Shibu Gopalakrishnan (സോഷ്യൽ മീഡിയയിൽ കുറിച്ചത്)
കളിച്ച കളികളുടെ കണക്കിൽ, അടിച്ച ഗോളുകളുടെ എണ്ണത്തിൽ, ഉയർത്തിയ കപ്പുകളുടെ എണ്ണത്തിലും വലിപ്പത്തിലും പെലെയെ മറികടക്കുന്ന ഒരു ഇതിഹാസം ഫുട്ബോൾ മൈതാനത്തു ഇനിയും നൃത്തം ചവിട്ടിയേക്കാം.എന്നാൽ, ഇനി ഒരിക്കലും മറികടക്കാൻ ഇടയില്ലാത്ത ഒരു തൂവൽ പെലെയുടെ മാത്രം റെക്കോർഡ് പുസ്തകത്തിൽ ഉണ്ട്. ഒരു യുദ്ധം നിർത്തിവെപ്പിച്ചു സമാധാനത്തിന്റെ മണിക്കൂറുകൾ ഒരു രാജ്യത്തിനു സമ്മാനിച്ച ഒരേയൊരു കാൽപ്പന്തുകാരൻ. തോക്കുകളെ നിശബ്ദമാക്കിയ കാലുകൾ ഉണ്ടായിരുന്ന ഒരേയൊരു കളിക്കാരൻ. മനുഷ്യരെ മറ്റെല്ലാ വേർതിരിവുകൾക്കും വിഭജനങ്ങൾക്കും വിയോജിപ്പുകൾക്കും അപ്പുറത്തു ഫുട്ബോളിനു മുന്നിൽ ഒരുമിച്ചിരുത്തിയ കാല്പന്തിന്റെ ദൂതൻ.
1967 ൽ നൈജീരിയയിൽ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ഫെഡറൽ ഗവണ്മെന്റും തെക്കുകിഴക്കൻ സംസ്ഥാനമായ ബയഫ്രയിലെ ഇഗ്ബോ വംശജരായ ജനങ്ങളും തമ്മിലായിരുന്നു മൂന്നുവർഷം നീണ്ടുനിന്ന യുദ്ധം. ഗവണ്മെന്റ് ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല, അവർ വടക്കൻ സംസ്ഥാനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ നടത്തിപ്പുകാർ മാത്രമാണ് എന്നായിരുന്നു ഇഗ്ബോ ജനതയുടെ പ്രതിഷേധം. അപ്പോഴാണ് പെലെയും പെലെയുടെ ക്ലബായ സാന്റോസും പന്തുമായി ആഫ്രിക്കൻ പര്യടനത്തിനു ഇറങ്ങിയത്. നൈജീരിയയുടെ ദേശീയ ടീമായ ഗ്രീൻ ഈഗിൾസുമായുള്ള പെലെയുടെ സൗഹൃദ മത്സരത്തിനു മുന്നോടിയായി 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.
അതുവരെ പരസ്പരം തോക്കെടുത്തു നിന്നിരുന്ന ഇരുവശത്തേയും പട്ടാളക്കാർ ലാഗോസിലെ സ്റ്റേഡിയത്തിനു ഒരുമിച്ചു സുരക്ഷയൊരുക്കി. അവർ കലാപം മറന്നു, കളിക്കുന്നവർക്കും കളികാണാൻ വരുന്നവർക്കും ശത്രുക്കൾ ഒരുമിച്ചു കാവൽ നിന്നു. അന്നത്തെ മത്സരത്തിൽ പെലെ രണ്ടുഗോളുകൾ അടിച്ചു. 90 മിനിട്ടു നേരം യുദ്ധത്തിൽ നിന്നും അവധിയെടുത്തു പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ജനങ്ങൾ പെലെയുടെ കളികാണാൻ മാത്രം സമാധാനത്തിനു കീഴടങ്ങി.കാലുകൾ കൊണ്ട് സമാധാനത്തിന്റെ കരാറുകൾ എഴുതിയുണ്ടാക്കിയ ഒരേയൊരു കാല്പന്തുകാരൻ കൂടിയായിരുന്നു പെലെ.