അവള് എന്റെ സുഹൃത്ത്
രാവിലെ ഓഫീസില്‍ എത്തിയ ഞാന്‍ എന്റെ ഇടതു ഭാഗത്തുള്ള സീറ്റിലേക്ക് ഒന്ന് നോക്കി. അവിടെ അവള് ഇല്ല. ഇന്നോ നാളെയോ വേറെ ആരെങ്കിലും വരുമായിരിക്കും.
160 total views

ഇന്നലെ അവളുടെ വിവാഹമായിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, എന്റെ മനസാക്ഷി സൂക്ഷിപ്പ്കാരി, അമ്മു എന്ന് ഞാന്‍ വിളിക്കുന്ന അനുപമ. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബി ടെക് ഫൈനല്‍ ഇയര്‍ പ്രൊജക്റ്റ് ചെയ്യാന്‍ എറണാകുളത്തു പോയപ്പോള്‍ അവിടെ വച്ച് പരിചയപ്പെട്ട കോഴിക്കോട്ടുകാരി. എറണാകുളത്തു നിന്നും കണ്ണൂരിലേക്കുള്ള യാത്രകളില്‍ അവളായിരുന്നു എന്റെ കൂട്ട്. വെറും ഒരു മാസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ ആ യാത്രകള്‍ക്ക്. പ്രൊജക്റ്റ് വര്‍ക്കും ഫൈനല്‍ എക്സാമും കഴിഞ്ഞു വീട്ടില്‍ ഭാവിയെ കുറിച്ച് തല പുകഞ്ഞു ആലോചിച്ചു ഇരിക്കുന്ന ഒരു ദിവസം അവളുടെ ഫോണ്‍ വന്നു. കോഴിക്കോട്ടു ഒരു ജോബ് ഫെയര്‍ നടക്കുന്നുണ്ട് വിപ്രോ, ഇന്‍ഫോസിസ്, ടി സി എസ് തുടങ്ങി വമ്പന്മാരൊക്കെ വരുന്നുണ്ട് അതിനെ കുറിച്ച് പറയാനായിരുന്നു അവള് വിളിച്ചത്. ഞാന്‍ ഒന്നും ആലോചിച്ചില്ല, നേരെ കോഴിക്കോട്ടേക്ക്.
ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഒരു പൂരത്തിനുള്ള ആളുണ്ട്. അവളുടെ ഫോണ്‍ വീണ്ടും വന്നു, ഞാന്‍ എവിടെയാണ് ഉള്ളത് എന്നറിയാനായിരുന്നു അവള് വിളിച്ചത്. ആ തിരക്കിനിടയില്‍ ഒടുവില്‍ ഞാനവളെ കണ്ടെത്തി. അവളുടെ കൂടെ അവളുടെ അച്ഛനും ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായാണ് അവളുടെ അച്ഛനെ നേരില്‍ കാണുന്നത്. അവള് എന്നെ അവളുടെ അച്ഛന് പരിചയപ്പെടുത്തി. എഴുത്ത് പരീക്ഷകളും ഇന്റര്‍വ്യൂകളും പൊടി പൊടിക്കുന്നു. എറണാകുളത്തു പ്രവര്‍ത്തിക്കുന്ന ഒരു ഐ ടി കമ്പനിയുടെ അവസാന ഘട്ട ഇന്റര്‍വ്യൂവിനു ഞാനും അവളും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഏതാണ്ട് വൈകുന്നേരം ആയപ്പോഴേക്കും ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു. സെലക്ട് ആയോ ഇല്ലയോ എന്നൊക്കെ ഒരാഴ്ചക്കുള്ളില്‍ അറിയിക്കാം എന്ന് അവര്‍ പറഞ്ഞു. പുറത്തിറങ്ങിയപ്പോള്‍ അവളും അവളുടെ അച്ഛനും എന്നെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു. ഞാന്‍ അവളുടെ വീട്ടില്‍ പോയി. അവിടെ അവളുടെ അമ്മയും ചേച്ചിയും