പലരും പലകാലങ്ങളിൽ ശ്രമിച്ചെങ്കിലും കൽക്കിയുടെ ഇതിഹാസ നോവൽ ‘പൊന്നിയിൻ സെൽവൻ’ സിനിമയാക്കാൻ ഉള്ള നിയോഗം മണിരത്നത്തിനാണ് ലഭിച്ചത്. ചിത്രം വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. രണ്ടാം ഭാഗം ഉടനെ റിലീസ് ആകും. എന്നാൽ സിനിമയിലെ ബ്രാഹ്മണിക്കൽ ആയുള്ള ചില അജണ്ടകളെ കുറിച്ച് തുറന്നെഴുതുകയാണ് ഷിബി തെക്കേയിൽ (Shibi Thekkeyil). “സംഘത്തമിഴിന്റെ പാരമ്പര്യമൊക്കെയുള്ള തമിഴനായല്ല, മറിച്ച് മദ്ധ്യകാലത്ത് ദക്ഷിണേന്ത്യയെ വെട്ടിപ്പിടിച്ച ആര്യ-ബ്രാഹ്മണരുടെ പ്രതിനിധിയായ മണിരത്നത്തിന്റെ സിനിമയായാണ് പൊന്നിയിൻ സെൽവൻ വരുന്നത്” എന്ന് പറയുന്ന ഷിബി , ദ്രാവിഢരാജാക്കന്മാരെ നിറംകൊണ്ടും ആര്യവത്കരിക്കാൻ മണിരത്നം നടത്തിയ കുത്സിതമായ ശ്രമങ്ങളെയും വിമർശിക്കുന്നുണ്ട്. എന്തെങ്കിലും വഴിയുണ്ടെങ്കിൽ മണിരത്നം ഇനിയൊരു ചരിത്രസിനിമ എടുക്കരുത് എന്നും എഴുത്തുകാരി പറയുന്നു . ഒരർത്ഥത്തിൽ ആ നിരീക്ഷണം ശരിയാണ്. ദ്രാവിഡന്റെ തനതായ പലതും സിനിമാക്കാർ ആര്യവത്കരിക്കുകയാണ്. അതിലൂടെ ആര്യാധനിവേശം എന്ന പ്രയോഗത്തെ തച്ചുടയ്ക്കുകയും ഇന്ത്യയിൽ ചിരപുരാതന കാലംമുതൽ ആര്യന്മാർ ഉണ്ടെന്നു സ്ഥാപിക്കുകയും ചെയ്യുകയാണ് ബോധപൂർവ്വമോ ബിസിനസ് താത്പര്യങ്ങൾ കൊണ്ട് അല്ലാതെയോ ലക്ഷ്യമിടുന്നത്.
വർത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാലും നമുക്കറിയാൻ സാധിക്കുന്ന കാര്യം , ഹൈന്ദവാചാരങ്ങളിൽ അനുദിനം മുങ്ങിനിവരുന്ന ജനതയാണ് എന്നിരുന്നാലും തനതായ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തിദുർഗ്ഗമാണ് തമിഴ്നാട്. ഭാഷകൊണ്ടും സംസ്കാരംകൊണ്ടും നിലവിലെ ഭരണകൂട ശക്തിയോടു സമരസപ്പെടാൻ ആകാത്ത ജനത. ജനതയുടെ ആ മനോഭാവം കേവലം കുറച്ചുകാലങ്ങൾ കൊണ്ട് രൂപപ്പെട്ടതല്ല . അതിനു വളരെ വലിയൊരു ചരിത്രമുണ്ട്. അതാണ് മനോഹരമായ ചില സങ്കൽപ്പങ്ങൾ കൂടി ചേർത്ത് കൽക്കിയെ പോലുള്ളവർ എഴുതിവച്ച പൊന്നിയിൻ സെൽവൻ ഒക്കെ. അന്നും ഇന്നും സ്വന്തം അസ്തിത്വം ഉള്ള ജനതയെയും അവരുടെ സംസ്കാരത്തെയും ഒരു സിനിമയിലൂടെ അപമാനിക്കാൻ മണിരത്നത്തിന് സാധിച്ചിരിക്കുന്നു. ഇനി കുറിപ്പ് വായിക്കാം
എന്തെങ്കിലും വഴിയുണ്ടെങ്കിൽ മണിരത്നം ഇനിയൊരു ചരിത്രസിനിമ എടുക്കരുത്.
