രാജാക്കൻമാരുടെ നാട്ടിൽ “മലൈക്കോട്ടൈ വാലിബ”ന്റെ ചിത്രീകരണം ആരംഭിച്ചു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു.ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് രാവിലെ ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്നു. ചടങ്ങിൽ മോഹൻലാൽ,ലിജോ ജോസ് പെല്ലിശ്ശേരി, മറ്റു താരങ്ങൾ, ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ സന്നിഹിതരായിരുന്നു.
മലയാളത്തിന്റെ നടന വൈഭവം മോഹൻലാലും പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സംഘവും ഒരുമിക്കുമ്പോൾ തിയേറ്ററിൽ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനിൽ പൂർണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.കാത്തിരിപ്പിന് വിരാമമിട്ട് പ്രതിഭയും പ്രതിഭാസവും മലൈക്കോട്ടൈ വാലിബനിൽ ഒന്ന് ചേരുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു ലിജോ ജോസ് മാജിക് ആയിരിക്കുമെന്നുറപ്പാണ്. പി ആർ ഓ: പ്രതീഷ് ശേഖർ
നിർമ്മാതാവ് ഷിബു ബേബിജോണിന്റെ വാക്കുകൾ
“മനസ് നിറഞ്ഞ സന്തോഷത്തോടെയാണ് പുതിയ തുടക്കം കുറിക്കുന്നത്. എന്തെന്നില്ലാത്ത ആഹ്ളാദവും അതിനൊപ്പം കൗതുകവും ഈ നിമിഷത്തിൽ എനിക്ക് തോന്നുന്നു.അടിസ്ഥാനപരമായി ഞാനൊരു പൊതുപ്രവർത്തകനാണ്. എന്നാൽ ഇപ്പോൾ പുതിയൊരു മേലങ്കി അണിയാൻ പോകുകയാണ്,ഒരു നിർമ്മാതാവിന്റെ. എന്നെ സംബന്ധിച്ച് നീണ്ട വർഷങ്ങളുടെ ഒരു വലിയ യാത്ര തന്നെ ഇതിലുണ്ട്. മോഹൻലാൽ എന്ന അതുല്യ നടനോടുള്ള ആരാധനയുടെയും,ആരാധന സൗഹൃദമായതിന്റെയും ഇഴചേർന്ന കഥകളാണ് എന്നിലെ നിർമ്മാതാവിനെ സൃഷ്ടിച്ചത്.എനിക്ക് അദ്ദേഹം എന്നുമൊരു അത്ഭുതമായിരുന്നു.ഏത് കഥാപാത്രത്തെയും അനായാസതയോടെ അവതരിപ്പിക്കുന്ന പ്രതിഭാസം. ഒരു ആരാധക കൗതുകത്തിൽ തുടങ്ങിയ ഞങ്ങളുടെ സൗഹൃദ യാത്ര ഇന്ന് “മലൈക്കോട്ടൈ വാലിബനിൽ” എത്തിനിൽക്കുന്നു.വെറുതെ ഒരു സിനിമ ചെയ്താൽ പോരാ,അത് ലോക സിനിമ എന്നും ഓർത്തു വെക്കണമെന്നും മോഹൻലാൽ എന്ന നടനെ നൂറു ശതമാനവും ഉപയോഗപ്പെടുത്തണമെന്നും ഞങ്ങൾക്കാഗ്രഹമുണ്ടായിരുന്നു . കാലത്തിന്റെ കാവ്യനീതിയിൽ ഇതായിരിക്കാം ഏറ്റവും നല്ല സമയം. മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഞങ്ങളുടെ ആദ്യ സംരംഭം പുറത്തു വരുന്നു,എന്നതും ഏറെ സന്തോഷമുണ്ടാക്കുന്നു. ജനുവരി 18 ന് “മലൈക്കോട്ടൈ വാലിബന്റെ” ചിത്രീകരണം രാജസ്ഥാനിൽ ആരംഭിക്കുകയാണ്. ഇതുവരെ എന്റെ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നിങ്ങൾ തന്ന സ്നേഹവും വിശ്വാസവും ഇനിയങ്ങോട്ടും, ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.”
ആരാധകർക്ക് നിറയെ പ്രതീക്ഷകളാണ് സിനിമയെ കുറിച്ച്. അവരുടെ അഭിപ്രായത്തിൽ നിന്ന് തന്നെ അറിയാം.
