മനുഷ്യരെ ബഹിരാകാശ ടൂറിനു കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുന്ന റോക്കറ്റ് ടാക്സികൾ നിർമിക്കുമെന്നു പറഞ്ഞു എലോൺ മസ്ക് വർഷങ്ങൾക്കു മുൻപ് SpaceX സ്ഥാപിക്കുമ്പോൾ അതൊരു മനോഹരമായ നടക്കാത്ത സ്വപ്നം ആയിരുന്നു. എന്നാൽ, 2020 ൽ അയാൾ നിർമിച്ച റോക്കറ്റ് നാസയുടെ ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഇറക്കി തിരിച്ചു ഭൂമിയിലെത്തി. അഴകുകൊണ്ടും ആഡംബരം കൊണ്ടും അയാൾ ഉണ്ടാക്കിയ ടെസ്ല കാറുകൾ ഭൂമിയിലെ റോഡുകൾ കീഴടക്കിയപ്പോൾ, റോക്കറ്റ് ടാക്സികൾ നിർമിച്ചു അയാൾ ആകാശപാതകളെ കീഴടക്കാൻ തുടങ്ങി.
എലോൺ മസ്ക് കണ്ട നടക്കാത്ത സ്വപ്നം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നു. മനുഷ്യർ ടൂറിസ്റ്റുകളെപ്പോലെ ബഹിരാകാശം ചുറ്റിയടിക്കാൻ പോകുന്നു. ബഹിരാകാശ യാത്രികരല്ലാത്ത സാധാരണ മനുഷ്യരെയും കൊണ്ടു വാണിജ്യാടിസ്ഥാനത്തിലുള്ള മനുഷ്യന്റെ ആദ്യത്തെ ഉല്ലാസയാത്ര പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. Axiom Space എന്ന കമ്പിനി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തോടു ചേർന്നു ഒരുക്കിയിരിക്കുന്ന പ്രത്യേക വാണിജ്യനിലയത്തിലാണ് ടൂറിസ്റ്റുകൾക്കു താമസം ഒരുക്കിയിരിക്കുന്നത്. രണ്ടു ദിവസം കൊണ്ടു ഭൂമിയിൽ നിന്നും അവിടെ എത്തിച്ചേരും, എട്ടു ദിവസം ഭൂമിയെ വലംവച്ചു താമസിക്കും, പന്ത്രണ്ടാമത്തെ ദിവസം തിരിച്ചു സ്വന്തം ഗ്രഹത്തിലേക്ക്. നാലുപേരടങ്ങുന്ന ആദ്യത്തെ യാത്രാസംഘത്തെ ഇന്നു പ്രഖ്യാപിച്ചു. അനന്തവും അജ്ഞാതവുമായ ആകാശങ്ങളിലേക്കു സ്വപ്നം കൊണ്ടു വഴിവെട്ടുന്ന മനുഷ്യർ. 2022 ആരംഭത്തിൽ ആദ്യത്തെ ബഹിരാകാശ ഉല്ലാസയാത്രക്ക് തയ്യാറെടുക്കുന്ന മനുഷ്യനെയും കൊണ്ടു എലോൺ മസ്കിന്റെ റോക്കറ്റ് ഭൂമിയിൽ നിന്നും പുറപ്പെടും.