ഹരിപ്പാട് തൊട്ട് തെക്കോട്ടുള്ള സ്ത്രീധനം, വീടുകാണൽ, വയറുകാണൽ, വിവാഹ സംഭാവന…ദുരാചാരങ്ങൾ

0
2566

Sheeba Vilasini എഴുതിയത്

കൊല്ലം , തിരുവനന്തപുരം ജില്ലയിലെ നല്ലവരായ സുഹൃത്തുക്കൾ ക്ഷമിക്കണം.
സ്ത്രീധനം കേരളത്തിൻ്റെ ശാപമാണെങ്കിലും , ഇത് അതിശാപമായി നിലനിൽക്കുന്നത് ഹരിപ്പാട് തൊട്ട് തെക്കോട്ടാണന്ന് പറയേണ്ടി വരും . അതും സർക്കാർ ഉദ്യോഗസ്ഥനെ കിട്ടാൻ വേണ്ടി ഏതു മാരക ഹോമവും അവർ നടത്തിക്കളയും . ഇവിടങ്ങളിലെ കല്യാണ മാമാങ്കങ്ങൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കല്യാണമാണന്ന് അറിവ് കിട്ടിയാലുടൻ സ്വർണ്ണക്കടക്കാർ നേരിട്ട് വീട്ടിലെത്തും .എത്ര പവൻ്റെ സ്വർണ്ണം വേണമെങ്കിലും ഒരു ചെറിയ അഡ്വാൻസ് കൊടുത്തതിനു ശേഷം ഷോറൂമിൽ നിന്ന് നമുക്കെടുക്കാം. കാരണം ,അവർക്കുറപ്പുണ്ട് കല്യാണം കഴിഞ്ഞ് പെണ്ണിറങ്ങിയാലുടൻ മുഴുവൻ പണവും കിട്ടുമെന്ന് . ഇതെങ്ങനെ എന്നല്ലെ ….

അതിന് നല്ല ഒന്നാന്തരം ഒരു തന്ത്രം അവിടുള്ളവർ വളർത്തിക്കൊണ്ടു വന്നിട്ടുണ്ട് . സംഭാവന എന്ന ഓമനപ്പേരിൽ നടക്കുന്ന നല്ല ഒന്നാന്തരം ബിസിനസ്സ് .ഒരു കല്യാണം / പുരവാസ്തുബലി കഴിഞ്ഞാൽ ലക്ഷങ്ങളാണ് അവിടുത്തെ വരുമാനം . 25 ലക്ഷം മുതൽ 50 ലക്ഷം വരെ .ചിലപ്പോൾ അതിനു മുകളിലും .അവിടെ എത്ര സംഭാവന കിട്ടി എന്നാണ് പലരും അന്വേഷിക്കുന്നത് .സംഭാവനഗ്രാഫ് താഴേയ്ക്ക് വരുന്നത് ഒരു മാനക്കേടായ് തന്നെയാണ് പലരും കരുതുന്നത്. അവിടുന്നൊരു ക്ഷണം വന്നാൽ ആഞ്ഞൂറോ ആയിരമോ ആയി കരുനാഗപ്പള്ളിയിലേയ്ക്ക് പോകാൻ കഴിയില്ല. കുറഞ്ഞത് 2000 ത്തിൻ്റെ ഒരു നോട്ടെങ്കിലും വേണം. വേണ്ടപ്പെട്ടവരെ കൂട്ടി നടത്തുന്ന ചടങ്ങുകളും സാമ്പത്തിക സഹായങ്ങളും മനസ്സിലാക്കാം .മുഖപരിചയം പോലും ഇല്ലങ്കിലും പഞ്ചായത്ത് മുഴുവൻ അടച്ചു വിളിച്ച് മൾട്ടിലെവൽ ബിസ്സിനസ്സ് സാമ്രാജ്യം തന്നെ തീർക്കുകയാണെന്ന് തോന്നിപ്പോകും. പിന്നെ , വന്നുവിളിച്ചവർ ആരാണന്നു പോലും അവിടെ ആർക്കും അറിയണ്ട .ക്ഷണക്കത്ത് കിട്ടിയാൽ അവർ ചെന്നിരിക്കും. സംഭാവനയും കൊടുക്കും .