രാഗീത് ആർ ബാലൻ
നല്ല ഒരുപാട് സിനിമകൾ നൽകി ഞാൻ അടക്കം ഉള്ള ആരാധകരെ ഓരോ സിനിമ കാണാൻ ആയി കാത്തിരിക്കാൻ പ്രേരിപ്പിച്ച മോഹൻലാൽ എന്ന നടനും പലപ്പോഴും പല സിനിമകളിലൂടെ എന്നേ പോലുള്ള പല പ്രേക്ഷകരെയും നിരാശപ്പെടുത്തിയിട്ടുണ്ട്…അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകൾക്കായി കാത്തിരുന്നു.മോശം സിനിമകൾ ഒരുപാട് ഉണ്ട് അവയെല്ലാം മോശം എന്ന് വിശ്വസിക്കാനേ ഞാൻ ശ്രേമിച്ചിട്ടുള്ളു. ഓരോ സിനിമയുടെ വിജയങ്ങളും പരാജയങ്ങളും ഉൾക്കൊണ്ട് തന്നെയാണ് ഞാൻ അദ്ദേഹത്തെ ഇഷ്ടപെടുന്നത്…ഓരോ സിനിമകൾക്കും ആയി ഇനിയും കാത്തിരിക്കാൻ തയ്യാറാണ്..പരാജയങ്ങളിൽ നിന്നുള്ള ഉയർത്തെഴുനേൽപ്പ് ആയിരിക്കട്ടെ മലകോട്ടൈ വാലിബൻ
**
Shahid Bin Salam
ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിൽ ആദ്യ അഞ്ചിൽ കാണും മോഹൻലാൽ എന്ന അഭിപ്രായക്കാരൻ ആണ് ഞാൻ. ഈ ഗ്രൂപ്പിലേ ബഹുഭൂരിപക്ഷം ഈ കാര്യത്തിൽ എന്നോടൊപ്പം നിൽക്കും എന്നാണ് വിശ്വാസം. ആദ്യ അഞ്ചിൽ എവിടെ എന്നതിന് പലർക്കും പല അഭിപ്രായങ്ങളും കാണും. ഒരു ജീവിക്കുന്ന അത്ഭുതമാണ് മോഹൻലാൽ. നമ്മൾക്കൊക്കെ അളക്കാവുന്നതിലും എത്രയോ മുകളിൽ കഴിവുള്ള നടൻ. യൂടൂബിൽ അയാളുടെ അഭിനയ പ്രതിഭയെപ്പറ്റി ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖരുടെ വാക്കുകൾ ഞാൻ ഇടക്കൊക്കെ കാണും. വല്ലാത്തൊരു മനുഷ്യനാണ് ഇയാൾ. വെള്ളിത്തിരിയലെ മഹാത്ഭുതം.
ആ മോഹൻലാലിന്, അദ്ദേഹത്തിലെ നടന് കുറച്ച് കാലങ്ങളായി സംഭവിക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം വേദനാജനകമാണ്. ഈയിടെ മീഡിയാ വണ്ണിലെ ഒരു പ്രോഗ്രാമിൽ മലൈക്കോട്ടൈ വാലിബനെക്കുറിച്ചുള്ള ചർച്ചയിൽ ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞ ഒരു കാര്യമുണ്ട്. കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട് മോഹൻലാൽ ചെയ്ത പടങ്ങൾ കൊണ്ട് നഷ്ടപ്പെട്ടത് മോഹൻലാൽ എന്ന മഹാനടൻ പത്ത് കൊല്ലം കൊണ്ട് ചെയ്യുമായിരുന്ന മഹത്തായ ചില അഭിനയ മുഹൂർത്തങ്ങളാണെന്ന്. ഒരു പക്ഷേ ആർക്കൊക്കെയോ വേണ്ടി,എന്തിനൊക്കെയോ വേണ്ടി അയാൾ കേൾക്കാൻ പോലും തയ്യാറാവതിരുന്ന ഒരുപാട് സംവിധായകർ ചെയ്യേണ്ടിയിരുന്ന കൊറേ മഹത്തായ സിനിമകൾ.
പറഞ്ഞ് വന്നത് മലൈക്കോട്ടൈ വാലിഭനെക്കുറിച്ചാണ്. കഴിഞ്ഞ ഒരു പത്ത് വർഷത്തിൽ മോഹൻലാലെന്ന നടൻ എടുത്ത ഏറ്റവും നല്ലതും വലിയതുമായ തീരുമാനമാണ് ഈ സിനിമ. അയാൾ അയാളുടെ സുഹൃദ് വലയങ്ങളിൽ ചെയ്യാത്ത ഒരു സിനിമ. ഇതൊരു തുടക്കമാക്കട്ടേ. വരാനിരിക്കുന്ന, മലയാളം കാണാൻ കൊതിക്കുന്ന മോഹൻലാൽ അഭിനയമുഹൂർത്തങ്ങളുടെ ഒരു തുടക്കം. ലൈനപ്പിലുള്ളതെന്ന് പ്രചാരണങ്ങളുള്ള സംവിധായകരിലൊക്കെ നല്ല വിശ്വാസമാണ്. അനൂപ് സത്യനും ടിനു പാപ്പച്ചനും വിവേവുകുമൊക്കെ ലാലേട്ടന് ‘അഭിനയിക്കാൻ’ പാകത്തിലുള്ള വേഷങ്ങൾ നൽകട്ടേ.