Shibi Thekkeyil
കൊളോണിയൽ കാലം മുതൽക്കിങ്ങോട്ടുള്ള ആധുനികകാല ചരിത്രമൊക്കെ ആയിരുന്നെങ്കിൽ മണിരത്നം ഒരുവിധം ഒത്തൊപ്പിച്ചു പോയേനെ. പ്രാചീന-മദ്ധ്യകാല ചരിത്രമൊക്കെ പറയാൻ തുടങ്ങുമ്പോൾ മണിരത്നം ഒരു ഊള ബ്രാഹ്മണനായി മാറുന്നു. അതയാൾക്ക് തടുക്കാൻ പറ്റുന്ന കാര്യമാണെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്, എന്തെങ്കിലും വഴിയുണ്ടെങ്കിൽ മണിരത്നം ഇനിയൊരു ചരിത്രസിനിമ എടുക്കരുത്. ഏതൊരു തമിഴനിലും കാണാറുള്ള മിനിമം ചരിത്രബോധം പോലും മണിരത്നത്തിൽ കാണാതിരിക്കുന്നതിന് കാരണം പുള്ളിയുടെ ഉള്ളിലെ ബ്രാഹ്മണ്യത്തിന് പലതും ഉള്ളിലേക്കിറക്കാൻ പ്രയാസമായതു കൊണ്ടാണ്.
ഇത് പൊന്നിയിൻ സെൽവൻ എന്ന ചരിത്രസിനിമയിലപ്പാടെ കിടക്കുന്നത് കാണാം. ആ മിത്തിക്കൽ നോവലിന് അടുത്ത കാലത്തൊന്നും ഇത്ര നല്ല Brahmanical adaptations (ചരിത്രഗവേഷകരുടെ ഭാഷയിൽ പറഞ്ഞാൽ Brahmanical appropriations) വേറെ വന്നുകാണില്ല. സൂര്യനുദിക്കുന്ന നേരത്തെ കിഴക്കൻ പർവ്വതങ്ങളെന്ന പോലെ തിളങ്ങുന്നവരെന്ന് കാളിദാസൻ വിശേഷിപ്പിച്ച രാജാക്കൻമാരെയൊക്കെ വെളുത്തു തുടുത്ത ആര്യൻമാരായാണ് മണിരത്നം അവതരിപ്പിക്കുന്നത്. ദമയന്തിയുടെ കല്ല്യാണസദ്യ കൂടാൻ പോയ പാണ്ഡ്യനെ പുച്ഛത്തോടെയാണ് കവി ശ്രീഹർഷൻ പന്ത്രണ്ടാം നൂറ്റാണ്ടിലും (എന്ന് പറയപ്പെടുന്നു) വർണ്ണിക്കുന്നത്. ചോളന്മാർ മദ്ധ്യകാലത്ത് ബ്രാഹ്മണവല്ക്കരിക്കപ്പെടുന്നുണ്ടെങ്കിലും അത് സ്കിന്നിൽ വരുത്തുന്ന മാറ്റങ്ങൾക്കൊക്കെ ഒരു പരിധിയില്ലേ? തമിഴ്നാടിന്റെ (നമ്മുടേയും) ചരിത്രം പറയുന്ന ഒരു സിനിമയിൽ ആ നാട്ടിലെ ആളുകൾ എവിടെപ്പോയി? നാട്ടുകൂട്ടങ്ങളിൽ പോലും അദ്ധ്വാനിക്കുന്ന ശരീരമോ നിറമോ കാണാനില്ല. മാത്രമല്ല, പുരുഷനെ വിറപ്പിക്കുന്ന തമ്പുരാട്ടിമാർ സിനിമയിൽ വെറും പാവകൾ മാത്രമെന്നും സ്ത്രീശക്തിയെ ഉള്ളുപൊള്ളയാക്കി മനുസ്മൃതിയുടെ തൊഴുത്തിൽ പരോക്ഷമായെങ്കിലും കെട്ടിയിടുന്നു എന്നും പറയുന്നുണ്ട്.,
