കൊറോണ വൈറസുമായി രണ്ടു ജുമുഅ നമസ്‌കാരങ്ങളിൽ പങ്കെടുത്ത അയാളുടെ മഹല്ലിലെ മുഴുവൻ മനുഷ്യരും ഇപ്പോൾ ഭീതിയിലാണ്

129

ഷെരീഫ് സാഗർ

കോവിഡ് 19 സ്ഥിരീകരിച്ച ഞങ്ങളുടെ നാട്ടുകാരന്റെ റൂട്ട് മാപ്പിൽ ദുരൂഹതകളൊന്നുമില്ല. അദ്ദേഹം നിഷ്‌കളങ്കനായ ഒരു മതപണ്ഡിതനാണ്. മാർച്ച് പതിമൂന്നാം തിയ്യതി ദുബൈയിൽനിന്ന് വന്ന ശേഷം എയർപോർട്ടിലെ ഉപദേശത്തിനൊക്കെ പുല്ലുവില കല്പിച്ച് എല്ലാ അഞ്ചു നേരവും അദ്ദേഹം കൃത്യമായി പള്ളിയിൽ പോയി. രണ്ടു വെള്ളിയാഴ്ചകളിൽ അദ്ദേഹം സ്വന്തം മഹല്ലിലെ പള്ളിയിൽ ഹാജരായി. വീട്ടിലെത്തിയ അതിഥികളെ മുഷിപ്പില്ലാതെ സ്വീകരിച്ചു. പച്ചക്കറി കടയിലും ടെയിലറിങ് ഷോപ്പിലും പെട്രോൾ പമ്പിലുമൊക്കെ കയറി. കുടുംബത്തിലെ കുട്ടിയുടെ മുടികളച്ചിൽ പരിപാടി പോലും ഒഴിവാക്കിയില്ല. സ്വന്തം മക്കളെയും ഭാര്യയെയും അടുത്തിരുത്തി അകമഴിഞ്ഞ് സ്‌നേഹിച്ചു.
കൊറോണ വൈറസുമായി രണ്ടു ജുമുഅ നമസ്‌കാരങ്ങളിൽ പങ്കെടുത്ത അയാളുടെ മഹല്ലിലെ മുഴുവൻ മനുഷ്യരും ഇപ്പോൾ ഭീതിയിലാണ്. പള്ളിയുടെ താക്കോൽ പടച്ചവന്റെ കൈയിലാണെന്നും അതുപൂട്ടാൻ പടപ്പുകൾക്ക് അധികാരമില്ലെന്നും പറഞ്ഞ് ആ തീരുമാനം വൈകിപ്പിച്ചവരൊക്കെ പടച്ചവന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. മനുഷ്യ നന്മക്കു വേണ്ടി മാതൃകയാകേണ്ട മസ്ജിദുകളുടെ കാര്യത്തിൽ പലതവണ ആശങ്ക പങ്കുവെച്ചപ്പോൾ തെറിയഭിഷേകം നടത്താനും ബീവറേജ് പൂട്ടിയിട്ടു പോരേ എന്ന് അശ്ലീലമെഴുതാനും നടന്ന ദീനെന്തെറിയാത്ത ”ദീനീ”സ്‌നേഹികൾ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. പള്ളിയിൽ പോകാത്തവർക്കാണ് പള്ളി പൂട്ടാൻ ധൃതിയെന്ന് പരിഹസിച്ചവരും മറുപടി പറയേണ്ടി വരും. തന്നെ ഇതൊന്നും ബാധിക്കില്ലെന്ന അമിത ആത്മവിശ്വാസം. എല്ലാവരും ചെയ്തിട്ട് നല്ലതു ചെയ്യാമെന്ന അഹങ്കാരം. മനുഷ്യജീവനേക്കാൾ വലുതാണ് കർമശാസ്ത്ര സങ്കീർണതകളെന്ന പരമ വിഡ്ഢിത്തം. സംഘടനാ മതത്തെ ഇതെല്ലാം വിഴുങ്ങുമ്പോഴാണ് യഥാർത്ഥ മതവും മനുഷ്യ നന്മയുമൊക്കെ അപ്രസക്തമാകുന്നത്.
ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാനും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ഈ ചങ്ങല പൊട്ടിക്കാനും നമുക്ക് കഴിയണം. തെറ്റുകൾ ആവർത്തിക്കാതിരിക്കണം. എല്ലാവർക്കും നല്ലതു വരട്ടെ.