ശവഭോഗി (കഥ)

1309

ശവഭോഗി (കഥ)
ജോജിത വിനീഷ് (Jojitha Vineesh)

ആത്മാക്കൾ തേങ്ങിക്കരയാറുണ്ടോ? ഉറക്കെ പൊട്ടിച്ചിരിക്കാറുണ്ടോ? അവർക്കും വികാരങ്ങൾ ബാക്കി നിൽക്കാറുണ്ടോ ?

മോർച്ചറിയുടെ മൈനസ് ഡിഗ്രി തണുപ്പിൽ ഒരു ജീവിതത്തിന്റെ മുഴുവൻ ഉയർച്ചതാഴ്ചകളുമേറ്റുവാങ്ങിയ ഹൃദയങ്ങൾ !
നിശബ്ദതയുടെ തേങ്ങലുകൾ !

അടക്കിപ്പിടിച്ച ശവങ്ങളിൽ നിന്നും ഉയരുന്ന ഫോർമാൽഡിഹൈഡും മെഥനോളും കലർന്ന എം ബാൾമിങ് ഫ്ലൂയിഡിന്റെ ഒരു പ്രത്യേക ഗന്ധം വേലുച്ചാമിയെ ആശുപത്രി വരാന്തയിൽ നിന്നും വടക്കേ മൂലയിലെ ആൾത്തിരക്കില്ലാത്ത കെട്ടിടത്തിലേക്ക് നയിച്ചു.

ചുറ്റുമൊന്ന് കണ്ണോടിച്ച് അവൻ അകത്ത് കയറി വാതിലടച്ചു .മൂന്നും നാലും ദിവസങ്ങളെത്തിയ ശവശരീരങ്ങൾ, ചിലത് ഒരാഴ്ചയിലേറെ പഴക്കമുള്ള അജ്ഞാത ദേഹങ്ങൾ, വിഷാദ രോഗത്തിൻ അടിമയായി ആത്മഹത്യ ചെയ്ത രജസ്വലയായ സ്ത്രീ ശരീരങ്ങൾ ഒക്കെ ഇപ്പോൾ മുറിച്ച രക്തവർണ്ണം മായാത്ത ‘രോഹു’ മീനിനെപ്പോലെ ഈ കെമിക്കലുകൾ കൊണ്ടലങ്കരിച്ച് ഫ്രഷായി കിടത്തിയിരിക്കുന്നു.

വലയിൽ കുടുങ്ങി നിർജ്ജീവമായ അവരുടെ കണ്ണുകൾക്ക് അതിനാൽത്തന്നെ ഒട്ടും ഓജസ്സ് കുറവില്ല .ഓരോ വെളള പുതപ്പിച്ച ദേഹങ്ങളിൽ നിന്നും തന്നെയാരൊക്കെയോ പിടിച്ചടുപ്പിക്കുന്ന പോലെ തോന്നി വേലുച്ചാമിക്ക്!

ആശുപത്രിജോലിയുടെ മടുപ്പിക്കുന്ന തിരക്കിനിടയിലും രോഗികളുടെയും ഫിനോളിന്റെ വൃത്തികെട്ട വാസനയിലും അവന് ഇത്തിരി ആശ്വാസം ആ മോർച്ചറിയും അവിടത്തെ മാറിമാറി വരുന്ന ജീവനറ്റ ദേഹങ്ങളുമാണ്.

രാത്രി 8 മണിയുടെ ഷിഫ്റ്റ് മാറി ഡ്യൂട്ടിക്ക് കേറാൻ തിരക്കാണ് അയാൾക്ക്. അത് കൊണ്ട് തന്നെ പകൽ ഡ്യൂട്ടി ഒഴിവാക്കും മിക്കവാറും ദിനങ്ങളിൽ. ഡ്വൂട്ടിഫോർമാലിറ്റികൾ കഴിഞ്ഞാൽ പിന്നെ അടച്ചിട്ട ശീതീകരണ മുറിയാണ് അവന്റെ ലോകം. ആ ശവങ്ങളാണവന്റെ ബന്ധുമിത്രാദികൾ!

