ഒരു വസ്തുവിനും കൊള്ളാത്ത വാസ്തു എന്ന അന്ധവിശ്വാസം

0
425

എഴുതിയത് : Shehazad Azil

ആറ്റുനോറ്റ് ഒരു വീട് വെക്കാൻ ഇറങ്ങിയപ്പോൾ വാസ്തുവിൽ അഗാധ വിശ്വാസമുള്ള വല്യമ്മയും ഉമ്മയെ പിണക്കാൻ വയ്യാത്ത എൻറെ ഉപ്പയും വിളിച്ചു കൊണ്ടു വന്ന ഒരു ഒരു വാസ്തു ശാസ്ത്ര പണ്ഡിതൻ കാരണം ചെറിയ ചെറിയ കൊനിഷ്ടുകൾ നേരിടേണ്ടിവന്ന ഒരാളെന്ന നിലക്ക് പറയാനുള്ള അവകാശം ഉണ്ടെന്നു കരുതുന്നു.

( ഈ കൂട്ടരുടെ വലിയ വലിയ ഉപദ്രവങ്ങൾ വരിക നമ്മൾ വീടുണ്ടാക്കിയ ശേഷം വല്ല അസുഖവും വന്നു പലരും പറഞ്ഞു പേടിപ്പിച്ചു വാസ്തു പണ്ഡിതരെ കാണുമ്പോഴാണ്. അത്തരം ഡിമാൻഡുള്ള സിറ്റുവേഷനിൽ ഒരു ഭിത്തി എങ്കിലും പൊളിപ്പിച്ചില്ലെങ്കിൽ അവരുടെ സ്റ്റാർ വാല്യു ഇടിയും. അങ്ങനെ പൊളിപ്പിച്ച ഏതെങ്കിലും ഒരു ‘ഭിത്തി’ ചക്ക ഏതേലും മുയലിന്റെ ഉച്ചിയിൽ എങ്ങാനും വീണാൽ പിന്നെ പണ്ഡിതന്റ റേഞ്ച് മാറും. അത്തരം ഒരു പണ്ഡിതനാണ് വീട്ടിലും വന്നത്.

റോഡ് സൈഡിൽ ഉള്ള പഴയ വീട്ടിൽനിന്ന് കുറച്ച് ഉൾ ഏരിയയിലോട്ട് മാറാൻ സമ്മതിച്ചത് തന്നെ 65 സെൻറ് ഉണ്ടായതുകൊണ്ട് കുറച്ചധികം മുറ്റം കിട്ടുമെന്ന് കരുതി ആയിരുന്നു.പണ്ഡിതൻ വന്ന് പുണ്യ സ്ഥാനം കണ്ടു പിടിച്ചപ്പോൾ ദേ കിടക്കുന്നു മുറ്റം, പഴയ വീട്ടിലുണ്ടായിരുന്ന പകുതി പോലും ഇല്ല, കാർ വേണമെങ്കിൽ ചെരിച്ചു പാർക്ക് ചെയ്യാം. ഞാൻ സമ്മതിക്കുന്നില്ല എന്ന് കണ്ടപ്പോൾ കുറച്ചു പുണ്യം കുറവാണെങ്കിലും പിറകിലും അദ്ദേഹം സ്ഥാനം കണ്ടെത്തി. ആഞ്ഞു പിടിച്ചാൽ സ്ഥാനം ഇനിയും നീങ്ങുമെന്ന് മനസ്സിലാക്കിയെങ്കിലും “മുറ്റം നീ അടിച്ചു വരുമോ ” എന്ന് ഉമ്മ ചോദിച്ചപ്പോൾ ഞാൻ നിർത്തി.

പിന്നെയും ഒന്നുരണ്ട് പണികൾ തന്നിട്ടാണ് പുള്ളി ദക്ഷിണയും വാങ്ങി പോയത്. അതിലൊന്നായിരുന്നു കിഴക്കോട്ട് നോക്കി വീടിനുള്ളിലേക്ക് കയറണം എന്നുള്ളത്. നേരെ ഫ്രണ്ടിൽ കൂടെ കയറുന്നതും സൈഡിലെ ഇടുങ്ങിയ വശത്തിലൂടെ കയറുന്നതും നല്ല വ്യത്യാസം ഉണ്ടായിരുന്നതുകൊണ്ട് വീട്ടുകാരെ കുറെ കാലം എടുത്തു പറഞ്ഞാണ് സമ്മതിപ്പിച്ചത്

