കോഴിക്കോട് എലൈറ്റ് മാളിൽ നടക്കേണ്ടിയിരുന്ന നല്ല സമയം എന്ന സിനിമയുടെ ട്രെയ്ലർ ലോഞ്ചിന് ഷക്കീല മുഖ്യാതിഥി ആയതുകൊണ്ട് അനുമതി നിഷേധിച്ചതിനെതിരെ വിവിധ തുറകളിൽ നിന്നും വിമർശനങ്ങൾ വന്നിരുന്നു. വിവിധ സാംസ്കാരിക നായകരും സിനിമാരംഗത്തെ പ്രമുഖരും പ്രതികരിച്ചിരുന്നു. തമിഴ്നാടൊക്കെ മാറിയിട്ടും കേരളം ഇതുവരെ മാറിയില്ല എന്ന് ഷക്കീലയും പറഞ്ഞിരുന്നു. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് മാളുകാര്‍ പറഞ്ഞതായി സംവിധായൻ ഒമര്‍ ലുലു പറഞ്ഞു. രണ്ടുനടിമാര്‍ക്ക് കഴിഞ്ഞ മാസം ദുരനുഭവമുണ്ടായത് ഇതേ മാളിലാണ്.
അതെ സമയം ഒമര്‍ ലുലുവിന്റെ ‘നല്ല സമയത്തിന് ‘ A സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. എന്നാൽ ഷക്കീലയെ കൊണ്ടുവരുന്നതുകൊണ്ടാണ് മാളുക്കാർ അത് അനുവദിക്കാതെ ഇരുന്നതെന്നായിരുന്നു ഒമറിന്റെ ആക്ഷേപം. മാളിന് എതിരെ പരസ്യമായി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷകീലയ്ക്ക് ഒപ്പം വിമർശിക്കുകയും കോഴിക്കോടുള്ളവരോട് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊരു സിനിമാ പ്രൊമോഷന്റെ ഭാഗമായി ചെയ്ത ചീപ്പ് പരിപാടി എന്നും ഷക്കീലയെ കരുവാക്കുകയായിരുന്നു എന്നും മോഡലും സാമൂഹിക പ്രവർത്തകയുമായ ജോമോൾ ജോസഫിനെ പോലുള്ളവരും പറയുകയുണ്ടായി.
എന്നാലിപ്പോൾ കോൺഗ്രസ് നേതാവ് വി ടി ബൽറാം സംഘടിപ്പിക്കുന്ന പരിപാടിയിൽ ഷക്കീല മുഖ്യാഥിതി ആയിരിക്കും എന്നാണു അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നത്. “ഇന്നു വൈകീട്ട് തൃശൂരിൽ ‘സഹയാത്രിക’യുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടിയിൽ പങ്കെടുക്കുന്നു.അഭിനേതാവും സാമൂഹ്യ പ്രവർത്തകയുമായ ഷക്കീല മുഖ്യാതിഥിയായിരിക്കും.” എന്നായിരുന്നു ബൽറാമിന്റെ കുറിപ്പ്.