എന്നും വന്നുകഴിഞ്ഞാൽ ആദ്യം അവൻ ഓരോ മേശക്കരികിൽ പോയി, പേടിപ്പിക്കുന്ന നിശബ്ദതയിലും ഓരോ മുഖത്തെയും മൂടിയിരിക്കുന്ന വെള്ളത്തുണിയെടുത്ത് മാറ്റും. ” ആരെങ്കിലും പുതുതായി വന്നിട്ടുണ്ടോ ..? അതോ അവനാരെയെങ്കിലും തേടുകയാണോ ..? കാത്തിരിക്കുന്ന ഏതോ മുഖം?”

ഓരോ രാത്രിയുടെ നീലവെളിച്ചത്തിലും മഴമേഘങ്ങൾ നിലാവിനെ ഒളിപ്പിക്കുമ്പോൾ മെഴുകുതിരിയും കുന്തിരിക്കവും പുകച്ച് വിശുദ്ധഗ്രന്ഥങ്ങൾ തലയിണക്കിടയിൽ വെച്ച് വേലു ഓരോ വെള്ളപുതച്ച ദേഹങ്ങൾ ക്കരികിലേക്ക് ചെല്ലും. പെരുവിരലും തള്ളവിരലും ചേർത്ത് ആ പുതപ്പുകളെ വലിച്ച് ആകാശത്തേക്കെറിയും!
ഒരു സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങളിൽ നിന്ന് ഒരു ഫിക്ഷണൽ സൈക്കോയിലേക്കുള്ള പരിവർത്തനം !

ആദ്യം വിവസ്ത്രരാക്കപ്പെട്ട ജഡങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ടാ പാദം ഒന്ന് ഭോഗിക്കും!
ഒരു പോലീസ്നായയെപ്പോലെ ചുറ്റിനും മണത്ത് നടക്കും.
സമർത്ഥനായ ഒരു കുറ്റാന്വേഷകനെപ്പോലെ മസ്തിഷ്കം ചോദ്യങ്ങളെ ക്കൊണ്ട് പുകക്കും.

ഓരോ ശവങ്ങളും ഓരോരോ തരത്തിൽ മരണപ്പെടുകയാൽ അവരുടെ ശരീരങ്ങൾ തന്നെ ഓരോരോ കഥകൾ പറയാറുണ്ട്.

ഉടൽ പാതിയും വെന്ത് പൊള്ളിയ ഒരു ‘പതിനാറ് കാരി ‘.. കൂട്ടുകാരനോടുള്ള പ്രണയനിരാസത്തിൽ ഒരു കുപ്പി പെട്രോളിൽ കത്തിത്തീർന്നവൾ! അവളുടെ വെന്ത് തീരാത്ത മാംസ ഭാഗങ്ങളിൽ അവൻ തന്റെ മുറിക്കാത്ത അഴുക്ക് പിടിച്ച നഖങ്ങൾ വെച്ചൊന്നമർത്തി…. ഒരു പ്രണയകോശം കൂടടർന്ന് വീഴുന്നു …. ഒരു ഭീകരമായ ആക്രോശത്തോടവൻ ആ പുതപ്പ് വലിച്ച് മൂടി, ഒരു ദീർഘശ്വാസമെടുത്തു.

അല്പനേരത്തെ ഇടവേളക്ക് ശേഷം അവൻ അടുത്ത ഡെഡ് ബോഡിയിലേക്ക്. …
കോർപ്പറേറ്റീവ് ബാങ്കിന്റെ കെട്ടിടസമുച്ചയത്തിന്റെ മുറ്റത്തെ പ്രിയൂര് മാവിൽ കെട്ടിത്തൂങ്ങിച്ചത്ത സുധാകാരേട്ടന്റെ കഴുത്തിലെ നീല ഞരമ്പിൽ അവനൊന്ന് തലോടി. കൈക്കോട്ട് പിടിച്ച് തഴമ്പിച്ച, കറുത്ത കൈ ചുരുട്ടിപ്പിടിച്ചിരിക്കുന്നതിൽ മകളുടെ വിദ്യാഭ്യാസ ലോണിന്റെ കീറിയ കടലാസ് കഷ്ണം !

