ഒരു ദിവസം അവർ മകന്റെ കട്ടിലിൽ എഴുതിവെച്ചു- നീയല്ലെങ്കിൽ പിന്നെ ആരാണ്?

0
99

Shibu Gopalakrishnan

ഗാരി ആദ്യം തോല്പിച്ചത് അമ്മയെ ആയിരുന്നു. ലോകത്തിന്റെ ചാമ്പ്യൻ ഗാരി ആയിരുന്നെങ്കിൽ, ഗാരിയുടെ ചാമ്പ്യൻ അമ്മ ആയിരുന്നു. പ്രാദേശിക പത്രത്തിൽ വന്ന ഒരു ചെസ്സ് പ്രശ്നം ചർച്ച ചെയ്തുകൊണ്ടിരുന്ന അച്ഛനും അമ്മയ്ക്കും ഇടയിലേക്കു അതിന്റെ പരിഹാരം നിർദേശിച്ചുകൊണ്ടായിരുന്നു അഞ്ചുവയസുകാരനായ ഗാരിയുടെ തുടക്കം. പിന്നെ ചെസ്സിൽ ഗാരി അവരെ തോൽപ്പിക്കാൻ തുടങ്ങി. ഗാരി കാസ്പറോവ് എന്ന ലോകചാമ്പ്യന്റെ ആദ്യത്തെ ചാമ്പ്യൻഷിപ്പുകൾ.

Todo lo que dicen los políticos debe ponerse en duda, el consejo de Klara  Kasparova - El Politicoഏഴാമത്തെ വയസ്സിൽ ക്യാൻസർ ബാധിച്ചു അച്ഛൻ മരിച്ചു. പിന്നെ തോൽപ്പിച്ചതു മുഴുവൻ അമ്മയെ ആയിരുന്നു. അമ്മ ഗാരിയോട് നിരന്തരം പറയുമായിരുന്നു, നീ ഒരിക്കൽ ലോകചാമ്പ്യനാവും, നിനക്കതിനു കഴിയും. ഒരു ദിവസം അവർ മകന്റെ കട്ടിലിൽ എഴുതിവെച്ചു- നീയല്ലെങ്കിൽ പിന്നെ ആരാണ്? ലോകത്തിന്റെ ഗ്രാൻഡ് മാസ്റ്റർ നെറുകയിലേക്ക് ഗാരിയെ കൂട്ടിക്കൊണ്ടുപോയ ചോദ്യം. ഗാരി സർനെയിമായി അമ്മയുടെ പേരിനെ കൂടെചേർത്തുവച്ചു. പതിമൂന്നാമത്തെ വയസ്സിൽ സോവിയറ്റ് ജൂനിയർ ചാമ്പ്യൻഷിപ്പ്, പതിനഞ്ചാമത്തെ വയസ്സിൽ മാസ്റ്റർ ലെവൽ ടൂർണമെന്റ്, പതിനാറാമത്തെ വയസ്സിൽ ഇന്റർനാഷണൽ ടൂർണമെന്റ്. ഗാരിക്ക് പതിനെട്ടു തികഞ്ഞപ്പോൾ മകന്റെ ചെസ്സ് തേരോട്ടങ്ങൾക്കായി അമ്മ ജോലി രാജിവച്ചു. എല്ലാ ടൂർണമെന്റുകളിലും ഗാരിയെ അനുഗമിക്കുന്ന തേരാളിയായി. അങ്ങനെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ലോക ചാമ്പ്യൻഷിപ്പ്, ഇന്നും ആർക്കും തകർക്കാൻ പറ്റിയിട്ടില്ലാത്ത ഏറ്റവും പ്രായം കുറഞ്ഞ ലോകകിരീടം.

ഇരുപതു വർഷം ലോകചാമ്പ്യനായി തുടർന്ന ഗാരി കാസ്പറോവ് ഒരിക്കൽ പറഞ്ഞു, ലോകത്ത് ആരെങ്കിലും അമ്മയെ വിശ്വസിച്ചിരുന്നോ എന്നെനിക്കറിയില്ല, പക്ഷേ ഞാൻ അമ്മയെ വിശ്വസിച്ചു. റഷ്യയിലെ ചെസ്സ് അസോസിയേഷൻ പറഞ്ഞത് ഞാൻ ഒരു ശല്യക്കാരായ കളിക്കാരൻ ആണെന്നും എനിക്ക് ലോക ചാമ്പ്യനാവാൻ കഴിയില്ല എന്നുമായിരുന്നു. എന്നിട്ടും അമ്മ എന്നെ വിശ്വസിച്ചു. നമ്മളിൽ വിശ്വസിക്കുന്നവരെ വിശ്വസിക്കുക എന്നതാണ് വിജയത്തിലേക്കുള്ള വഴി. നിങ്ങൾ നിങ്ങളുടെ അമ്മയെ കേൾക്കുക.

ഈ ക്രിസ്തുമസ് ദിനം ക്ലാര കാസ്പറോവയുടെ അറുപതാം വാർഷികമായിരുന്നു, കോവിഡ് ബാധിതയായി അവർ ലോകത്തോട് വിടപറഞ്ഞ ദിവസം. എൺപത്തിമൂന്നു വയസായിരുന്നു. ഗാരി കാസ്പറോവ് അനുസ്മരിച്ചതുപോലെ തന്റെ പിതാവിനൊപ്പം ചെസ്സ് കളിയ്ക്കാൻ അവർ മോസ്‌കോയിൽ നിന്നും യാത്രയായ ദിവസം.
RIP Klara Kasparova.