റോഡുകളിൽ വരാനിരിക്കുന്ന വലിയൊരു വിപ്ലവത്തിന്റെ ആദ്യത്തെ ചവിട്ടുകല്ല്

46

Shibu Gopalakrishnan

ഡ്രൈവറില്ലാത്ത കാറുകളുടെ പരീക്ഷണയോട്ടങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് കാലിഫോർണിയിലെ സിലിക്കൺവാലി നിരത്തുകളിലാണ്. നാളത്തെ റോഡുകൾ പിടിച്ചടക്കാൻ പോകുന്ന കാറുകളിൽ അത്രയധികം കമ്പിനികളാണ് അടയിരിക്കുന്നത്. അതിൽ വമ്പിച്ച മുന്നേറ്റം നടത്തിയ റോബോട്ടിക്‌സ് കമ്പിനിയാണ് ന്യുറോ(nuro), 2016ൽ ഗൂഗിളിലെ രണ്ടു എൻജിനീയർമാർ ചേർന്നാരംഭിച്ച സ്റ്റാർട്ടപ്പ്. ഡോർ ഡെലിവറി സിസ്റ്റത്തെ സമ്പൂർണമായും ഡ്രൈവർമാരില്ലാത്ത റോബോട്ട് കാറുകളെ ഏൽപ്പിക്കുക എന്നതാണ് അവരുടെ ഗൂഢലക്ഷ്യം.

അതിനുവേണ്ടി രൂപകൽപന ചെയ്ത വാഹനം നിരത്തിലിറക്കാൻ കാലിഫോർണിയ മോട്ടോർ വെഹിക്കിൾ നിയമം തന്നെ പരിഷ്കരിച്ചു. സ്റ്റിയറിംഗ് വീലും, റിയർ വ്യൂ മിററും, ഡ്രൈവർ സീറ്റും ഇല്ലാത്ത വണ്ടികൾ അല്ലെങ്കിൽ റോഡിൽ ഇറങ്ങില്ല. അങ്ങനെയാണ് 2020 ഏപ്രിലിൽ പരീക്ഷണയോട്ടത്തിനുള്ള ലൈസൻസ് ന്യുറോയുടെ ആളില്ലാ കാറിനു ലഭിക്കുന്നത്. തെർമൽ ഇമേജിങ്ങും, റഡാറും, 360 ഡിഗ്രി ക്യാമറയും ചേർന്നു നയിക്കുന്ന, ഓൺലൈനിൽ ഓർഡർ ചെയ്ത പിസ്സയും മരുന്നും പച്ചക്കറിയും പലവ്യജ്ഞനങ്ങളുമായി വീട്ടിനു മുന്നിൽ എത്താൻ പോകുന്ന, ഡ്രൈവറില്ലാ കാറുകൾ. എട്ടുമാസം നീണ്ട പരീക്ഷണനിരീക്ഷണങ്ങൾക്കൊടുവിൽ കാലിഫോർണിയ മോട്ടോർ വാഹന വകുപ്പ് ആദ്യത്തെ വാണിജ്യ ലൈസൻസ് ന്യുറോയുടെ കാറിനു അനുവദിച്ചിരിക്കുകയാണ്. രണ്ടു കൗണ്ടികളിൽ ഡെലിവറി സർവീസ് ആരംഭിക്കാനുള്ള ലൈസൻസാണ് നൽകിയത്. ലോകത്താകമാനമുള്ള റോഡുകളിൽ വരാനിരിക്കുന്ന വലിയൊരു വിപ്ലവത്തിന്റെ ആദ്യത്തെ ചവിട്ടുകല്ല്.