സുധാകരേട്ടന്റെ തഴമ്പ് ഇടനെഞ്ചിൽ ഏറ്റ് വാങ്ങിക്കൊണ്ടാ ഗളഞരമ്പൊന്ന് വലിച്ചിടാൻ ഒരു കളരിയാശാനെപ്പോലെ വൃഥാശ്രമം നടത്തി തോറ്റ് പിന്തിരിഞ്ഞു. അടുത്ത ടേബിളിലേക്ക് ….

നരിച്ചീറുകൾ … നിശാശലഭങ്ങൾ .. പാതിരാകാറ്റ് ….
.
സംസാരിക്കണമെന്നുണ്ട് ഇവയോടൊക്കെ …. പക്ഷേ … ഒന്നിനു മാവുന്നില്ല.
ആത്മാവുകൾ സംസാരിക്കുമോ ..?
ഞാൻ എന്നിലേക്ക് ഉൾവലിയട്ടെ …
മേഘങ്ങൾ അതിരില്ലാത്ത നിശബ്ദതയിലേക്ക് തിരിച്ചുചേക്കേറി .

ആകാശത്തിൽ നിന്നും പൊടുന്നനെ നരിച്ചീറുകൾ അവനിലേക്ക് പറന്നിറങ്ങി ..
ഉടൽ ഒരു സങ്കീർത്തനം പോലെ …..
ആഗ്രഹങ്ങൾ എല്ലമൂരിയെറിഞ്ഞു…
അതിരില്ലാത്ത നിശ്ശബ്ദത …

അവൻ വീണ്ടുമെഴുന്നേറ്റു …

ആഹാ ….. ഒരു 10 വയസ്സുകാരി പെൺകുട്ടിയുടെ വെളുത്ത് വിളർത്ത കിളുന്ത് ദേഹം .. ഇപ്പോൾ വിരിഞ്ഞ മുല്ലമൊട്ട് പോലെ .. നിർമ്മലമായ ഒരു ചെറുപുഞ്ചിരിയൊളിപ്പിച്ച മുഖം !

കാമാർത്തിപൂണ്ട കണ്ണുകൾ ഒരു കൗശലക്കാരനായ വേട്ടനായയെപ്പോലെ പെരുവിരൽ തൊട്ട് മുകളിലേക്ക് ‘
ഓരോ കാൽവിരലുകൾ കൈയിലെടുത്ത് ചുംബിച്ച് അവൻ ഞൊട്ടയിടാൻ തുടക്കി. .. വിയർത്തൊലിച്ച മുഖം ഉയർത്തുമ്പോൾ തുടയിടുക്കിലെ കട്ടപിടിച്ച രക്തപ്പാടുകൾ അവന്റെ ചുണ്ടിൽ തടഞ്ഞു നിന്നു… വിയർപ്പ് കിതപ്പിലേക്ക് വഴിമാറാൻ നിമിഷ നേരം വേണ്ടി വന്നില്ല.

അകന്നു പോകുന്ന ആ കുഞ്ഞിക്കാലുകൾ അവൻ എത്ര ശ്രമിച്ചിട്ടും കൂടുന്നില്ല .. “എനിക്ക് വേദനിക്കുന്നച്ഛാ … എനിക്ക് വേദനിക്കുന്നു.. ..”

ഒരു കുഞ്ഞു ശബ്ദം ഇരുട്ടു കട്ടപിടിച്ച ആ മോർച്ചറിയുടെ നാലു ചുവരിൽ തട്ടി വേലുവിന്റെ ചെവിയിൽ വീണ്ടും വീണ്ടും തുളഞ്ഞു കേറി ..

‘ഒരു ഹൃദയ സ്തംഭനം വന്ന രോഗിയെപ്പോലെ വിയർത്തു കുളിച്ചവൻ മോർച്ചറിയുടെ ഒരു മൂലയിലേക്ക് പൊടുന്നനെ വലിച്ചെറിയപ്പെട്ടു..