”എങ്ങനെയാണ് ഒരു സ്ത്രീക്ക് താൻ ആത്മാര്ത്ഥമായി സ്നേഹിച്ചിരുന്ന പുരുഷനെ നിമിഷങ്ങൾക്കൊണ്ട് മറന്ന് അയാളുടെ ശത്രുവിനെ അന്തപുരത്തിലേക്ക് ആനയിക്കാൻ കഴിയുന്നത്? എങ്ങനെയാണ് ഭർത്താവിനെക്കൊന്ന രക്തക്കറയുണങ്ങാത്ത കൈകളാൽ ആലിംഗനം ചെയ്യപ്പെടുമ്പോൾ വികാരവിവശയാകാൻ കഴിയുന്നത്?” (ടിഡി രാമകൃഷ്ണൻ പു. 119) രാജാക്കൻമാർ മാറിമാറി വരും. ഭർത്താക്കന്മാരായ രാജാക്കൻമാരെ ശത്രുരാജാക്കന്മാർ കൊന്ന് കടലിലെറിയുമ്പോൾ പത്നിമാരുടെ അടുത്ത ചുമതല യുദ്ധത്തിൽ ജയിച്ചു വരുന്നവരെ ആരതിയുഴിഞ്ഞ് തിലകം ചാർത്തി അന്തപ്പുരത്തിലേക്ക് ക്ഷണിക്കുകയെന്നതാണ്. ചേരൻമാരും ചോളൻമാരും പാണ്ഡ്യൻമാരും മാറിമാറി ഭരിച്ചാലും ഇവരുടെയെല്ലാം പത്നിമാർ ഒന്നുതന്നെയാണ്.
ചോളന്മാർക്കൊപ്പം നിൽക്കുമ്പോഴും അവർക്കെതിരെ പടനീക്കുന്ന അടങ്ങാത്ത പകയുള്ള സ്ത്രീത്വത്തിന്റെ ഉടമയായാണ് ഐശ്വര്യറായിയെ ആവിഷ്കരിക്കുവാൻ ശ്രമിക്കുന്നത്. ഐശ്വര്യറായി നന്ദിനിത്തമ്പുരാട്ടിയായി ചാഞ്ഞും ചരിഞ്ഞും കണ്ണാടിയുടെ മുൻപിൽ നിന്ന് വെറുതേ നോക്കുന്നതല്ലാതെ, പുരുഷസിംഹാസനത്തെ ചോദ്യം ചെയ്യുന്ന അടങ്ങാത്ത പകയുടെ തീയൊന്നും ആളിക്കത്തിയില്ല. ഇളയ തമ്പുരാട്ടിയായി വരുന്ന തൃഷയാവട്ടെ വലിയ ഒരു headdress-ഉം വെച്ച് നെഞ്ചുന്തി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ആ നേരത്ത് ഭൃത്യൻമാർ വന്ന് ഓച്ചാനിക്കുന്നത് കാണുമ്പോഴാണ് അവരൊരു ചോളരാജകുമാരിയാണ് എന്ന് ബോധ്യപ്പെടുക.