ഇനിയും ആറാട്ടിലും ബല്ലേ ബല്ലേയിലുമൊന്നും അയാൾ ചെന്ന് ചാടാതിരിക്കട്ടേ. അയാളിലെ അഭിനയപ്രതിഭക്ക് വെല്ലുവിളിയാകാൻ മാത്രം ശക്തമായ തിർക്കഥൾ സംഭവിക്കട്ടേ. അഭിനയം കൊണ്ട് മായാജാലം തീർത്ത മോഹൻലാൽ മഹാനായ നടന്റെ നമ്മളെയൊക്കെ അത്ഭുതപ്പെടുത്താൻ സിനിമകൾ സംഭവിക്കട്ടേ. ഞാനും നിങ്ങളുമൊക്കെ അയാളുടെ സിനിമ കണ്ടിറങ്ങി ഈ ഗ്രൂപ്പിലും അയാളിലെ നടനെക്കുറിച്ച് വാ തോരാതെ എഴുതുവാൻ സാധിക്കട്ടേ. അതിന് അയാളെക്കൊണ്ട് ഇനിയും പറ്റും എന്ന് നമ്മൾ വില്ലൻ എന്ന സിനിമയിലെ ആ പത്ത് സെകന്റിൽ കണ്ടതാണ്. ഒന്നോർക്കുക, അയാളുടെ പേര് മോഹൻലാൽ എന്നാണ്.
**
മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്
“വെറുതെ ഒരു സിനിമ ചെയ്താൽ പോരാ,അത് ലോക സിനിമ എന്നും ഓർത്തു വെക്കണമെന്നും മോഹൻലാൽ എന്ന നടനെ നൂറു ശതമാനവും ഉപയോഗപ്പെടുത്തണമെന്നും ഞങ്ങൾക്കാഗ്രഹമുണ്ടായിരുന്നു . കാലത്തിന്റെ കാവ്യനീതിയിൽ ഇതായിരിക്കാം ഏറ്റവും നല്ല സമയം”
ഇന്ന് ജനുവരി 18 നു “മലൈ കോട്ട വാലിബന്റെ ” ഷൂട്ട് രാജസ്ഥാനിൽ ആരംഭിക്കുന്നതിനു മുന്നോടിയായി നിർമാതാവ് ഷിബു ബേബി ജോൺ തന്റെ ഫേസ്ബുക് പേജ് ൽ കുറിച്ച വാക്കുകളാണ്. ഒരു മോഹൻലാൽ സിനിമയുടെ പ്രൊഡ്യൂസർ ൽ നിന്നും എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തിൽ ഒരു അവസ്ഥയിലൂടെ ആണ് കഴിഞ്ഞ കുറെ നാളുകളായി ഏതൊരു മോഹൻലാൽ ആരാധകനും കടന്നു പോയിട്ടുള്ളത്.ബോക്സ്റ്റോഫീസ് ൽ ആയാലും പെർഫോമൻസ് ൽ ആയാലും എടുത്ത് പറയത്തക്ക ഒന്നുമില്ലാത്ത അവസ്ഥ!! അതിൽ നിന്നൊക്കെ വലിയ ഒരു റിലീഫ് ആണ് ലിജോ യോടൊപ്പം “മലൈ കോട്ട വാലിബൻ ” അനൗൺസ് ചെയ്തപ്പോ മുതൽ കിട്ടിയിട്ടുള്ളത്..
വളരെ റിഫ്രഷിങ് ആയ ഒരു ക്രൂവിനൊപ്പം ലാലേട്ടൻ പ്രവർത്തിക്കുന്നു എന്നത് പോലെ exciting ആണ് ലിജോ പോലെ ഒരു സംവിധായകൻ അദ്ദേഹത്തിലെ നടനെ എത്ര മാത്രം ഉപയോഗിക്കുന്നു എന്നത് കാണാൻ. As a hardcore fan of him, ഈ അടുത്ത കാലത്തുണ്ടായ ഒറ്റ പെർഫോമൻസ് ലും തൃപ്തനാവൻ കഴിഞ്ഞിട്ടില്ല. വളരെ കുറച്ചു സിനിമകൾ മാത്രമാണ് അദ്ദേഹത്തിലെ നടന്റെ മിന്നലാട്ടം കാണാൻ കഴിഞ്ഞിട്ടുള്ളത്. തീർച്ചയായും, റിസൾട്ട് എന്ത് തന്നെ ആയികൊള്ളട്ടെ perfomance wise top notch തന്നെ ആകും എന്ന് കരുതുന്നു.