വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ് ഷീലു എബ്രഹാം. ഭരണങ്ങാനത്ത് ജനിച്ച ഷീലു എബ്രഹാം മാത്യുവിന്റെ ഭാര്യയാണ്. 1987 ഓഗസ്റ്റ് 21 ന് കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് ജനിച്ചു. വിവാഹിതയായതിനുശേഷമാണ് ഷീലു അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഭർത്താവും സിനിമാ നിർമ്മാതാവുമായ എബ്രഹാം മാത്യു നിർമ്മിച്ച വീപ്പിങ്ങ് ബോയ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം മംഗ്ളീഷ്, ഷീ ടാക്സി,കനൽ, ആടുപുലിയാട്ടം, പുത്തൻപണം, സ്റ്റാർ എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2022 -ൽ വീകം എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ഷീലു എബ്രഹാം സിനിമാനിർമ്മാണവും ആരംഭിച്ചു.
എന്നാൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഷീലുവിനെ കുറിച്ചുള്ള ട്രോളുകൾ വ്യാപകമാണ്. ഭര്‍ത്താവ് എബ്രഹാം മാത്യൂവിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ അബാം മൂവീസിന്‍റെ ചിത്രങ്ങളിലാണ് ഷീലു കൂടുതലായി പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ട്രോളിന് കാരണം. ഭർത്താവ് ചിത്രങ്ങള്‍ എടുക്കുന്നത് ഷീലുവിന് വേണ്ടിയാണ് എന്നാണ് ട്രോളുകളുടെ അടിസ്ഥാനം. ഇപ്പോൾ ഇത്തരം ട്രോളുകള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും മറുപടി നൽകുകയാണ് ഷീലു
“ആദ്യകാലത്ത് ഇത്തരം വിമര്‍ശനങ്ങള്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നെ ഇത്തരം കമന്‍റുകള്‍ എനിക്ക് കൂടുതല്‍ പ്രശസ്തി നല്‍കുന്നതായി മനസിലായി. 18 സിനിമകള്‍ ചെയ്താല്‍ പോലും ലഭിക്കാത്ത പ്രശസ്തിയാണ് ഇത്തരം കമന്‍റില്‍ പറയുന്ന ഷീലു എന്നതിലൂടെ ലഭിക്കുന്നത്. ഇപ്പോൾ അബാം മൂവീസ് എന്നൊരു ബാനർ കണ്ടാൽ അത് ഷീലു എബ്രഹാമിന് വേണ്ടി നിർമിച്ച സിനിമ എന്ന് അവർ പറയും. നായിക ഞാനായിരിക്കും എന്നതാണ് അവർ പറയുന്നത്. പിന്നെ അതിനെ ബേസ് ചെയ്തു കൊണ്ടുള്ള ട്രോളുകളും വരും.
ഭര്‍ത്താവ് നിര്‍മ്മിക്കുന്ന എല്ലാ ചിത്രത്തിലും അഭിനയിക്കാനാണെങ്കില്‍ എനിക്ക് എത്ര ചിത്രത്തില്‍ അഭിനയിക്കാം. അടുത്ത മാസം നിര്‍മ്മാണം തുടങ്ങുന്ന ചിത്രം ഞാനാണ് പ്രൊഡക്ഷന്‍ എന്നാല്‍ അതില്‍ അഭിനയിക്കുന്നില്ല . ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്. എന്നാല്‍ അത് തെറ്റാണ്. ഒരു സിനിമക്ക് വേണ്ടി വെറുതെ കളയാനുള്ള പണമൊന്നുമില്ല. ആ പണം അദ്ദേഹം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്.നമ്മൾ നിർമിച്ച ഒരു സിനിമയും പെട്ടിക്കകത്ത് ഇരുന്നു പോയിട്ടില്ല. എല്ലാം റിലീസ് ചെയ്ത് നഷ്ടമില്ലാതെ പോകുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയാണ് നമ്മുടേത് “ഷീലു പറഞ്ഞു.