ഇതൊരു സ്ത്രീപക്ഷ സിനിമയാണ് എന്നും സ്ത്രീകളെ മുൻനിർത്തിയുള്ള സിനിമയാണ് എന്നുമൊക്കെ കേൾക്കുന്നു. അതുമാത്രം മനസ്സിലാകുന്നില്ല. പൂങ്കുഴലി എന്ന മുക്കുവ സ്ത്രീയെ അവതരിപ്പിക്കുന്നതാണ് മറ്റൊരു തമാശ. ഉടൽ ഭംഗിയ്ക്കപ്പുറത്ത് മുഴച്ച് നിൽക്കുന്ന ബുദ്ധിയും കൂർമ്മതയുമൊന്നും പൂങ്കുഴലിയിൽ കാണാനില്ല. ഒരു പുരുഷന്റെ കാഴ്ചയിൽ ഏറ്റവും മനോഹരമായി ആവിഷ്കരിച്ച ഫ്രെയിമുകളല്ലാതെ ആത്മാവുള്ള ഒരു സ്ത്രീകഥാപാത്രത്തെയും പൊന്നിയിൻ സെൽവനിൽ കാണാനില്ല. ഒരു മിനിമം ചരിത്രബോധം മണിരത്നത്തിനുണ്ടായിരുന്നുവെങ്കിൽ ദക്ഷിണേന്ത്യയിലുടനീളം ഈ സ്ത്രീകഥാപാത്രങ്ങൾക്കെല്ലാം reference-കളുണ്ടെന്ന് തിരിച്ചറിയുമായിരുന്നു. പാഴൂർ രാജ്ഞിയെ കാണാൻ മദ്ധ്യകാല രേഖകളൊന്നും നോക്കിയില്ലെങ്കിലും ചുരുങ്ങിയപക്ഷം ടിഡിയുടെ ദേവനായകിയെ കണ്ടാലും മതിയായിരുന്നു.
അടങ്ങാത്ത പകയുള്ള ഈ രാജ്ഞിമാരെ രാജാക്കൻമാർ ഒരു കാലത്തും വിശ്വസിച്ചിട്ടില്ല. റാണിമാരുടെ അന്തപ്പുരത്തിൽ അവർക്ക് കാവലിരിക്കുന്ന തോഴിമാർ രാജാക്കൻമാരുടെ ചാരൻമാരാണ്. കേരളത്തിലെ കൊച്ചിരാജാവ് വരെ പത്നിമാർക്ക് ചാരൻമാരെ ഏർപ്പെടുത്തുന്ന ചരിത്ര രേഖകൾ നമുക്കുണ്ട്. ഏത് നിമിഷവും ശത്രുരാജ്യത്തിന് കോട്ട തുറന്നുകൊടുക്കുന്ന അകത്തമ്മമാരായും അവരെ ചരിത്രത്തിൽ നമുക്ക് കാണാം. സാമൂതിരിയെ കോഴിക്കോട്ടെ നാടുവാഴിയാക്കുന്ന ചാലപ്പുറത്തമ്മയുടെ ചരിത്രം ഇതാണ്. ഉടൽദേവതയായി പൊന്നിയിൻ സെൽവന്റെ മുന്നിൽ പ്രണയ പരവശയായി വിറച്ച് നിൽക്കുന്ന പൂങ്കുഴലിയെ പഠിക്കാനും ഒരുപാട് വഴികളുണ്ടായിരുന്നു മണിരത്നത്തിന്. സഞ്ചാരികളെയും കച്ചവടക്കാരെയും രാജാക്കൻമാരെയും ആഴക്കടലിലെ കൊടുങ്കാറ്റിൽ നിന്നും ചുഴികളിൽ നിന്നും സംരക്ഷിച്ചിരുന്ന മണിമേഖലദൈവമുണ്ടായിരുന്നു ഇന്നത്തെ കേരളമടങ്ങുന്ന തമിഴ്നാടിന്.
ഒരു ശരാശരി തമിഴൻ അയാളുടെ ജീവിതംകൊണ്ട് സമ്പന്നമായ ഈ സാംസ്കാരിക ചരിത്രത്തിലൂടെയെല്ലാം കടന്നുപോകുന്നുണ്ട്. സംഘത്തമിഴിന്റെ പാരമ്പര്യമൊക്കെയുള്ള തമിഴനായല്ല, മറിച്ച് മദ്ധ്യകാലത്ത് ദക്ഷിണേന്ത്യയെ വെട്ടിപ്പിടിച്ച ആര്യ-ബ്രാഹ്മണരുടെ പ്രതിനിധിയായ മണിരത്നത്തിന്റെ സിനിമയായാണ് പൊന്നിയിൻ സെൽവൻ വരുന്നത്. ഇതൊരു Brahmanical adaptation ആണ്. (adaptation എന്ന വാക്ക് പ്രയോഗിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ഭാഷാപണ്ഡിതർ ക്ഷമിക്കുമല്ലോ.)