Kerala
കൊട്ടാരക്കരയെ സ്വന്തം പേരിനൊപ്പം ചേർത്തുകെട്ടിയ രാഷ്ട്രീയവ്യക്തിത്വം, ആദരാഞ്ജലികൾ
ലോകത്തെവിടെ ആണെങ്കിലും കൊട്ടാരക്കരക്കാരൻ എന്നു പറയുമ്പോൾ വരുന്ന അടുത്തചോദ്യമായിരുന്നു ബാലകൃഷ്ണപിള്ള. കൊട്ടാരക്കര ബാലകൃഷ്ണപിള്ളയുടെയും ബാലകൃഷ്ണപിള്ള
152 total views

ലോകത്തെവിടെ ആണെങ്കിലും കൊട്ടാരക്കരക്കാരൻ എന്നു പറയുമ്പോൾ വരുന്ന അടുത്തചോദ്യമായിരുന്നു ബാലകൃഷ്ണപിള്ള. കൊട്ടാരക്കര ബാലകൃഷ്ണപിള്ളയുടെയും ബാലകൃഷ്ണപിള്ള കൊട്ടാരക്കരയുടെയും മേൽവിലാസമായിരുന്നു. ചൊവ്വയിലേക്കുള്ള ബസുവരെ കിട്ടുന്ന സ്ഥലമാണ് കൊട്ടാരക്കര കെഎസ്ആർടിസി ബസ്സ്റ്റാൻഡ് എന്നൊക്കെ കളിയാക്കി ആണെങ്കിലും പറയുമ്പോൾ കേൾക്കാനൊരു സുഖമൊക്കെ ഉണ്ടായിരുന്നു. ഒരുപക്ഷെ ഏറ്റവുമധികം കേട്ടിട്ടുള്ള രാഷ്ട്രീയക്കാരൻ ബാലകൃഷ്ണപിള്ള ആയിരിക്കണം. ഓർമ്മ ഉറച്ചനാൾ മുതൽ അതിങ്ങനെ തിരഞ്ഞെടുപ്പു കവലകളിലും സ്കൂൾ പിടിഎ മീറ്റിങ്ങുകളിലും കാഷ്യുഫാക്ടറി പടിക്കലും കരയോഗ സദസ്സുകളിലും കേട്ടുകൊണ്ടിരുന്നു. നാനാതരത്തിലുള്ള സദസ്സുകളെ കൈകാര്യം ചെയ്യുന്നത് കണ്ണെടുക്കാതെ, കാതെടുക്കാതെ, കേട്ടുനിന്നിട്ടുണ്ട്.
പിടിച്ചിരുത്തുന്ന പ്രസംഗങ്ങളായിരുന്നു. അനൗപചാരികതയായിരുന്നു അതിന്റെ ഭാഷ. വേദിയിലും സദസ്സിലും ഉള്ള അറിയാവുന്ന മനുഷ്യരെല്ലാം അതിൽ പരാമർശവിധേയമാവും. അവരെ മുഴുവൻ സംഘടിപ്പിച്ചുകൊണ്ടുള്ള ഒരു യാത്ര ആയിരുന്നു അത്. നർമവും പരിഹാസവും താൻപോരിമയും എല്ലാം ചേരുംപടി ചേരും. മൈക്കിനു മുന്നിൽ ആണെങ്കിലും തലയെടുപ്പിൽ വിട്ടുവീഴ്ച ഇല്ലായിരുന്നു. സംസാരിച്ചു തുടങ്ങുമ്പോൾ കാതുകളെ മുഴുവൻ കൈക്കലാക്കും.
എംഎൽഎ എന്നാൽ ഒരുകാലംവരെ അത് ബാലകൃഷ്ണപിള്ള ആയിരുന്നു. എതിർ സ്ഥാനാർത്ഥികൾ തോൽക്കാൻ വേണ്ടി മാത്രം മത്സരിച്ചുപോകുന്ന ആരെല്ലാമോ ആയിരുന്നു. ഇടകുറഞ്ഞ മതിലുകളിൽ ചുവരെഴുത്തു ആർ.ബി. പിള്ള എന്നാവും. മതിലിൽ വരച്ച തെങ്ങടയാളം നോക്കി അതേപടി വരയ്ക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിയിൽ, പഴയ ചില കടകളുടെ ഒഴിഞ്ഞ കോണിൽ, അന്നത്തെ ആർബി പിള്ളയും തെങ്ങും ഉദയസൂര്യനുമെല്ലാം ഇപ്പോഴും മായാതെ കിടപ്പുണ്ട്.പിന്നീട് വിയോജിപ്പുകൾ ഉണ്ടായി, വിമർശനങ്ങൾ ഉണ്ടായി. എന്നാലും ബാലകൃഷ്ണപിള്ള അമ്പരപ്പിച്ച ഒരു ബാല്യകൗമാരകാലം അന്നത്തെ കൊട്ടാരക്കരക്കുട്ടികൾക്കു ഉണ്ടായിരുന്നു. അവരുടെ ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും ബാലകൃഷ്ണപിള്ളയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അത്രയധികം കാലം കൊട്ടാരക്കരയെ സ്വന്തം പേരിനൊപ്പം ചേർത്തുകെട്ടിയ രാഷ്ട്രീയവ്യക്തിത്വം ആയിരുന്നു.ആദരാഞ്ജലികൾ..
153 total views, 1 views today