നാല്പത്തിയൊൻപതാമത്തെ വയസ്സിൽ സ്വന്തം ജീവിതപങ്കാളിയെ കണ്ടെത്തുകയും അൻപതാമത്തെ വയസ്സിൽ വിവാഹം ചെയ്യുകയും ചെയ്ത ഒരു വനിതയാണ് വരുന്ന ഇരുപതാം തീയതി അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കാൻ പോകുന്നത്. നാളിതുവരെ ആണുങ്ങൾ മാത്രം അമർന്നിരുന്ന അമേരിക്കൻ അധികാരത്തിന്റെ രണ്ടാം കസേരയിൽ ഇതാദ്യമായി ഒരു കറുത്തവനിത, ഒരു കുടിയേറ്റ വനിത, ഒരു രണ്ടാനമ്മ ഇരിക്കാൻ പോകുന്നു.
2014ലാണ് ഭർത്താവ് ഡഗ്ഗ് എമോഹിനെ ഹാരിസ് കണ്ടെത്തുന്നത്, അപ്പോൾ കാലിഫോർണിയയുടെ അറ്റോർണി ജനറൽ ആയിരുന്നു. ആറു മാസത്തെ ഡേറ്റിങ്ങിനൊടുവിൽ വിവാഹം. ഹാരിസിന്റെ ആദ്യത്തെയും ഡഗ്ഗിന്റെ രണ്ടാമത്തെയും വിവാഹം. 2016ൽ കാലിഫോർണിയയിൽ നിന്നുള്ള സെനറ്റർ. 2021ൽ അമേരിക്കയുടെ വൈസ് പ്രസിഡന്റ്. പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും ഹാരിസ് 2019ൽ പിന്മാറുമ്പോൾ ട്രംപ് ട്വീറ്റ് ചെയ്തു: Too bad, We will miss you. ആ ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടികൾക്ക് കാപിറ്റോളിൽ ഇനി ഹാരിസ് അധ്യക്ഷത വഹിക്കും.