എന്തുകൊണ്ടാണന്നല്ലെ …. ഈ കൊടുക്കുന്ന തുക ബാങ്കിൽ ഇടുന്നതിനേക്കാൾ ഭദ്രം .ഓരോരുത്തരും കൊടുക്കുന്ന സംഭാവനകൾ കൃത്യമായി എഴുതി വെയ്ക്കും. എത്രവർഷം കഴിഞ്ഞാലും ഒരു തേയ്മാനവും ഇല്ലാതെ തിരിച്ചു കിട്ടുകയും ചെയ്യും . തിരിച്ചു കിട്ടിയില്ലായെങ്കിൽ ………
അതുകൊണ്ടുതന്നെ എന്ത് ആവശ്യം മാറ്റിവെച്ചിട്ടായാലും അവർ സംഭാവന കൊടുത്തിരിക്കും .എന്നാലല്ലെ നാളെ ഒരു സമയം തൻ്റെ മകളെയും അപ്പുറത്തുകാര് കൊടുത്തതിനേക്കാൾ കൂടുതൽ കൊടുത്ത് സ്വർണ്ണത്തിൽ പൊതിഞ്ഞ് പ്രദർശനത്തിന് ഇറക്കാൻ പറ്റു .ഒരുതരം മത്സരം .എന്നിട്ടു വേണം പത്താളിൻ്റെ മുന്നിൽ ഞെളിഞ്ഞിരുന്ന് ഞനെൻ്റെ മോൾക്ക് അത്രയും കൊടുത്തു ഇത്രയും കൊടുത്തു എന്ന് വീമ്പ് പറയാൻ .സ്ത്രീധന മഹാമാരിക്ക് നല്ല ഒന്നാന്തരം വളം ഇടീലാണിത്.

പെങ്കൊച്ചിൻ്റെ അടിവസ്ത്രത്തിൽ ചുവപ്പു നിറം കണ്ടുതുടങ്ങുന്നതോടെ അവിടങ്ങളിലെ അമ്മമാർക്ക് പിന്നെ കിടക്കപ്പൊറുതിയില്ല. സംഭാവന കൊടുപ്പിൻ്റെ കനം അങ്ങ് കൂട്ടും. പെങ്കൊച്ചിന് 17 ആകുമ്പോഴേ പലരോടും പറയാൻ തുടങ്ങും . ഒരു സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ ഞങ്ങൾ അത്രേം കൊടുക്കും ഇത്രേം കൊടുക്കും എന്നൊക്കെ. ആൺമക്കൾ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ മാതാപിതാക്കൾ വളഞ്ഞൊരു മൂക്കേൽപിടുത്തമുണ്ട്. ‘ ഒന്നുമല്ലേലും അവനൊരു സർക്കാർ ഉദ്യോഗസ്ഥനല്ലെ …. ‘ ഈ ‘ ഒന്നുമല്ലേലും ‘ എന്ന പ്രയോഗത്തിൽ ഒളിഞ്ഞിരിപ്പുണ്ട് സകലമാന ആർത്തിയും. എന്നിട്ട് പറയുന്നതോ , ഞങ്ങൾ ഒന്നും ചോദിച്ചില്ല പെണ്ണിനെ മാത്രം മതി .

പെൺകുട്ടി രണ്ടോ മൂന്നോ വർഷം കൂടി നിന്നു പോയാൽ ഉത്തരവാദിത്വമുള്ള നാട്ടുകാർ ചോദ്യം തുടങ്ങും .മോൾക്ക് കല്യാണം ഒന്നും ആയില്ലെ ….ഇതോടെ അമ്മമാരുടെ BP കൂടും . അതുമാത്രവുമല്ല ഇവളെങ്ങാനും വലവനേം പ്രേമിച്ച് ഇറങ്ങിപ്പോയാൽ തീർന്നില്ലെ …. നാടുനീളെ കൊടുത്തിട്ടിരിക്കുന്ന ഈ ലക്ഷങ്ങൾ എങ്ങനെ വാങ്ങും എന്ന വേവലാതി വേറെ .

