ചുവന്ന പന്ത് കൊണ്ടു അയാൾ ആദ്യത്തെ ബോൾ എറിഞ്ഞിട്ടു അഞ്ചു വർഷം ആവുന്നതേയുള്ളൂ

0
65

Shibu Gopalakrishnan

ഇങ്ങനെ ഒരു ചുവന്ന പന്ത് കൊണ്ടു അയാൾ ആദ്യത്തെ ബോൾ എറിഞ്ഞിട്ടു അഞ്ചു വർഷം ആവുന്നതേയുള്ളൂ. ഹൈദരാബാദിൽ യാതൊരു പ്രൊഫഷണൽ പരിശീലനവും ഇല്ലാതെ ടെന്നീസ് ബോളിൽ വിക്കറ്റുകൾ എറിഞ്ഞിട്ടു നടക്കുക ആയിരുന്നു അയാൾ. വാപ്പ അയാളോട് രാജ്യത്തിനു വേണ്ടി കളിക്കുന്നതിനെ കുറിച്ച് ഓർമിപ്പിച്ചു കൊണ്ടിരുന്നു. ക്‌ളാസ് മുടക്കി കളിച്ചുനടക്കുന്നത് അറിഞ്ഞാൽ ഉമ്മ കണ്ണുരുട്ടുമായിരുന്നു. ഉമ്മ അറിയാതെ കളിക്കാൻ പോകാനും പഠിക്കാതെ പന്തെറിയാനും കൂട്ടുനിന്നത് വാപ്പ ആയിരുന്നു. എഴുപതുരൂപ ആയിരുന്നു സിറാജിനു നൽകിയിരുന്ന പോക്കറ്റ് മണി. ഓട്ടോ ഓടിച്ചു കിട്ടിയിരുന്നതിൽ നിന്നും വാപ്പ തന്നിരുന്ന എഴുപതുരൂപ ഒരു വലിയതുക ആയിരുന്നുവെന്നു സിറാജ്. അതുകൊണ്ടാണ് അയാൾ എറിഞ്ഞു പഠിച്ചത്.

Twitter Reactions: Mohammed Siraj's maiden five-wicket haul highlights Day  4 of Brisbane Testഹൈദരാബാദിന്റെ അണ്ടർ 23 ടീം ഫാസ്റ്റ് ബൗളർമാർക്കു വേണ്ടി സംഘടിപ്പിച്ച ക്യാമ്പ് സെക്കന്തരാബാദിൽ നടക്കുമ്പോൾ സിറാജ് മാത്രം വന്നില്ല. കോച്ച് വിളിച്ചപ്പോൾ സിറാജ് പറഞ്ഞു: ഹൈദരാബാദിൽ നിന്നും സെക്കന്തറാബാദ് വരെ വന്നുപോകാനുള്ള പണമില്ല, വാപ്പയോട് ചോദിക്കാൻ വയ്യ, ഇപ്പോൾ തന്നെ ഒരുപാട്‌ ചെയ്യുന്നുണ്ട്.

അവിടെ നിന്നു തുടങ്ങിയ സിറാജിന്റെ ക്രിക്കറ്റ് ജീവിതം മൂളിപ്പറക്കുന്ന ഒരു ഫാസ്റ്റ്ബോൾ പോലെ വേഗതയാർന്നതും കണ്ണഞ്ചിപ്പിക്കുന്നതുമായിരുന്നു. ഗാബയിൽ അഞ്ചു വിക്കറ്റിന്റെ മിന്നുന്ന മികവിൽ ഓസ്‌ട്രേലിയയുടെ മൂന്നുപതിറ്റാണ്ടിന്റെ അപ്രമാദിത്വത്തെ മുട്ടുകുത്തിക്കുമ്പോൾ സിറാജ് സാക്ഷാത്‌കരിച്ചത് വാപ്പ ഓട്ടോഓടിച്ചു നട്ടുനനച്ചു വളർത്തിയ സ്വപ്നം. കന്നി ടെസ്റ്റിന് വേണ്ടി ഇന്ത്യൻ കുപ്പായമണിഞ്ഞു നിൽക്കുമ്പോൾ ദേശീയഗാനത്തിനൊപ്പം അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു മാസം മുൻപ് വാപ്പ മരിക്കുമ്പോൾ നാട്ടിലേക്കു മടങ്ങുന്നതു മാറ്റിവച്ചു വാപ്പയുടെ സ്വപ്നത്തിനുവേണ്ടി അണകെട്ടിനിർത്തിയ കണ്ണീർ.
ഓസ്‌ട്രേലിയയുമായുള്ള പരിശീലന മത്സരത്തിൽ ബൗളിംഗ് എൻഡിൽ ബാറ്റുമായി നിൽക്കുന്ന സിറാജ്. കാമറോൺ ഗ്രീനിന്റെ ബോൾ ബുംറെ അടിച്ചു നേരെ ഗ്രീനിന്റെ കൈകളിലേക്ക്. മുഖത്തിനു നേർക്കു എറിഞ്ഞതിലും വേഗത്തിൽ തിരിച്ചുവന്ന ബോൾ ഗ്രീനിന്റെ നെറ്റിയിൽതന്നെ കൊണ്ടു. റണ്ണിനുവേണ്ടി ഓടി സിറാജിനു അടുത്തെത്തിയ ബുംറെ, ഇതൊന്നുമറിയാതെ ബാറ്റ് താഴെയിട്ട് ഗ്രീനിനെ താങ്ങാനായി സ്വന്തം ടീമംഗങ്ങൾക്കും മുൻപേ ഓടിയെത്തിയ സിറാജ് ❤

ഇതേ സിറാജിനു പിന്നെ ഓസ്‌ട്രേലിയൻ ആരാധകരുടെ വംശീയാധിക്ഷേപത്തിനു മുന്നിൽ വായടച്ചു നിൽക്കേണ്ടി വന്നു. അതിനയാൾ ഒരിക്കലും മറക്കാനാവാത്ത പരാജയത്തിന്റെ മുറിവു നൽകി പന്തുകൊണ്ട് പകരം വീട്ടിയിരിക്കുന്നു. ഹൈദരാബാദിന്റെ തെരുവുകളിൽ ഓട്ടോ ഓടിച്ചു നടന്ന ഒരു മനുഷ്യൻ പാകിയ സ്വപ്നത്തിന്റെ വിത്ത് ഗാബയിൽ വളർന്നു പന്തലിച്ചു പൂവിട്ടു നിൽക്കുന്നു ❤