അയാളൊരു കർഷക നേതാവ് അല്ലായിരുന്നെങ്കിൽ ഇന്നലെ കർഷകരെ നേരിടാൻ അയാളും ഉണ്ടായേനെ

  96

  Shibu Gopalakrishnan

  ഒരു കർഷകനേതാവ് അല്ലായിരുന്നെങ്കിൽ ഇന്നലെ രാത്രി ഗാസിപ്പൂരിലെ സമരസ്ഥലം വളഞ്ഞ ഡൽഹി പോലീസിന്റെ കൂട്ടത്തിൽ അയാളും കാണുമായിരുന്നു. വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചു നിറതോക്കും ജലപീരങ്കിയുമായി ജീവിതസമരത്തിൽ നിന്നും കുടിയിറക്കാൻ കർഷകരെ വളഞ്ഞ അധികാരത്തിന്റെ അർദ്ധരാത്രി ഓപ്പറേഷനിൽ പങ്കെടുക്കാൻ തോക്കുമേന്തി അയാളും നിലയുറപ്പിക്കുമായിരുന്നു.

  Who is Rakesh Tikait?1985 ലാണ് രാകേഷ് തികായത് ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടറായി ചേരുന്നത്. രണ്ടുവർഷങ്ങൾക്കു ശേഷമാണ് അദ്ദേഹത്തിന്റെ പിതാവ് മഹേന്ദ്ര തികായത് മുൻപ്രധാനമന്ത്രി ചരൺ സിംഗിനൊപ്പം ഭാരതീയ കിസാൻ യൂണിയൻ രൂപീകരിക്കുന്നത്. ദീർഘകാലം അതിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. വിജയ് ചൗക്ക് മുതൽ ഇന്ത്യാഗേറ്റുവരെ അഞ്ചുലക്ഷം കർഷകരെ അണിനിരത്തി രാജീവ് ഗാന്ധിയെ കൊണ്ട് കർഷകരുടെ ആവശ്യങ്ങൾക്കു മുന്നിൽ അടിയറവു പറയിപ്പിച്ചിട്ടുണ്ട് അദ്ദേഹം. വെള്ളക്കരവും വൈദ്യുതിക്കരവും കർഷകർക്കു ഇളവുചെയ്തു കൊടുക്കാതെ സമരം പിന്മാറിയില്ല. തൊണ്ണൂറ്റിമൂന്നിലാണ് ഡൽഹി പോലീസിൽ നിന്നു രാജിവച്ചു രാകേഷ് തികായതും കർഷക സമരങ്ങളുടെ ഭാഗമാകുന്നത്.

  അതിനുശേഷം നാല്പത്തിനാലു തവണയാണ് ഈ കർഷകനേതാവ് സമരങ്ങളുടെ ഭാഗമായി ജയിലിൽ കഴിഞ്ഞത്. ഇന്നലെ രാത്രി ഭാരതീയ കിസാൻ യൂണിയന്റെ പ്രസിഡൻറും ജ്യേഷ്ഠനുമായ നരേഷ് തികായത് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു നാട്ടിലേക്കു മടങ്ങുമ്പോൾ, പിന്മടക്കമില്ലാതെ രാകേഷ് ശേഷിക്കുന്ന കർഷകർക്കൊപ്പം അവിടെത്തന്നെ നിലയുറപ്പിച്ചു. വെടിവയ്ക്കാമെന്നും പിന്മാറാൻ തയ്യാറല്ലെന്നും പ്രഖ്യാപിച്ചു. ആത്മഹത്യ ചെയ്യേണ്ടി വന്നാലും കർഷകരെ തോൽപ്പിക്കാൻ വിടില്ലെന്നു പ്രഖ്യാപിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു. തന്റെ ഗ്രാമത്തിൽ നിന്നും കർഷകർ വെള്ളം കൊണ്ടുവന്നിട്ടു മാത്രമേ ഇനി ജലപാനം ചെയ്യുവെന്നു കുടിവെള്ളം നിഷേധിച്ചവർക്കു മുന്നിൽ പ്രഖ്യാപിച്ചു. കർഷകർ വെള്ളം പോലെ സമരസ്ഥലത്തേക്ക് ഒഴുകി.

  അടിച്ചമർത്തലിന്റെ അറ്റത്തു നിന്ന, തോൽവിയുടെ ഗൂഢാലോചനകൾക്കു മുന്നിൽ ചിന്നിച്ചിതറിപ്പോയ കർഷകർ തിരിച്ചെത്തി. മണിക്കൂറുകൾക്കകം ഒഴിപ്പിക്കാൻ കഴിയാത്തവണ്ണം ഗാസിപ്പൂർ മുദ്രാവാക്യമുഖരിതമായി. കണ്ണീരുകൊണ്ടു കർഷകരുടെ പ്രളയം സൃഷ്ടിച്ച കപ്പിത്താനായി രാകേഷ് തികായത്. സിസിടിവി ക്യാമറകൾ അഴിച്ചുമാറ്റി ഒഴിയാനുള്ള നോട്ടീസ് പതിപ്പിച്ചു കാത്തുനിന്നവർക്കു വെറുംകൈയോടെ മടങ്ങേണ്ടി വന്നു.
  രാകേഷ് തികായത്, കർഷകസമരത്തെ വീണുപോകാതെ മണ്ണിൽ ഉറപ്പിച്ചു നിർത്തിയ സ്ഥൈര്യം ❤