തെക്കൻ ജില്ലകളിലെ അന്ധ വിശ്വാസത്തെ കുറിച്ചുകൂടി പറയാതെ വയ്യ. പെങ്കൊച്ചിന് പത്ത് പതിനഞ്ച് വയസ്സാകുമ്പോഴെ ഏതെങ്കിലും ഒരു ജ്യോത്സ്യനെ കണ്ട് ജാതകം നോക്കിക്കും .അത് നോക്കീട്ട് ജ്യോത്സ്യൻ ഇങ്ങനെ ഒരു പറച്ചിലുണ്ട് . ‘ ഈ കുട്ടിക്ക് 19 കഴിഞ്ഞ് 20 നകം മംഗല്യ യോഗണ്ട് .ആ സമയത്ത് അത് നടക്കണം. ഇല്യാന്നു വെച്ചാൽ പിന്നെ 35 കഴിയും ‘ . പോരെ പൂരം . പിന്നെ മാതാപിതാക്കൾ അടങ്ങിയിരിക്കോ .വിസ്മയയുടെ കാര്യത്തിലും അങ്ങനെ സംഭവിച്ചിരിക്കാം .അതുകൊണ്ടാണല്ലൊ കോഴ്സുപോലും കഴിയുന്നതിനു മുൻപ് താലിക്കുരുക്ക് കയറിയത് . പിന്നെ , ചൊവ്വാദോഷം , പാപദോഷം , ശുദ്ധജാതകം അങ്ങനെ പെൺപിള്ളേരെ കുരുതികൊടുക്കാൻ ഐറ്റം പലതും ഉണ്ട്.

നാണം കെട്ട ഈ കല്യാണക്കച്ചവടത്തിൻ്റെ മറ്റൊരു വൃത്തികെട്ട മുഖമാണ് അടുക്കള കാണൽ . ഫ്രിഡ്ജ് TV AC അണ്ടാവ് അലമാര തുടങ്ങി ഏത്തക്കുല വരെ എടുപ്പത് സാധനം ….ചെറുക്കൻ വീട്ടുകാരുടെ മുന്നിൽ നമ്മുടെ കൊച്ചിന് ഒരു കുറവു വരരുതല്ലൊ രണ്ടെണ്ണം കൂടുതൽ ഇരിക്കട്ടെ എന്ന മട്ട്. ഓരോ വീടുകാഴ്ച കാണുമ്പോഴും 25 വർഷം മുൻപ് എൻ്റെ ആങ്ങള പറഞ്ഞ ഡയലോഗാണ് ഓർമ്മയിൽ വരുക. എൻ്റെ വീട്ടിൽ നിന്ന് അടുക്കള കാണാൻ വരുന്നു എന്നു അറിയിച്ച ഉടനെ വന്നു അമ്മായിഅമ്മയുടെ നീളൻ ലിസ്റ്റ് .ഫ്രിഡ്ജും TV യും മിക്സിയും ഇവിടില്ല. അണ്ടാവും ഇല്ല. ഉടനെ വന്നു ആങ്ങളയുടെ മറുപടി , ‘ എന്നാൽ രണ്ടു കറിച്ചട്ടിയും മൂന്നാല് പ്ലെയിറ്റും കൂടി വാങ്ങിത്തരാം .ഇത്രയും കാലം ഇവിടെല്ലാരും പാളയാണോ ഉപയോഗിച്ചു കൊണ്ടിരുന്നത്. ‘