” എനിക്കൊന്നിനുമാവില്ല … എനിക്കൊന്നിനും ….”
കിതച്ചു കൊണ്ടവൻ പിറുപിറുത്തു ..

” ഹ ഹ … അതെ … നിനക്കൊന്നിനുമാവില്ല. .. എന്ത്കൊണ്ട് .. എന്ത് കൊണ്ട്? അതാണെന്റെ ചോദ്യവും!”

ഉറക്കെയുള്ള പൊട്ടിച്ചിരിയിൽ അവൻ ഒന്നുകൂടെ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കി!

അതിസുന്ദരിയായ ,അംഗലാവണ്യമൊത്ത ഒരു സ്ത്രീ! മോർച്ചറിയുടെ അറ്റത്തെ മേശയിൽ, അഴിഞ്ഞുലഞ്ഞ കേശഭാരത്തോടെ നിവർന്നിരുന്ന് തന്നെ നോക്കി ചിരിക്കുന്നു .

ഒട്ടും പരിചിതമല്ലാത്ത ,മനോഹരമായ ചെന്താമരപ്പൂ വിടർന്ന പോലെ വദനം. ചന്ദനവർണ്ണമുള്ള ദേഹം മുഴുവൻ നനഞ്ഞൊട്ടിയിരിക്കുന്നു .
വെള്ളത്തിൽ വീണ് വിളർത്ത പോലെ വയറും മുഖവും അല്പം ചീർത്തിട്ടുണ്ടെങ്കിലും എന്ത് ഭംഗിയാണവർക്ക്! ആ ഭയപ്പാടിനിടയിലും വേലുച്ചോമിയുടെ ഹൃദയം ഒന്ന് പിടച്ചു.

” ഞാൻ .. ഞാൻ ഒരു പരാജയമാണ്. ഭൂമിയിൽ ജീവിക്കാൻ കൊള്ളാത്തവൻ ! അന്യന്റെ ദു:ഖങ്ങൾ നെഞ്ചിലേറ്റി സ്വയം തോൽവി ഏറ്റു വാങ്ങിയവൻ. എനിക്കു ചുറ്റും വലയം ചെയ്ത ഇരുട്ടിനെ സ്വന്തമാക്കിയവൻ ”

അവൻ പരിഹാസഭാരംകൊണ്ട് മുഖം കുനിച്ചു.

” നീയെന്തേ …ഇങ്ങനായി പോയത്?
നീ ഒരു മനുഷ്യനല്ലേ ….”

അവൾ പിന്നെയും ചോദിച്ചു .വിടാൻ ഉദ്ദേശമില്ല ..

മച്ചിലൂടോടിയ ഒരു പല്ലി വാലുമുറിച്ചിട്ടവനെ തിരിഞ്ഞ് നോക്കി ഒന്ന് ചിലച്ചു. … ആ കൊടിയ തണുപ്പിലും അവന്റെ നാവ് താണ് പോകുന്ന പോലെ ഹൃദയം ഉരുകിയൊലിക്കാൻ തുടങ്ങി.
വിയർപ്പു തുള്ളികൾ ഇറ്റുവീഴാൻ തുടങ്ങിയ കൺപീലികൾ അവൻ ഇറുക്കിയടച്ചു …കൺമുന്നിൽ ഒരു നഗ്നചിത്രം തെളിഞ്ഞു വന്നു.

അവൾ “സീത “.. തന്റെ പ്രിയതമ .ഒരേയൊരു കൂട്ട് .
എന്നിട്ടും രാപ്പാടികളുടെ പാട്ട് കേട്ട് അവൾ ഉറങ്ങുന്നത് വരെ അവൻ എന്നും കാത്തിരിക്കും .
ഗാഢമായ ഉറക്കത്തിൽ വഴുതി വീഴുമ്പോൾ അവനിലെ പുരുഷൻ ഒരു രാജവെമ്പാലയായി അവളെ ചുറ്റിവരിഞ്ഞ് മുറുക്കാൻ തുടങ്ങും ..

