പാറശാലയിലെ ഷാരോൺ രാജി(23)ന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ കാമുകി തന്നെയാണ് കുറ്റം സമ്മതിച്ചത്. ഷാരോണിന്റെ കാമുകിയും രണ്ടാം വർഷ എം.എ വിദ്യാർത്ഥിനിയുമായ ഗ്രീഷ്മ(22)യാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് വ്യക്തമാക്കുന്നു.അന്വേഷണം ഇന്നലെ ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തിരുന്നു. പിന്നാലെ തന്നെ നടപടികളുമാരംഭിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവും ഉടൻ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. അതിനിടയിലാണ് പെൺകുട്ടി സത്യം വെളിപ്പെടുത്തുന്നത്. ഈ വിഷയത്തിൽ ശരണ്യ എം ചാരു എഴുതിയ കുറിപ്പ് വായിക്കാം.
ശരണ്യ എം ചാരു
22 വയസ്സുള്ള ഗ്രീഷ്മ എന്ന പെൺകുട്ടി 23 വയസ്സുള്ള ഷാരോൺ എന്ന യുവാവിനെ കഷായത്തിൽ കോപ്പർ സൾഫേറ്റ് ലയിപ്പിച്ചു നൽകി കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ആദ്യ വിവാഹത്തിലെ ഭർത്താവ് മരണപ്പെടുമെന്ന് ജാതകത്തിൽ പറയുന്നുണ്ടെന്നും അത് പ്രകാരം ഷാരോണിനെ ആസൂത്രിതമായി പ്രണയിച്ച് താലി കെട്ടിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നു എന്നുമാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം ജാതകദോഷത്തിൽ പറയുന്ന ഈ മരണം സംബന്ധിച്ച അന്ധവിശ്വാസമാണെന്നും മനസ്സിലാക്കുന്നു.
22 വയസ്സുള്ളൊരു പെൺകുട്ടിക്ക് ഒറ്റയ്ക്ക് ഇത്തരത്തിൽ ആസൂത്രിതമായി ഒരു കൊലപാതകം നടത്താനും, ആദ്യ ഘട്ടത്തിലെ പോലീസ് അന്വേഷണത്തിൽ യാതൊരു തരത്തിലും പിടി കൊടുക്കാതെ പിടിച്ചു നിൽക്കാനും സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജാതകദോഷം കണ്ടെത്തിയത് സ്വാഭാവികമായും പെൺകുട്ടിയുടെ വീട്ടുകാർ ആയിരിക്കും എന്നുള്ളത് കൊണ്ട് തന്നെ ഗ്രീഷ്മയുടെ കുടുംബത്തിന് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ സൂക്ഷ്മമായ അന്വേഷണം ആവശ്യമാണ്.
മാത്രമല്ല, ഏറ്റവും അവസാനം, കൃത്യമായി പറഞ്ഞാൽ ഷാരോണിന് ഗ്രീഷ്മ വിഷം നൽകിയ ദിവസം ഗ്രീഷ്മയാണ് അവനെ വീട്ടിലേക്ക് വിളിച്ചു വരുത്തിക്കുന്നത്. ഷാരോണും സുഹൃത്തും വീട്ടിൽ എത്തുമ്പോൾ ഗ്രീഷ്മയുടെ മാതാപിതാക്കൾ വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നതിന് ഷാരോണിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സാക്ഷിയാണ്. അങ്ങനെ എങ്കിൽ അവരെന്തിനാണ് വീടൊഴിഞ്ഞു നൽകിയത് എന്ന ചോദ്യം പ്രസക്തമാണെന്ന് തോനുന്നു.
കൊലപാതകത്തിൽ ഗ്രീഷ്മയുടെ കുടുംബത്തിന് പങ്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും, പെൺകുട്ടിയുടെ ജാതകം നോക്കിയ, ആദ്യ ഭർത്താവ് മരണപ്പെടുമെന്ന് അറിയിച്ച ജ്യോതിഷിയെ കൂടി കേസിൽ പ്രതി ചേർക്കേണ്ടതുണ്ട്. അയാളുടെ പ്രവചനത്തിൽ വിശ്വാസിച്ചാണ് അവൾ ആ യുവാവിനെ കൊലപ്പെടുത്തിയതെങ്കിൽ സ്വാഭാവികമായും അത്തരമൊരു പ്രവചനം അന്ധവിശ്വാസം പ്രചരിപ്പിച്ച അയാളും ഈ കൊലപാതകത്തിന്റെ ഭാഗമാണ്.
പെണ്ണാണെന്നതോ, ചെറിയ പ്രായമാണെന്നതോ ഒന്നും ഒരാൾക്ക് ഒരു ക്രൈമിൽ നിന്ന് രക്ഷപ്പെടാനുള്ള കാരണങ്ങൾ അല്ല. നിയമത്തിൽ നിന്ന് ഊരി പോകാനുള്ള മാനദണ്ഡവുമല്ല. വളരെ ആസൂത്രിതമായി ഒരു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗ്രീഷ്മ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഈ കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാവണം. മകൻ നഷ്ടപ്പെട്ട ആ കുടുംബത്തിന് നീതി ഉറപ്പാക്കണം.
***
തിരുവനന്തപുരം പാറശ്ശാലയിൽ കൂട്ടുകാരി ഗ്രീഷ്മ, ഷാരോണിനെ കൊന്ന വിഷം കലക്കിയ ജ്യൂസ് ചലഞ്ച് ഇതാണ്. ഒന്നും റെക്കോർഡ് ചെയ്യരുത് എന്ന് മുൻ കരുതലായി പറയുന്നതിലൂടെ അവളുടെ ക്രിമിനൽ ബുദ്ധി വ്യക്തമാണ്.. ജ്യൂസിൽ കലക്കിയത് സ്ട്രോങ്ങ് ആവാത്തതിനാൽ ആവാം കഷായം തന്നെ കൊടുത്തത്. എന്തൊരു ലോകം ആണിത്..