1950ലെ ചിത്രമാണ്, ഇതെന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടിയേക്കാം

1195

വിശ്വസിക്കാന്‍ പ്രയാസമുണ്ട് അല്ലെ?

(ഷെരീഫ് ഇബ്രാഹിം, തൃപ്രയാർ)

എനിക്ക് പോലും ഇത് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഫോട്ടോഷോപ്പ് അല്ലെന്നറിയാം. ഞാന്‍ ഇതിന്റെ ശെരിയായ വ്യക്തത ഉറപ്പ് വരുത്തി.

1950ല്‍ സൗദി അറേബിയയിലെ മദീന എയർപോർട്ടില്‍ വന്നിറങ്ങിയ ഒരു ഫ്ലൈറ്റില്‍ നിന്നും താഴെ വരുന്ന യാത്രക്കാരുടെ രേഖകള്‍ താഴെ ഇരുന്നു പാസ്പോർട്ട് അധികാരികള്‍ പരിശോധിക്കുന്നതാണ് ചിത്രത്തില്‍. ആ വിവരം ഈ ഫോട്ടോവിന്റെ താഴെ അറബിയിൽ എഴുതിയിട്ടുണ്ട്.

1955 വരെ കുവൈറ്റിലും 1960 വരെ ദുബായിലും വരുന്നവർക്ക് പാസ്പോർട്ട് ഇല്ലാതെ പത്തെമാരിയില്‍ അല്ലാതെയും വരുമ്പോള്‍ അവരുടെ ബോട്ടില്‍ എത്ര ആള്‍ വരുന്നുവോ അത്ര ആളുകള്‍ തിരിച്ചു പോകണമെന്നായിരുന്നു നിയമം. വന്ന ആള്‍ തന്നെ തിരിച്ചു പോകണമെന്നില്ല. എണ്ണം കൃത്യമാവണമെന്നു മാത്രം. അത് കൊണ്ട് അന്നോക്കെ ബോംബയില്‍ നിന്ന് ഇറാക്കിലെ ബസ്രയിലേക്ക് തീർത്ഥാടന വിസയില്‍ പോയി മീന്‍ പിടുത്ത ബോട്ടില്‍ കുവൈറ്റില്‍ വന്ന ഒരു പാട് പേരുണ്ട്.

അങ്ങിനെ ദുബായില്‍ ഇത്തരം കണക്ക് സൂക്ഷിക്കാന്‍ അന്നത്തെ ദുബൈ ഭരണാധികാരി H.H. ഷെയ്ഖ് റാഷീദ് ബിന്‍ സഈദ് അല്‍ മക്തൂം ഒരു ബഹ്‌റൈന്‍ ചെറുപ്പക്കാരനെ നിയോഗിച്ചു. ആ ചെറുപ്പക്കാരന്‍ ഇംഗ്ലണ്ടില്‍ നിന്നും ഉയർന്ന വിദ്യാഭ്യാസം നേടിയിരുന്നു. അന്നൊക്കെ ദുബായില്‍ അധികം വിദ്യാഭ്യാസമുള്ളവര്‍ രാജകുടുംബങ്ങളില്‍ മാത്രമേ ഉള്ളൂ. ആ ചെറുപ്പക്കാരന്‍ പിന്നീട് ദുബായ് പൗരത്വം നേടി, UAE രൂപികരിച്ചപ്പോള്‍ UK (United Kingdom) യുടെ അംബാസ്സഡര്‍ ആവുകയും ചെയ്തു.

ആ ചെറുപ്പക്കാരന്‍ 1970കളില്‍ ഞാന്‍ ജോലി ചെയ്തിരുന്ന അലി ബിന്‍ ഫർദാന്റെ നാട്ടുകാരനായത് കൊണ്ട് (ബഹ്‌റൈന്‍) കടയില്‍ വരാറുണ്ട്. അന്നത്തെ ഇന്ത്യന്‍ കോണ്സു്ലേറ്റിന്റെ അടുത്തായിരുന്നു ആ ചെറുപ്പക്കാരന്റെ വീട്.

ഇപ്പോള്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ സെറ്റില്‍ ആയി. ആ ചെറുപ്പക്കാരനാണ് മെഹ്ദി താജിര്‍ അൽതാജിര്‍. എന്തായാലും അദ്ദേഹത്തിന് മെയിൽ അയക്കണം. എന്നെ ഓർമയുണ്ടാവില്ല. വർഷം 50 (അരനൂറ്റാണ്ട്) കഴിഞ്ഞില്ലേ? അലി ബിൻ ഫർദാന്റെ പേര് പറഞ്ഞാൽ എന്നെ അറിയുമായിരിക്കും. അല്ലെങ്കില്‍ അലിയുടെ മകന്‍ ഫർദാന്‍ ബിന്‍ അലി അൽഫർദാന്റെ. കഴിയുമെങ്കിൽ ഒരു ലണ്ടൻ യാത്ര, അദ്ദേഹത്തെ കാണാനും പലവട്ടം കണ്ട് മറന്ന ലണ്ടനെ കാണാനും.