പാതിയുറക്കം നഷ്ടപ്പെട്ട ജാള്യതയിലും അവൾ അവന് മുന്നിൽ തളർന്ന് കിടക്കും. …
അവന്റെ നിരാസവേളകളിൽ എഴുത്തിലും വായനയിലും തല പൂഴ്ത്തിയിരുന്നവൾ ” നിർജ്ജീവമായി കിടക്കുന്ന വെറും ശവങ്ങൾ പോലെയാണ് ഓരോ ഭാരത സ്ത്രീയും കിടപ്പറയിൽ ” എന്ന് പറഞ്ഞ ‘ഓഷോ ‘യെ വെറുതെ ഓർക്കും …

“പ്രണയനിർഭരം ,നിശ്ചലം ,ദീപ്തമാം മിഴികളെ ആരും മോഹിച്ചു പോയിടാം ….”
എന്ന നെരുദയുടെ കാവ്യശില്പം പോലെയാണ വളപ്പോൾ!

എന്നിട്ടും അർദ്ധനഗ്നയാക്കപ്പെട്ട അവളുടെ കത്തുന്ന മിഴികളിൽ തുകൽ പൊഴിച്ച നാഗം പോലെ വേൽ നഷ്ടപ്പെട്ട വെറും ചാമിയായി അവൻ തളർന്ന് ,ഇഴഞ്ഞു പോയി മാളത്തിൽ ഒളിച്ചിട്ടുണ്ടാകും!

” പാതി കൊത്തിവച്ച് ശില്പി ഉപേക്ഷിച്ചു പോയ അർദ്ധനാരീശില്പമായ് അവൾ സീത! മാറ് തുറന്നലറുന്ന മലമ്പുഴയിലെ യക്ഷി മനസ്സ്!

അണ്ണാക്കോടൊട്ടിയ നാക്കുമായി ഒരു വവ്വാൽ ഉണങ്ങിയ ശിഖരത്തിൽ തൂങ്ങിയാടി .

തുടരുന്ന രംഗപടങ്ങളിൽ പല രാത്രികളിലും വേലുച്ചാമി ആയുധം കൈയിലില്ലാത്ത പടയാളിപ്പോലെ പൊരുതിതോറ്റു കൊണ്ടിരുന്നു.
” ശവം പോലും ഭോഗിക്കാൻ അറിയാത്തവൻ …!”
എന്ന് പറഞ്ഞുവോ സീത ?

കാലക്രമേണ,അവന്റെ ചിന്തകൾ ഭൂമിയിലെ പ്രാവുകളിൽ നിന്നും കാർമേഘപടലങ്ങൾ വകഞ്ഞു മാറ്റി പലപ്പോഴും ആകാശക്കഴുകൻമാരിലേക്ക് ചിറകടിച്ചുയർന്നു….

അപ്പോഴൊക്കെ പുതിയൊരത്താണി തേടി മോർച്ചറിയിലേക്കും!

ശക്തമായ ഒരു ശിഖരം തേടി അവൻ നട്ടുവളർത്തിയ മാവിലേക്ക് പടർന്ന് കയറി .

പുളിയുറുമ്പുകൾ അവന്റെ വരണ്ട ശ്വാസകോശത്തിലേക്ക് ക്യാൻസർ പോലെ പറ്റിപ്പിടിച്ചു കാർന്ന് തിന്നാൻ തുടങ്ങി.

“വേലുച്ചാമിയുടെ മനസ്സ് വായിച്ചെടുത്ത പോലെ ,നനഞ്ഞ് കുതിർന്ന ഉടയാടകളുമായി ചോദ്യങ്ങൾ നിർത്തിവെച്ച് ആ പ്രേതം മെല്ലെ അവനരികിലേക്ക് നീങ്ങി.

ഒരു നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴ്ന്നു ,വേലുച്ചാമി എന്ന ശക്തനായ പുരുഷനിലേക്ക് !

അന്നത്തെ പൗർണ്ണമിയിൽ ഒരു വെളുത്ത പുതപ്പും കർപ്പൂര ഗന്ധവും വന്ന് അവരെ ആകമാനം മൂടി !

……………………. ജോ

Jojitha Vineesh

(Writer, Sub Engineer KSEB)