കൊല്ലം ജില്ലയിലുള്ളവർ അടുക്കള കാഴ്ചയ്ക്ക് പോകുന്നത് ഒന്ന് കാണേണ്ട കാഴ്ചയാണ് . മറ്റുള്ളിടത്ത് പത്തോ പതിനഞ്ചോ കൂടിവന്നാൽ 25 അംഗങ്ങൾ വരുന്നിടത്ത് ഇവർ വരുന്നത് 150 മുതൽ 200 വരെ . ഞങ്ങൾ ആൾബലമുള്ളവർ എന്നു കാണിക്കലല്ല ഇതിനു പിന്നിലെ രഹസ്യം . അവിടെയുമുണ്ട് കൃത്യമായ അജണ്ട .വീടുകാഴ്ചയ്ക്കു മാത്രമായി ഒരു സംഭാവനയുണ്ട്. വീട്ടുകാഴ്ചയ്ക്ക് വിളിച്ചാലുടൻ അമ്മമാർ ഒരു സംഭാവനയുമായി ചെല്ലും .ഇതും എഴുതി തന്നെയാണ് വാങ്ങുക . ഈ കൊടുക്കുന്നത് തിരിച്ചു കിട്ടണമെങ്കിൽ നമ്മളും വീടുകാഴ്ച പോകാനായി അവരെ ചെന്നു വിളിക്കണം .ചുരുക്കിപ്പറഞ്ഞാൽ നാടുനീളെ പരക്കം പാഞ്ഞ് നടന്ന് കൊടുക്കുന്ന ഈ സംഭാവനകൾ തിരിച്ചു കിട്ടാനാണ് ഈ ആളെയെല്ലാം വിളിച്ച് വണ്ടിയിൽ കയറ്റി കൊണ്ടുവരുന്നത്. പെൺകുട്ടിയുള്ള അമ്മമാരാണ് വൃത്തികെട്ട ഈ രീതി വളർത്തിക്കൊണ്ടു വരുന്നത് എന്ന കാര്യം പ്രത്യേകം ഓർക്കണം. തീർന്നില്ല കാര്യങ്ങൾ അടുക്കള കാണലെല്ലാം കഴിഞ്ഞ് തിരിച്ച് പോകാൻ നേരം പെണ്ണിൻ്റമ്മ ചെറുക്കൻ്റമ്മയുടെ കയ്യിൽ ഒരു തുക വെച്ചു കൊടുക്കും .അവിടുത്തെ ചെലവിനുള്ളതാണത്രെ അത്‌. ഉടനെ ചെറുക്കൻ്റമ്മ അതിൽ നിന്ന് ഒരു ചെറിയ തുക പെണ്ണിൻ്റമ്മയ്ക്ക് കൊടുക്കണം .എന്തിനാണെന്നൊ , വണ്ടിക്കൂലി ….. നാറാണത്തു ഭ്രാന്തനേലും കഷ്ടം പിടിച്ച കുറെ ആചാരം . ഈ നിബന്ധനകളെങ്ങാനും ഒന്നു തെറ്റിയാൽ അവിടുന്നേ തുടങ്ങും കല്ലുകടി . ഇവിടെങ്ങും നിൽക്കില്ല കാര്യങ്ങൾ ,പെണ്ണ് ഗർഭിണിയായി ഒന്നു പെറട്ടെ .കൊച്ചിൻ്റെ 28 കെട്ടിനാണ് ബാക്കി പൊടിപൂരം .

ഇമ്മാതിരി കച്ചവടങ്ങൾക്കൊന്നും ഞാൻ പോകാറില്ലങ്കിലും ,ഒഴിയാൻ പറ്റാത്ത ഒരു 28 കെട്ടിന് കരുനാഗപ്പള്ളിയിൽ പോയതിൻ്റെ നാറിയ ഓർമ്മ ഇന്നും ഹൃദയത്തിലുണ്ട്. കൊറോണയ്ക്ക് മുൻപാണ് .ദൂരെ നിന്നേ കണ്ടു വീടിൻ്റെ മുന്നിലെ പന്തലും ആൾക്കൂട്ടവും .കുഞ്ഞിനിട്ടാൻ 2 ഗ്രാമിൻ്റെ വളയുമായിട്ടാണ് ഞാൻ ചെല്ലുന്നത്. പേഴ്സിൽ നിന്ന് വള കയ്യിലെടുത്തതും അടുത്തിരുന്ന പെൺകുട്ടി ഒരു ചോദ്യം. വളയിൽ ടാഗ് കെട്ടിയോ ? ഞാൻ വളയിലേയ്ക്ക് നോക്കി .കെട്ടിയിട്ടുണ്ടല്ലൊ കടയിന്ന് വാങ്ങിയപ്പോഴെ ഉണ്ട്. അയ്യോ അതല്ല ഇവിടുന്ന് ഒരു നമ്പർ തരും അത് വളയിൽ ഒട്ടിക്കണം . വളവാങ്ങി 23 എന്ന നമ്പൽ ഒട്ടിച്ചു തന്നു. ഇരുപത്തിമൂന്നാമതായി വേണോ വളയിടാൻ എന്ന് ഞാൻ . അല്ല .ചേച്ചി ഇട്ടോളു എന്ന് പെൺകുട്ടി.

