ഐ.എസ്സിൽനിന്നു ചിതറിയവർ ജന്മദേശങ്ങളിലെത്തി പ്രവർത്തനം തുടർന്നേക്കാം

895

മാധ്യമപ്രവർത്തകനായ  Shareef Sagar എഴുതുന്നു 

ശ്രീലങ്കയെ ഞെട്ടിച്ച ക്രിസ്ത്യൻ പള്ളികളെ കേന്ദ്രീകരിച്ചുള്ള ആക്രമണ പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരിക്കുകയാണ്. ന്യൂസിലാന്റിലെ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ചുള്ള ആക്രമണത്തിന് സമാനമായ മനുഷ്യക്കുരുതിയാണ് ശ്രീലങ്കയിലും നടന്നത്. നാഷണൽ തൗഹീദ് ജമാഅത്ത്, ജംഇയത്തുൽ മില്ലത്ത് ഇബ്രാഹിം തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഐ.എസ് ആസൂത്രണം ചെയ്തതാണ് ആക്രമണം എന്നാണ് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ നിഗമനം.

 Shareef Sagar
Shareef Sagar

321 മനുഷ്യർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാൽപതിലധികം ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടു. ശ്രീലങ്കൻ മുസ്ലിം കൗൺസിൽ ഉൾപ്പെടെ മുഖ്യധാരാ സംഘടനകളെല്ലാം ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
.
ഐ.എസ്സിന്റെ വേരറുത്തു എന്നാണ് അമേരിക്കൻ സഖ്യസേന ആഴ്ചകൾക്ക് മുമ്പ് പ്രഖ്യാപിച്ചത്. എന്നാൽ ആ രക്തദാഹത്തിന്റെ വിത്തുകൾ പലയിടങ്ങളിൽ വിതച്ച ശേഷമാണ് ഐ.എസ് ഇറാഖിൽ ഒടുങ്ങിയത്. ഐ.എസ്സിനെ സൈനികമായി തകർക്കാൻ കഴിഞ്ഞാലും അവർ ഉയർത്തിവിട്ട ഭീകരതയുടെ കൊടുങ്കാറ്റ് സ്ഥലകാല സാഹചര്യങ്ങൾക്കനുസരിച്ച് ഇനിയും വീശിയടിച്ചേക്കാം.

വിട്ടുവീഴ്ചയില്ലാത്ത ആ ഭീകരതയുടെ ആശയധാര ലോകം മുഴുവൻ പടർന്നു കഴിഞ്ഞിട്ടുണ്ട്. സൈനികമായി തകർന്നു എന്നതുകൊണ്ട് ലോകത്തിന് ആശ്വസിക്കാനാവില്ലെന്ന് ചുരുക്കം. ലോകത്തെമ്പാടുമുള്ള മതഭ്രാന്തരിലേക്ക് ഈ ആശയം കുത്തിച്ചെലുത്താൻ പരമാവധി പണിയെടുത്ത ശേഷമാണ് ഐ.എസ് സൈനികമായി ഒടുങ്ങുന്നത്. ഐ.എസ്സിൽനിന്നു ചിതറിയവർ നേരെ പോവുക അവരുടെ ജന്മദേശങ്ങളിലേക്കായിരിക്കും. അവർ അവിടങ്ങളിൽ വെറുതെയിരിക്കുമെന്ന് കരുതുക വയ്യ.

ഈ വിപത്തിനെ പ്രതിരോധിക്കാനുള്ള പ്രഥമ ബാധ്യത മതത്തെ പുതിയ തലമുറയിലേക്ക് പകരുന്ന മുസ്്്‌ലിം പണ്ഡിതർക്കാണ്. ഉദാത്തമായ മാനവികതയിലൂടെ ലോകത്ത് പടർന്ന ഇസ്്‌ലാമിന്റെ തനത് ഭാവവും ജീവിത മാതൃകകളും പുതിയ തലമുറയെ പരിചയപ്പെടുത്താനുള്ള ബാധ്യത ഇസ്്‌ലാമിക ലോകം ഏറ്റെടുക്കണം.

ശ്രീലങ്കയുടെ കണ്ണീരിനൊപ്പം.
വേദനിക്കുന്ന മനുഷ്യരുടെ ഹൃദയത്തിനൊപ്പം.
-ഷെരീഫ് സാഗർ