെ മേധാവിത്ത രാഷ്ട്രീയം പണ്ടേ തിരിച്ചറിഞ്ഞവരാണ് തമിഴ് ജനത. കനിമൊഴി ട്വിറ്ററിലൂടെ ഉടനെ പ്രതികരിച്ചതും ഈ തിരിച്ചറിവിൻ്റെ ഭാഗമായാണ്