മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കുമ്പോൾ എഡ്‌മണ്ട് ഹിലരിക്കും ടെൻസിങ്ങിനുമൊപ്പം അതു റിപ്പോർട്ട് ചെയ്യാൻ ഒരാൾ കൂടി ഉണ്ടായിരുന്നു

0
64

Shibu Gopalakrishnan

മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കുമ്പോൾ എഡ്‌മണ്ട് ഹിലരിക്കും ടെൻസിങ്ങിനുമൊപ്പം അതു റിപ്പോർട്ട് ചെയ്യാൻ ജാൻ മോറിസും ഉണ്ടായിരുന്നു. വരാനിരിക്കുന്ന എത്രയോ അധികം യാത്രകളുടെ പ്രാരംഭം ആയിരുന്നിരിക്കണം അത്. തിരിച്ചിറങ്ങി ലോകത്തോട് മനുഷ്യന്റെ കാൽപ്പാദങ്ങൾ നിർവഹിച്ച മറ്റൊരു ഉയരത്തെ ബ്രേക്ക് ചെയ്ത ജെയിംസ് അവിടുന്നങ്ങോട്ട് സഞ്ചാരങ്ങളുടെ നിത്യകാമുകനായി. ലോകമെമ്പാടുമുള്ള നഗരങ്ങളെ പേനകൊണ്ട് കീഴടക്കി, അവർക്കു ആത്മകഥയെഴുതി. അൻപതോളം സഞ്ചാരകൃതികളാണ് മോറിസ് എഴുതിത്തീർത്തത്. പകരം വയ്ക്കാനില്ലാത്ത ക്ലാസ്സിക്കുകളായ അവയുടെ അച്ചടി ഇപ്പോഴും തുടരുകയാണ്. അതുവായിച്ചു വെനീസുമായും മാൻഹട്ടനുമായും സ്പെയിനുമായും ഓക്സ്ഫോർഡുമായും പ്രണയത്തിലായ വായനക്കാർ. എന്നാൽ മിനിഞ്ഞാന്ന്, തൊണ്ണൂറ്റിനാലാമത്തെ വയസ്സിൽ, ഭൂമിയിലെ നഗരങ്ങളോട് വിടപറഞ്ഞ് മടക്കമില്ലാത്ത അവസാനത്തെ യാത്ര ആരംഭിച്ചത് ജെയിംസ് മോറിസ്സ് ആയിരുന്നില്ല, ജാൻ മോറിസ്സ് ആയിരുന്നു.

താൻ ശരിയായ ശരീരത്തിലല്ല ജനിച്ചിരിക്കുന്നത് എന്ന സംശയം ജെയിംസ് ഭാര്യ എലിസബത്തുമായി പങ്കുവയ്ക്കുമായിരുന്നു. അസ്വസ്ഥമായ ഒരു ആവരണമാണ് തന്റെ പെൺജീവനു ചുറ്റുമുള്ള ആൺശരീരമെന്നു ആധികൊള്ളുമായിരുന്നു. മരിച്ചുപോകുമ്പോൾ തന്റെ ആത്മാവ് ഒരു ആൺശരീരത്തിൽ അടക്കം ചെയ്യുന്നത് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. അങ്ങനെയാണ് സ്ത്രീ ഹോർമോണുകൾ സ്വീകരിക്കാനുള്ള സമ്മതമായി എലിസബത്ത് മാറുന്നത്. തന്റെ അഞ്ചുമക്കളുടെ അച്ഛനായ ജെയിംസിന് പെണ്ണായി മാറാനുള്ള അനുമതി എലിസബത്ത് നൽകി. 12 വർഷങ്ങൾ ഏതാണ്ട് ഇരുപതിനായിരത്തോളം ഗുളികകളാണ് കഴിച്ചതെന്നു ജെയിംസ്. ഒടുവിൽ ഒരു പെണ്ണായി മാറുന്നതിലേക്കുള്ള അവസാനത്തെ ചവിട്ടുപടിയിൽ നിൽക്കുമ്പോൾ അവർക്കു മനസില്ലാമനസ്സോടെ വിവാഹമോചിതരാകേണ്ടിവന്നു, അതായിരുന്നു ബ്രിട്ടനിലെ നിയമം. 1972ൽ, തന്റെ 46 വർഷത്തെ ആൺജീവിതത്തിനൊടുവിൽ അങ്ങനെ ജെയിംസ് മോറിസ്സ്, ജാൻ മോറിസ്സായി.

എങ്കിലും അവർ വേർപിരിഞ്ഞില്ല, ഒരുമിച്ചു ജീവിക്കുകയും, രണ്ടുപെണ്ണുങ്ങളായി ഒരേ വീട്ടിൽ, കുടുംബകാര്യങ്ങളെല്ലാം പങ്കുവച്ചു മുന്നോട്ടു പോവുകയും ചെയ്തു. ഒരുമിച്ചുതന്നെ മക്കളെ വളർത്തി. സ്വവർഗ്ഗവിവാഹം നിയമവിധേയമായപ്പോൾ 2008ൽ സിവിൽ പാർട്ട്ണർഷിപ്പിൽ ഒപ്പുവച്ചു ഔദ്യോഗികമായി വീണ്ടും പങ്കാളികളായി. എലിസബത്തിനു ഓർമ നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ ജാൻ അവരെ കൈപിടിച്ചു നടത്തുന്ന ഓർമയായി. സ്റ്റെയർക്കേസിനു താഴെ രണ്ടുപേരും മരിക്കുമ്പോൾ ശവക്കല്ലറയിൽ സ്ഥാപിക്കാനായി ജാൻ ഒരു ഫലകം എഴുതിവച്ചു: ഇവിടെ രണ്ടു സുഹൃത്തുക്കൾ ഉണ്ട്, അവരുടെ ഒരൊറ്റ ജീവിതത്തിനൊടുവിൽ.

22000 അടി കുത്തനെയുള്ള ശൈത്യമുറയുന്ന എവറസ്റ്റ്, അളന്നുതീർക്കാനാവാത്ത അത്രയും മൈലുകൾ സഞ്ചരിച്ചു എഴുതിത്തീർത്ത നഗരചരിത്രങ്ങൾ, മരണം വരെയും വേർപിരിയാതെ എലിസബത്തിനൊപ്പം ആണായും പെണ്ണായും ജീവിച്ച എഴുപതു വർഷങ്ങൾ, ആയുസ്സിന്റെ ആൺപകുതിയിൽ നിന്നും പെൺപകുതിയിലേക്കു ജീവിച്ചുതീർത്ത എവറസ്റ്റിലും ഉയരമുള്ള കൊടുമുടികൾ. ഒരു സഞ്ചാരസാഹിത്യജീവിതം നടന്നുതീർത്ത നീളങ്ങൾക്കും വീതികൾക്കും ആഴങ്ങൾക്കും ഉയരങ്ങൾക്കും മുന്നിൽ അമ്പരപ്പോടെ, ആദരവോടെ..വിട, ജാൻ മോറിസ്.