പഴയ ഗ്രാമക്കാഴ്ച്ചകൾ (അനുഭവം)
By ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാര്‍
*****************
ഇതാണ് 1950 – 1960കളിലൊക്കെ ഗ്രാമാന്തരങ്ങളിലെ പാതകളിൽ കണ്ടിരുന്ന കാളവണ്ടി. സുഖമായ യാത്രക്ക് ഈ വണ്ടിയുടെ ചക്രങ്ങളിൽ ഇരുമ്പു പട്ട ഇടുമായിരുന്നു. എന്തിനേറെ, കാളകൾക്കു കാലിന്മേൽ ലാടം അടിച്ചു കേറ്റുമായിരുന്നു. ലാടം അടിക്കുമ്പോൾ വേദന കൊണ്ട് കാളകളുടെ കണ്ണീര് കാണുമ്പോൾ കുട്ടികളായ ഞങ്ങളും കരയുമായിരുന്നു.
ഒരു കാളയുള്ളതും രണ്ടു കാളയുള്ളതുമായ വണ്ടികള്‍ അന്നൊക്കെ സർവ്വസാധാരണമായിരുന്നു. സാധാരണ ഈ വണ്ടികൾ ഉപയോഗിച്ചിരുന്നത് ഗ്രാമങ്ങളിൽ നിന്ന് ചന്തയിൽ വിൽക്കേണ്ട സാധനങ്ങൾ ചന്തയിലേക്ക് കൊണ്ട് പോകാനും തിരിച്ചു ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങി കൊണ്ട് വരുവാനുമായിരുന്നു. പുഴയുള്ള ഗ്രാമങ്ങൾ തോണികളെയാണ് (വഞ്ചി) ഇക്കാര്യത്തിന് ആശ്രയിച്ചിരുന്നു.
കാട്ടൂര്‍ അങ്ങാടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചു ലേബർസെന്ററിലേക്ക് പോവുമ്പോള്‍ “ഡ്രൈവര്‍” ആയ പൈലിയേട്ടന് സുഖമായി വണ്ടിയില്‍ ഉറങ്ങുമ്പോള്‍ ആ ഒറ്റക്കാള റോഡിലൂടെ വല്ലപ്പോഴും വരുന്ന മറ്റു വാഹങ്ങങ്ങൾക്ക് സൈഡ് കൊടുത്ത് വീട്ടില്‍ കൃത്യമായി എത്തിയിരുന്നത് ഞങ്ങൾക്കൊക്കെ അന്നതൊരു സംസാരവിഷയമായിരുന്നു.
ഈ വണ്ടികൾ ചില പ്രത്യേക കാര്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. സിനിമകൊട്ടകയുടെ പരസ്യത്തിനായിരുന്നു അതിലൊന്ന്. ചെണ്ട കൊട്ടി ഈ വണ്ടിയിൽ സിനിമയുടെ ബ്ലാക്ക് & വൈറ്റ് പോസ്റ്ററിൽ പ്രേംനസീറും സത്യൻ മാഷുമൊക്കെ നിൽക്കുന്നത് കാണുമ്പോൾ കറുത്ത മഷിയിൽ അടിച്ച പലവർണങ്ങളിലുള്ള നോട്ടീസ് വാങ്ങാൻ ചെങ്കൽ റോഡിലൂടെ ട്രൗസർ ഇട്ട ഞങ്ങൾ ഓടിയിരുന്ന കാലം മറക്കാവതല്ല.
പിന്നെ ഈ വണ്ടി അലങ്കരിച്ചു വന്നിരുന്നത് എലെക്ഷൻ സമയത്താണ്. ഈ ഫോട്ടോ തന്നെ അന്നത്തെ കാലത്ത് കോൺഗ്രസിന്റെ നുകം വെച്ച കാള അടയാളത്തിൽ വോട്ട് ചെയ്യാനുള്ള പരസ്യമാണ്. അന്നൊക്കെ ബാലറ്റ് പേപ്പർ അല്ലായിരുന്നു. ഓരോ പാർട്ടിക്കും ഓരോ പെട്ടി. ഏത് പാർട്ടിക്കാണോ വോട്ട് ചെയ്യേണ്ടത് അതിൽ സ്ലിപ് കൊണ്ടിടുക. രഹസ്യം കുറവായിരുന്നു.
ഇതിനേക്കാളൊക്കെ ഏറെ രസം വിവാഹത്തിന് വധൂവരന്മാർക്ക് സഞ്ചരിക്കാനും, അത് വിവാഹ ദിവസവും അത് കഴിഞ്ഞും ഇത്തരം കാളവണ്ടികളിലുമായിരുന്നു. ഈ ചരിത്ര ലേഖനം എഴുതുന്ന ഞാൻ തന്നെ 1974ൽ വിവാഹം കഴിഞ്ഞു ആദ്യത്തെ കുറച്ചു നാളുകളിൽ സാധാരണ സൈക്കിളിൽ ഭാര്യയെ പിന്നിൽ ഇരുത്തി യാത്ര ചെയ്തത് കൂട്ടിവായിക്കുക. ഇന്നത്തെ ഫ്രീക്കന്മാർ JCB യുടെ കയ്യിൽ വധൂവരന്മാരെ ഇരുത്തി പോകുന്ന കോലാഹലമല്ല അത്. അന്നത്തെ കാലത്ത് മറ്റൊരു മാർഗവും സാധാരണക്കാർക്ക് ഇല്ലായിരുന്നു.