അസ്വസ്ഥതയോടെ കരയുന്ന ആ കുഞ്ഞിൻ്റെ കയ്യിലേയ്ക്ക് ഇടാൻ വിഷമം തോന്നിയതിനാൽ വള കുഞ്ഞിൻ്റെ അമ്മയുടെ കയ്യിൽ കൊടുത്തു .അപ്പോഴാണ് ശ്രദ്ധിച്ചത് അടുത്തിരുന്ന് എഴുതുന്ന പെൺകുട്ടിയുടെ ബുക്കിൽ 1 മുതൽ 200 വരെ അക്കം ഇട്ടു വെച്ചിരിക്കുന്നു. ഞാൻ വള കയ്യിൽ കൊടുത്തതും പെൺകുട്ടി അത് വാങ്ങി 23 എന്ന നമ്പറിനു നേരെ എൻ്റെ പേരും വീട്ടു പേരും എഴുതി വള എന്നും രേഖപ്പെടുത്തി .ഇനി ഈ കിട്ടിയ ഉരുപ്പടികളെല്ലാം സ്വർണ്ണക്കടയിൽ കൊണ്ടുപോയി ഓരോന്നായി തൂക്കിക്കും .എന്നിട്ട് ഓരോരുത്തരുടെയും പേരിന് നേർക്ക് എഴുതി വെയ്ക്കും .എന്നെങ്കിലും തിരിച്ചു കൊടുക്കുമ്പോൾ കൂടുകയോ കുറയുകയോ ചെയ്യരുതല്ലോ . പണ്ടൊക്കെ ഒരു സോപ്പൊ പൗഡറോ ഒരു കുഞ്ഞുടുപ്പോ ആയിട്ട് കുഞ്ഞിനെ കാണാൻ പോകാം ഇന്നത് നടക്കില്ലന്ന് സാരം. സത്യം പറഞ്ഞാൽ വെറുപ്പു തോന്നിപ്പോയി. പിറന്നു വീഴുന്ന ഒരു കുഞ്ഞിനെ വെച്ചുവരെ തുടങ്ങുന്ന ഈ കച്ചവടത്തിൽ അറിയാതെയെങ്കിലും ഭാഗമാകേണ്ടി വന്നതിൽ സ്വയം ലജ്ജിക്കുന്നു.

എന്തിനും പണത്തിൻ്റെ ഈ കണക്കുകൾ അതിതീവ്ര മാരകശേഷിയുള്ള മഹാമാരി പോലെ സമൂഹത്തിൽ പടരുകയാണ്. വകഭേദം വന്ന് ഭാവിയിൽ ഇത് എത്രപേരെ കൊന്നൊടുക്കുമെന്ന് കണ്ടുതന്നെ അറിയണം. നന്മ മാത്രം ഉണ്ടായിരുന്ന എൻ്റെ പ്രിയനാടെ പണക്കിലുക്കത്തിൽ മതിമറന്നത് എന്നു മുതലാണ് .എല്ലാ നാട്ടിലുമുണ്ടാകും ഇതുപോലെ വൃത്തികെട്ട കുറേ രീതികൾ .പുതു തലമുറയ്ക്കെങ്കിലും മാറ്റം വന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോകുന്നു.