മാലിക് സിനിമയിലെ വാലുംതുമ്പുമില്ലാത്ത കഥയെ കുറിച്ച് പോസ്റ്റ്

0
230

Shibu Gopalakrishnan എഴുതിയത് 

  1. ഒരു കൊലപാതകി ആണെന്നു അറിഞ്ഞിട്ടും മാലിക്കിനൊപ്പം നാടുവിടാനും ജീവിതം തുടങ്ങാനും തയ്യാറായ നിലപാടുള്ള പെണ്ണാണ് റോസിലിൻ. നിന്നോടു മതം മാറണമെന്നോ തട്ടമിടണമെന്നോ ഞാൻ പറയില്ല, പക്ഷേ നമ്മുടെ മകനെ റമദാപ്പള്ളി പറയുന്നതുപോലെ വളർത്തണമെന്നു മാത്രം ആവശ്യപ്പെടുന്ന, പെണ്ണുങ്ങൾക്കു അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ അനുവദിക്കുന്ന ഒരു മോഡേൺ ഡോൺ ആണ് മാലിക്. അങ്ങനെയൊരു വാക്കു കൊടുത്തിട്ടും, മകനെ ആന്റണി എന്നുപേരുചൊല്ലി, മാമോദീസ മുക്കാൻ റോസിലിൻ നിന്നുകൊടുത്തത് എന്തിനായിരിക്കും 🤔
  2. ചന്ദ്രനെ കൊന്ന കേസിൽ, അതിന്റെ പരിസരങ്ങളിൽ ഒന്നുമില്ലാതിരുന്ന ഉമ്മയുടെ സാക്ഷിമൊഴിയുടെ പ്രസക്തി എന്തരാണ് 🤔 അതിന്റെ അടിസ്ഥാനത്തിൽ മൂന്നുമാസം റിമാൻഡ് ചെയ്യപ്പെടാൻ വേണ്ടി കനപ്പെട്ട എന്തര് മൊഴിയാണ് ഉമ്മ നൽകിയത് 🤔

  3. കേസിന്റെ വിധി വരുന്ന അന്നുതന്നെ മാമോദീസ നടത്താനുള്ള ചേതോവികാരം എന്തായിരുന്നു 🤔 അതു മനഃപൂർവ്വമല്ല, തികച്ചും യാദൃച്ഛികമാണെന്നു സമ്മതിച്ചാലും, കേസിന്റെ നടത്തിപ്പിലോ അതിന്റെ വിധിയിലോ റോസിലിനു ഒരു അക്കാദമിക് ഇന്ററസ്റ്റ് പോലും തോന്നാതിരിക്കാനുള്ള കാരണം എന്തരാണെന്നു എത്ര ആലോചിച്ചിട്ടും അങ്ങട്..🤔

  4. അതുവരെ നല്ലവനായിരുന്ന അൻവർ സാർ, എന്ത് കുത്തിത്തിരിപ്പിന്റെ പുറത്താണ് ഡേവിഡിൽ പച്ചയ്ക്ക് വർഗീയത കുത്തിവയ്ക്കുന്നത് 🤔 ചപ്പുചവറു നീക്കാൻ സഹായിക്കുന്ന, സ്‌കൂൾ തുടങ്ങാൻ തുണയാവുന്ന, വെടിവയ്പ്പിനു ഓർഡർ ഇടാത്ത, പരമമാന്യനായ കളക്ടർ സാർ, എന്നാലും ഏതു ചേതോവികാരത്തിനു പുറത്തായിരിക്കും പള്ളി വളർന്നതും സ്‌കൂള് കിട്ടിയതും അവർക്കാണെന്നു ഓതിയത് 🤔

  5. പീറ്ററിന്റെ ഒരൊറ്റ മൊഴിയിലാണ് മാലിക് രക്ഷപ്പെടുന്നത്. അതേ പീറ്റർ, ഡേവിഡ് അബുവിനെ കാണുന്നതും കളക്ടർ സാറുമായി ചേർന്നു എന്തരൊക്കെയോ ഗൂഢാലോചനകൾ നടത്തുന്നതും കണ്ടതാണ്. ഒരു കാലത്തും മാലിക്കിനെ ഒറ്റുകൊടുക്കാൻ തയ്യാറാവാത്ത, അതിനു തയ്യാറാവുന്നവരെ പോലും കത്തിക്കാൻ മടിയില്ലാത്ത ചങ്ങാതിയാണ് പീറ്റർ. എന്നിട്ടും, ഒരിക്കൽ പോലും അബുവിനെ പറ്റി കുത്തിത്തിരിപ്പിന്റെ ഒരു സൂചനപോലും മാലിക്കിനു നൽകാതിരുന്നത് എന്തുകൊണ്ടായിരിക്കും 🤔🤔

  6. പോലീസും കളക്ടറും എംഎൽഎയും കൂടെ ചേർന്നു തന്നെ കുടുക്കുക ആയിരുന്നു എന്നും വെടിവയ്പ്പിനുള്ള വട്ടംകൂട്ടുക ആയിരുന്നു എന്നും മനസിലാക്കാനുള്ള ബുദ്ധിയൊക്കെ നവാസിനെ കുത്തിയിട്ടില്ലാത്ത ഡേവിഡിനുണ്ട്. എന്നിട്ടും അങ്ങനെയൊന്നും ചിന്തിക്കാൻ കഴിയാത്ത, എല്ലാത്തിനും കാരണം മാലിക്ക് ആണെന്നു മാത്രം ചിന്തിക്കാൻ കഴിയുന്ന ഒരു മണ്ടനാണ് ഡേവിഡ്. സ്വന്തം അപ്പനും പെങ്ങടെ മോനും വരെ തീർന്നിട്ടും കാലിൽ കിട്ടിയ സ്വന്തം ഉണ്ടയുടെ വേദനയിൽ ഡേവിഡ് അവിടുന്നങ്ങോട്ട് ഒരു മരമണ്ടൻ മാത്രമാണ്. ഡേവിഡിനൊരു അഞ്ചുപൈസയുടെ എങ്കിലും ബുദ്ധി കൊടുക്കാത്തത് എന്തുകൊണ്ടായിരിക്കും 🤔

  7. അതെല്ലാം പോട്ടെ, നിഷ്‍കളങ്കനും നിർമമനും സ്വന്തം മാമനുമായ മാലിക്കിനെ കൊല്ലുന്നതു കണ്ടിട്ട് ഈ ബ്ലഡി ഫ്രഡി കണ്ണുംതള്ളി ഇരുന്നത് എന്തിനാണെന്നു എത്ര ആലോചിച്ചിട്ടും എനിക്കങ്ങട്..🤔

എനിക്കു നിങ്ങളെ മനസിലാവുന്നില്ല മിസ്റ്റർ മാലിക്!