“അമ്മ എന്നാണ് വീട്ടിലേക്കു വരുന്നത്?” – ചൈനയിൽ നിന്നുള്ള കണ്ണ് നനയിക്കുന്ന വീഡിയോ

92
Shibu Gopalakrishn
ചൈനയിലെ വുഹാനിൽ നിന്നും വന്ന ഒരു വീഡിയോ ആണ്.ഒരു കൊറോണാ ഐസലേഷൻ ക്യാമ്പിന്റെ മുന്നിൽ നഴ്‌സായ അമ്മയെ കാണാൻ പത്തുവയസിൽ താഴെ പ്രായമുള്ള ഒരു പെൺകുട്ടി വന്നുനിൽക്കുന്നു. മുഖത്തു മാസ്കുണ്ട്, കൈയിൽ ഒരു കവറുണ്ട്. വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന എന്തോ ആഹാരമായിരിക്കണം.അമ്മ പുറത്തേക്ക് വന്നതും അവർ രണ്ടുപേരും കരയാൻ തുടങ്ങി. കണ്ടുനിൽക്കുന്നവരെ പോലും കരയിപ്പിച്ചുകളയുന്ന കുത്തൊഴുക്കു പോലുള്ള കരച്ചിൽ. ആശുപത്രി വളപ്പിനകത്തു നിന്നു ആ അമ്മ കൈകൾ രണ്ടുമുയർത്തി മകളെ ഇറുകെ കെട്ടിപ്പിടിച്ചു. കണ്ണീരിൽ കുതിർന്നു നിന്ന മകളും കൈയുയർത്തി അമ്മയെ കെട്ടിപ്പിടിച്ചു.

അവർക്കിടയിൽ അപ്പോഴുണ്ടായിരുന്ന ദൂരം പോലും കരയുക ആയിരുന്നിരിക്കണം.”അമ്മ എന്നാണ് വീട്ടിലേക്കു വരുന്നത്?” കുട്ടി ചോദിച്ചു.”ഞാനിവിടെ ഒരു മോൺസ്റ്ററുമായി യുദ്ധം ചെയ്യുകയാണ്, അതുകഴിഞ്ഞാൽ ഉടൻ വരാം.” അമ്മയുടെ കണ്ണീരുപുരണ്ടതെങ്കിലും ഉറച്ച മറുപടി.

അമ്മ വീണ്ടും മകളെ കെട്ടിപ്പിടിച്ചു. മകൾ കൈയിലുള്ള കവർ പടിക്കെട്ടിനു മുകളിൽ വച്ചു പിന്മാറി. അമ്മ അതെടുത്ത് തിരിഞ്ഞു നോക്കാതെ അകത്തേക്ക് പോയി.ഇങ്ങനെ എത്രയധികം ആളുകൾ നമുക്ക് വേണ്ടി പോരാടുകയാണ്. വേണ്ടപ്പെട്ടവർക്കൊപ്പം നമ്മൾ വീട്ടിലിരിക്കുമ്പോൾ നമുക്ക് വേണ്ടി അവരെയെല്ലാം തനിച്ചാക്കി പോരാടിക്കൊണ്ടിരിക്കുന്നവർ. അവരും നമ്മളെ പോലെ മനുഷ്യരാണ് എന്നുള്ള ഒരോർമ പോലും ആദരവാണ്.അവരെയെല്ലാം അകലത്തിരുന്നു കെട്ടിപ്പിടിക്കുന്നു. നിങ്ങളുടെ ഉറക്കമില്ലാത്ത രാവുകളെയും വിശ്രമമില്ലാത്ത പകലുകളെയും പിന്മടക്കമില്ലാത്ത പോരാട്ടത്തെയും മനുഷ്യരായ എല്ലാ മനുഷ്യരുടെയും പേരിൽ അഭിവാദ്യം ചെയ്യുന്നു.