വൈറസിനു മ്യൂട്ടേഷൻ എങ്കിലും സംഭവിക്കും, നിങ്ങൾക്ക് അതും സംഭവിക്കില്ല

52

Shibu Gopalakrishnan ന്റെ കുറിപ്പ്

ശരിയാണ്. ഇറ്റലിയിൽ, ന്യൂയോർക്കിൽ, ബ്രസീലിൽ, എല്ലാം മനുഷ്യർ ചത്തൊടുങ്ങിയിട്ടുണ്ട്. അർജന്റ് കെയറും എമർജൻസിയും ഐസിയുവും നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. അവിടേക്കു എത്തിപ്പെടാനാവാതെ വാതിലിലും വരാന്തയിലും വച്ച് മനുഷ്യർ വീണുപോയിട്ടുണ്ട്. വലിയ കുഴികുത്തി അതിൽ മനുഷ്യരെ ഒന്നായി കുഴിച്ചു മൂടിയിട്ടുണ്ട്. ശ്മാശാനങ്ങൾക്കു മുന്നിൽ ഊഴം കാത്തുകിടന്നിട്ടുണ്ട്.

അന്നേവരെ ലോകം കണ്ടിട്ടില്ലാത്ത ഒരു മഹാമാരിക്ക് മുന്നിൽ, യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതിരുന്ന, എന്തെന്നും ഏതെന്നും അറിയാൻ പാടില്ലാതെ പകച്ചുപോയ മണിക്കൂറുകളിൽ, ഇതെല്ലാം സംഭവിച്ചിട്ടുണ്ട്. അതിനുശേഷം മറ്റെല്ലാം മാറ്റിവച്ചു ജനങ്ങളെ അതിവേഗം വാക്സിനേറ്റ് ചെയ്യുന്ന ദേശീയ ഉദ്യമങ്ങളാണ് അവിടെ അരങ്ങേറിയത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങാനുള്ള നിർദേശങ്ങൾ വരെ അവർ നൽകാൻ തുടങ്ങി.ഒരു വാക്സിൻ പോലും ലഭ്യമല്ലാതിരുന്ന കാലത്തു തകർന്നുപോയ സംവിധാനങ്ങളെ പ്രതി എത്രകാലം ഇങ്ങനെ ന്യായീകരിച്ചു മെഴുകാമെന്നാണ്?

വൈറസിനെ മനസിലായതിനു ശേഷം, അതിന്റെ അതിഭീകരമായ മ്യൂട്ടേഷനുകളെ മനസിലായതിനു ശേഷം, അയച്ചു വിടുംതോറും എപ്പോൾ വേണമെങ്കിലും പിടിമുറുക്കാനുള്ള വൈറസിന്റെ വ്യാപനശേഷിയെ മനസിലാക്കിയതിനു ശേഷം, രണ്ടാം വേവിലും മൂന്നാം വേവിലും മനുഷ്യർ ഇനിയും വെന്തുപോകാമെന്നു മനസിലാക്കിയതിനു ശേഷം, കരുതിയിരിക്കുന്നതിൽ ആർക്കാണ് വീഴ്ച ഉണ്ടായത്?
ജനങ്ങളുടെ കൈയിലിരിപ്പുകൊണ്ടാണ് ഇതുണ്ടായതെന്നാണ് ചില നിഷ്കളങ്കർ കമന്റുന്നത്.

ജനങ്ങളെ തുറന്നു വിട്ടത് ആരാണ്? അടച്ചുപൂട്ടിയിരുന്നാൽ സാമ്പത്തികരംഗം പൂട്ടിപോകുമെന്നും പട്ടിണി കിടന്നു ചത്തുപോകുമെന്നും പറഞ്ഞത് ആരാണ്? അതിനിടയിൽ ഇനിയും വൈറസിന്റെ മാരക തരംഗങ്ങൾ ഉണ്ടാകാമെന്നിരിക്കെ, അതിനു നേരെ കണ്ണടച്ചു കളഞ്ഞത് ആരാണ്? ലോകത്തു എല്ലായിടത്തും സംഭവിച്ചതേ ഇന്ത്യയിലും സംഭവിക്കുന്നുള്ളൂ എന്നുപറഞ്ഞു കമന്റുന്ന ന്യായീകരണ തിലകങ്ങളോടാണ്. വൈറസിനു മ്യൂട്ടേഷൻ എങ്കിലും സംഭവിക്കും, നിങ്ങൾക്ക് അതും സംഭവിക്കില്ല. അതുകൊണ്ടു ഏറ്റെടുത്ത പണി തുടരുക.