രണ്ടു സെൻറിൽ വരെ വീട് വെക്കുന്ന ഈ കാലത്ത്…
ഒരു ചെറു ലോറി എങ്കിലും വരാനുള്ള റോഡ് ഉണ്ടോ … മൊബൈൽ കവറേജ് ഉണ്ടോ എന്ന് നോക്കുന്ന ഈ കാലത്ത്… കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയോ എന്ന് നോക്കാൻ പോകുന്ന വരും കാലത്ത് ..വാസ്തു ഭഗവാന് ചെരിഞ്ഞും മറിഞ്ഞും കിടക്കാനും തല നേരെ വെച്ച് കഴുത്തു വേദന ഇല്ലാതെ കിടക്കാനും ഒക്കെയാണ് നോക്കേണ്ടത് എങ്കിൽ കഷ്ടമാണ്..!!

സിമ്പിളായി പറയാം…

പണ്ടുകാലത്ത് അത്താണികൾ ഉണ്ടായിരുന്നു. മിക്കവയും കരിങ്കല്ലുകൊണ്ട് ഉള്ളതായിരുന്നു.
അങ്ങനെയാണ് കേരളത്തിലെ പല ഭാഗങ്ങളിലും കരിങ്കല്ലത്താണി എന്ന പേരിൽ സ്ഥലങ്ങൾ ഉണ്ടായത്. അന്നത്തെ മനുഷ്യന്, അതായത് തലയിൽ വളരെയധികം ഭാരം കയറ്റി വെച്ച് വരുന്ന ഒരു മനുഷ്യന് അന്നത് അത്യാവശ്യമായിരുന്നു. മനുഷ്യർക്ക് ആ അത്താണികൾ ആവശ്യമില്ലെങ്കിൽ പൊളിക്കാം. ഒന്ന് മതിയാവാതെ വരുന്നെങ്കിൽ പുതിയതൊരെണ്ണം ഉണ്ടാക്കാം.ഉള്ളത് വേണമെന്നുണ്ടെങ്കിൽ നന്നാക്കി പണിയാം. എല്ലാം ആവശ്യാനുസരണവും സൗകര്യാനുസരണവും ചെയ്യാവുന്നയായിരുന്നു.

കുറച്ചുപേർ ചേർന്ന് ആ കരിങ്കല്ലിൽ ഒരു ദൈവീകത കൊണ്ടു വന്നാൽ പിന്നീടെന്ത് സംഭവിക്കും.?
50 വർഷം കഴിഞ്ഞാണെങ്കിൽ അതിൻറെ എഫക്റ്റ് ഊഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരിക്കും !

വാസ്തു അന്ന് അത്താണിയായിരുന്നു… ഇന്നത് “ദൈവീക ശാസ്ത്രമാണ് “

ഇങ്ങനെയൊക്കെ പറയുമ്പോൾ വാസ്തു വിശ്വാസികൾ / താൽപര്യക്കാർ സ്ഥിരം പറയുന്ന ചില ഡയലോഗുകൾ ആണ്…
” വിശ്വാസമില്ലെല്ലേ.. എങ്കിൽ ധൈര്യമുണ്ടെങ്കിൽ തെക്കോട്ട് തിരിച്ച് വീടുപണിയ്, കന്നിമൂലയിൽ അത് ചെയ്യ്, സെപ്റ്റിക് ടാങ്ക് ഇവിടെ ചെയ്യ്.. എന്താ ഉണ്ടാവുന്നതെന്ന് നോക്കാലോ ”

വാസ്തു ഔട്ട്ഡേറ്റഡ് ആണ് എന്ന് പറയുന്നതിനർത്ഥം
കാറ്റും വെളിച്ചവും വരുന്ന ദിശകൾ നോക്കേണ്ട എന്നല്ല. അതെല്ലാം നോക്കി അനുയോജ്യമായ രീതിയിൽ വർത്തമാനകാലത്തെ ആവശ്യങ്ങളും പരിഗണിച്ച് ഉത്തമമായ രീതിയിൽ ആണ് വീട് പണിയേണ്ടത്.അല്ലാതെ ആയിരക്കണക്കിന് വർഷങ്ങൾ മുന്നത്തെ ആചാര്യ പണ്ഡിതന്മാരുടെ താല്പര്യങ്ങൾക്കും പഠനങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ചല്ല !