നിങ്ങളുടെ എല്ലാ പോസ്റ്റുകളും വായിക്കുന്ന ആരെങ്കിലും ഈ ലോകത്തുണ്ടെങ്കിൽ അത് ബന്ധുക്കളാണ്

37

Shibu Gopalakrishnan

പല ഫേസ്‌ബുക്ക് നിവാസികളും അഭിപ്രായപ്പെടുന്നത് ബന്ധുക്കളെ ഫേസ്‌ബുക്കിൽ വച്ചോണ്ടിരിക്കരുത് എന്നാണ്. പ്രത്യേകിച്ചു ഉപകാരം ഒന്നുമില്ലെങ്കിലും ഉപദ്രവത്തിനു യാതൊരു കുറവും ഉണ്ടായിരിക്കില്ല. എന്നാൽ, ഈയുള്ളവന്റെ അനുഭവം മറിച്ചാണ്.നിങ്ങളുടെ എല്ലാ പോസ്റ്റുകളും വായിക്കുന്ന ആരെങ്കിലും ഈ ലോകത്തുണ്ടെങ്കിൽ അത് ബന്ധുക്കളാണ് . എത്രവലിയ ചങ്കാണെന്നു പറഞ്ഞാലും അവർക്കുപോലും ചില പോസ്റ്റുകൾ മിസ്സ് ആവും, എന്നിട്ട് അൽഗോരിതത്തിന്റെ അലുക്കുലുത്താണെന്നു പറയുകയും ചെയ്യും . എന്നാൽ ബന്ധുക്കൾ, അവരുടെ ചെക്ക്പോസ്റ്റ് വെട്ടിച്ചു നിങ്ങടെ ഒരു പോസ്റ്റിനു കടന്നുപോകണമെങ്കിൽ . അത് വേറെ അൽഗോരിതമാണ് മിസ്റ്റർ!

ഫേസ്‌ബുക്ക് ഫ്രണ്ട്സ് പോലും ചില അത്യാവശ്യ സന്ദർഭങ്ങളിൽ മുഴുവൻ വായിക്കാതെയോ, ഇനി വായിക്കാതെ തന്നെയോ, ലൈക്കിയെന്നു വരാം, സ്വാഭാവികം . എന്നാൽ കമ്പോടു കമ്പ് വായിച്ചാൽ പോലും വഴിമാറി നടക്കുന്ന, ഒരു ലൈക്കിന്റെ പോലും പ്രശസ്തി ആഗ്രഹിക്കാത്ത നിഷ്കാമ വായനക്കാർ ഉണ്ടെങ്കിൽ അത് ബന്ധുക്കളാണ്! .

പലരും നിങ്ങളെ പ്രോത്സാഹിപ്പിച്ചു വഴിതെറ്റിച്ചേക്കാം, എന്നാൽ പ്രോത്സാഹനത്തിന്റെ ഒരു കണിക പോലും കാണിക്കാതെ, അങ്ങനെ പോലും നിങ്ങളിൽ അഹങ്കാരത്തിന്റെ പൊടി പുരളാതെ, അന്യരെപ്പോലെ മാറിനിൽക്കുന്ന കരുതലാണവർ, ജാഗ്രതയാണവർ

ഇനി നിങ്ങളുടെ സ്വന്തം വീട്ടുകാർ ഫേസ്‌ബുക്ക് ഒന്നും ഉപയോഗിക്കാത്ത പരിഷ്കാരികൾ ആണെന്നു കരുതുക. നിങ്ങളുടെ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ സമയാസമയങ്ങളിൽ അവരെ അറിയിക്കുന്ന മഹത്തായ കർമം കൂടി നിങ്ങൾ ആവശ്യപ്പെടാതെ തന്നെ അറിഞ്ഞു ചെയ്യുന്ന സുമനസ്സുകൾ ആണവർ .എന്നിട്ട് എന്നെങ്കിലും നേരിൽ കാണുമ്പോൾ ഫുൾടൈം ഫേസ്ബുക്കിലാണല്ലേ എന്നു ചോദിച്ചു സ്നേഹപുരസ്സരം നിങ്ങളുടെ സ്‌ക്രീൻ ടൈം കുറയ്ക്കാൻ ക്രിയാത്മകമായി ഇടപെടുന്ന അഭ്യുദയകാംക്ഷികൾ. ആരാലും അറിയപ്പെടാതെ, ആരുടേയും അംഗീകാരം ആഗ്രഹിക്കാതെ, കർമമുഖരിതരായിരിക്കുന്ന കരുതലാണവർ, കാരുണ്യമാണവർ .