ബാബറിന് കൊടുക്കുന്ന അഞ്ചേക്കർ ഭൂമിയിൽ പണ്ട് ആരൊക്കെ ഭരിച്ചു, മുമ്പ് ഏതെങ്കിലും മന്ദിരങ്ങൾ ഉണ്ടായിരുന്നോ എന്നെല്ലാം അന്വേഷിപ്പിക്കണം

1019

Shefeek Musthafa

ഇതുവരെ പരിഹാരമില്ലാതിരുന്ന കേസിനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. നല്ല കാര്യം. കുറേനാൾ കേസ് നടത്തിയെങ്കിലും 5 ഏക്കർ ബാബറിനു പതിച്ചു കിട്ടുമെന്ന കാര്യത്തിൽ സന്തോഷിക്കാം. ബാബർ ഇതു കേൾക്കുമ്പോൾ ഖബറിൽ കിടന്ന് ചിരിക്കും. ഹിഹി. ആയിരക്കണക്കിന് ആളുകൾക്ക് ഭൂമി പതിച്ചു നൽകുകയും അവരിൽ നിന്ന് കരം ഈടാക്കുകയും ചെയ്തിരുന്ന ബാബർ… ആ ബാബറിന് 5 ഏക്കർ ഭൂമി. പുള്ളി ചിരിക്കുമെന്ന കാര്യം രണ്ടരത്തരമാണ്. ഹിഹി.

ഒന്നുമില്ലാതിരിക്കുന്നതിലും ഭേദമല്ലേ അഞ്ചേക്കർ ഭൂമി. അതുകൊണ്ട് സന്തോഷിക്കുകയും ചെയ്യും. അത് മൂന്നരത്തരം.

പക്ഷേ, ആ ഭൂമി ഇനിയും കൈവിട്ടു പോകാൻ പാടില്ല. അതുകൊണ്ട് കോടതി തരാമെന്നു പറഞ്ഞ അഞ്ചേക്കർ ഭൂമി എല്ലാ കേടും കഴിച്ച് ഉള്ളതായിരിക്കണം. അത് ഉറപ്പാക്കാനായി സർക്കാർ മുൻകയ്യെടുത്ത് ഈ അഞ്ചേക്കറും ആർക്കിയോളജിസ്റ്റുകളെക്കൊണ്ട് കുഴിപ്പിച്ചു നോക്കണം. ഒരിഞ്ചു പോലും വിടരുത്. വിട്ടാൽ അവിടെ കൊടിപൊന്താനുള്ള സാധ്യതയുണ്ട്. പിന്നെ കേസായി, തർക്കമായി, പൊല്ലാപ്പായി.. എന്തിനു വെറുതേ?

അതുപോലെ ചരിത്രകാരന്മാരെക്കൊണ്ട് പുസ്തകങ്ങളായ പുസ്തകങ്ങളെല്ലാം അരിച്ചു പെറുക്കിക്കണം. ഈ അഞ്ചേക്കർ ഭൂമിയിൽ പണ്ട് ആരൊക്കെയാണ് ഭരിച്ചിരുന്നത്? എത്രനാൾ ഭരിച്ചു? അവിടെ മുമ്പ് ഏതെങ്കിലും മന്ദിരങ്ങൾ ഉണ്ടായിരുന്നോ എന്നെല്ലാം അന്വേഷിപ്പിക്കണം.

ആന്ത്രപ്പോളജിസ്റ്റുകളെക്കൊണ്ട് അവിടെ ജീവിച്ചിരുന്ന മനുഷ്യ കുലങ്ങളുടെയെല്ലാം ലിസ്റ്റ് എടുപ്പിക്കണം. ആരായിരുന്നു അവർ, എന്തായിരുന്നു അവർ, ആരൊക്കെയായിരുന്നു അവരുടെ ദൈവങ്ങൾ, എന്തായിരുന്നു അവരുടെ ആരാധനകൾ, ഭൂമിയുടെ പരിസരത്ത് ജീവിച്ചിരുന്നവർ ആരൊക്കെ? ഇതെല്ലാം അന്വേഷിക്കണം.

ബൊട്ടാണിസ്റ്റുകളെക്കൊണ്ട് ഭൂമി മുഴുവൻ നിരീക്ഷിപ്പിക്കണം. ഏതെങ്കിലും ജനതയുടെ പുണ്യവൃക്ഷങ്ങളുടെ വേരുകൾ അതിൽ ആഴ്ന്നു കിടപ്പുണ്ടോ എന്നു നോക്കണം. ഉണ്ടെങ്കിൽ വേണ്ട. ചില മരങ്ങൾ പാഴ് വേരുകളിൽ നിന്നു പൊട്ടിക്കിളിക്കുന്നവയാണ്.

ബയോളജിസ്റ്റുകളെക്കൊണ്ട് ഭൂമിയിൽ ജീവിച്ചിരുന്നതും ജീവിച്ചിരിക്കുന്നതുമായ പക്ഷി മൃഗ മണ്ണിരയാദികളുടെ ല്ലിസ്റ്റ് എടുപ്പിക്കണം. ഏതെങ്കിലും വർഗങ്ങളുടെ പുണ്യജീവിയെ കണ്ടെത്തിയാൽ അതും വേണ്ട. റിസ്കാണ്.

രജിസ്ട്രാറെക്കൊണ്ട് മുന്നാധാരവും മുന്നാധാരത്തിന്റെ മുന്നാധാരവും അതിന്റെ മുന്നാധാരവും പിന്നെ കുറേ മുന്നാധാരവും എടുപ്പിച്ച് നിർദ്ധാരണം ചെയ്യണം.

എല്ലാം കഴിഞ്ഞ് ശുദ്ധമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ബാബർക്ക് ഭൂമി നൽകാവൂ. അത് കോടതിയിലേക്കുള്ള പാതയോരത്താണെങ്കിൽ അത്രയും നന്ന്. അങ്ങനെയെങ്കിൽ ബാബർ അവിടെ ഒരു പള്ളി ഉയർത്തുമ്പോൾ അതുവഴി പോകുന്ന ജഡ്ജിമാർക്ക് അതു ചൂണ്ടി അഭിമാനത്തോടെ പറയാമല്ലോ: “അതാ.. ഞങ്ങളുടെ ചരിത്രപരമായ വിധിന്യായം..”