ഉണ്ടായിരുന്നു. അവരെയെല്ലാം പരിചയപ്പെട്ടു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ കമ്പനിയില്‍ നിന്നും മെയില്‍ വന്നു ഞാന്‍ സെലക്ട് ആയിരിക്കുന്നു. ഒപ്പം അവളും. അങ്ങിനെ ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചു എറണാകുളത്തു ജോലി ആരംഭിച്ചു. ഏതാണ്ട് ഒരു വര്‍ഷം ആ കമ്പനിയില്‍ ഞങ്ങള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തു. ഒപ്പം ഞങ്ങളുടെ സൌഹൃദവും വളര്‍ന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തില്‍ ആയി. മറ്റു പല കമ്പനിയിലും ബെറ്റര്‍ ജോബിനായി ഞങ്ങള്‍ അപ്ലൈ ചെയ്തിരുന്നു. യാദ്രിശ്ചികമായി ഞങ്ങള്‍ക്ക് ബംഗ്ലൂരിലെ ഒരു എം.എന്‍.സിയില്‍ ജോലി കിട്ടി. ഞങ്ങള്‍ അങ്ങോട്ട് പോയി. ഒരേ ബാച്ച്, ഒരേ പ്രൊജക്റ്റ്, അടുത്തടുത്ത് ഇരിപ്പിടം. ഞങ്ങളുടെ സൌഹൃദം വളര്‍ന്നു. ഒരു പക്ഷെ ഒരു ആണിനും പെണ്ണിനും കുറെകാലം സുഹൃത്തുക്കള്‍ മാത്രം ആയി ഇറക്കാന്‍ പറ്റില്ല എന്നാ ഫിലോസഫി പറഞ്ഞിരുന്ന എന്റെ മറ്റു സുഹൃത്തുക്കള്‍ക്ക് ഞങ്ങള്‍ ഒരു ചോദ്യ ചിഹ്ന്നമായി മാറി. കറ കളഞ്ഞ സൗഹൃദം. എന്റെ തന്നെ മറ്റൊരു സുഹൃത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കൂടെ കിടന്നാലും തെമ്മാടിത്തരം കാണിക്കാത്ത സൗഹൃദം’.
ജോലി കിട്ടിയ കാലം തൊട്ടേ അവള്‍ക്കു പല വിവാഹാലോച്ചനകളും വരുന്നുണ്ടായിരുന്നു. പക്ഷെ ജാതകം കുടുംബം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട് ഒന്നും നടന്നില്ല. ഒടുവില്‍ ഡല്‍ഹിയിലെ ഒരു കമ്പനിയിലെ പ്രൊജക്റ്റ് മാനേജരുടെ ആലോചന വന്നു. എല്ലാം കൊണ്ടും യോജിച്ച ആലോചന. വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു. അവളുടെ കുടുംബവുമായും എനിക്ക് അടുപ്പമുള്ളത് കൊണ്ട് വിവാഹവും ആയി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഞാനും ഭാഗമായിരുന്നു. സ്വന്തം വീട്ടില്‍ നടക്കുന്ന ഒരു ചടങ്ങിനെന്ന പോലെ ഞാന്‍ സജീവമായി ആ കുടുംബത്തോടൊപ്പം നിന്നു. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ കൂടെ ഡല്‍ഹിയില്‍ സെറ്റില്‍ ചെയ്യാന്‍ അവള് തീരുമാനിച്ചു. വിവാഹത്തിന്റെ ഒരാഴ്ച മുന്‍പ് ജോലി രാജി വച്ചു. ഞാന്‍ ഒരാഴ്ചത്തെ ലീവും എടുത്തു. ഞങ്ങള്‍ ഒരുമിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച ബംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് വന്നത്. വിവാഹത്തിന്റെ രണ്ടു ദിവസം മുന്‍പ് തന്നെ ഞാന്‍ കോഴിക്കോട്ടു എത്തി. പതിവ് പോലെ എല്ലാ കാര്യങ്ങള്‍ക്കും ആ കുടുംബത്തോടൊപ്പം നിന്നു. വിവാഹ ദിവസമായ ഇന്നലെയും ഞാന്‍ എല്ലാ കാര്യങ്ങള്‍ക്കും അവരോടൊപ്പം നിന്നു. വിവാഹം കഴിഞ്ഞപ്പോള്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം വധു വരന്മാരെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ഞാനും അവരുടെ അടുത്തേക്ക് ചെന്നു. അവള് എന്നെ അവളുടെ ഭര്‍ത്താവിനു പരിചയപ്പെടുത്തി. എന്നെ കുറിച്ച് അവള് നേരത്തെ പറഞ്ഞു കാണണം, അദ്ദേഹം നേരത്തെ പരിചയമുള്ള ആളെ പോലെ എന്നോടു സംസാരിച്ചു. ഒടുവില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു പുറപ്പെടുന്നതിനു മുന്‍പ് അവള് എന്നോടു യാത്ര പറഞ്ഞു. വീണ്ടും കാണാം എന്നു പറഞ്ഞു. ഡല്‍ഹിയില്‍ എത്തിയാല്‍ കോണ്ടാക്റ്റ് നമ്പര്‍ അയച്ചു തരാം എന്നു പറഞ്ഞു. ഒടുവില്‍ വിവാഹത്തിന്റെ തിരക്കുകള്‍ എല്ലാം കഴിഞ്ഞു ഞാന്‍ രാത്രി തന്നെ ബംഗ്ലൂരിലേക്ക് തിരിച്ചു.
രാവിലെ ഓഫീസില്‍ എത്തിയ ഞാന്‍ എന്റെ ഇടതു ഭാഗത്തുള്ള സീറ്റിലേക്ക് ഒന്ന് നോക്കി. അവിടെ അവള് ഇല്ല. ഇന്നോ നാളെയോ വേറെ ആരെങ്കിലും വരുമായിരിക്കും. പക്ഷെ അമ്മു!! അവള് എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. എന്റെ സന്തോഷത്തിലും ദുഖത്തിലും എന്നോടൊപ്പം നിന്നവള്‍. ഞാന്‍ നല്ല നിലയില്‍ ജീവിക്കണം എന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍. ഞാന്‍ തിരിച്ചറിയുന്നു ഇന്ന് മുതല്‍ അമ്മു എന്റെ കൂടെ ഇല്ല, അവളുടെ സ്നേഹം നിറഞ്ഞ കുസൃതികള്‍ ഇല്ല, പരിഭവങ്ങള്‍ ഇല്ല. മനസ്സില്‍ എന്തോ ഒരു ശൂന്യത. അവളുടെ വിവാഹം ഉറപ്പിച്ചപ്പോഴും, വിവാഹം കഴിഞ്ഞു യാത്ര പറഞ്ഞു പോകുമ്പോഴും ഒന്നും ഇല്ലാത്ത എന്തോ ഒരു പിടച്ചില്‍ എന്റെ മനസ്സില്‍ അനുഭവപ്പെട്ടു. അവള് എനിക്ക് വെറും ഒരു സുഹൃത്ത് മാത്രമായിരുന്നോ?, അതോ ഞാന്‍ അവളെ പ്രണയിച്ചിരുന്നോ? ഈ നൊമ്പരം ആണോ യഥാര്‍ത്ഥത്തില്‍ പ്രണയം? ആവരുതെ എന്നു പ്രാര്‍ഥിക്കുന്നു. കാരണം അവളിലെ കാമുകിയെ അല്ല സുഹൃത്തിനെ ആണ് എനിക്ക് വേണ്ടത്. പ്രണയിക്കാന്‍ ഒരു പാടു പേരെ കിട്ടിയെന്നു വരാം, പക്ഷെ അവളെ പോലെയുള്ള ഒരു സുഹൃത്തിനെ ജീവിതത്തില്‍ ഒരിക്കലെ ലഭിക്കു. അവള് എന്നും എന്റെ നല്ല സുഹൃത്തായിരിക്കും, നല്ല സുഹൃത്ത് ….
161 total views, 1 views today
