ട്രംപിനെ ട്വിറ്ററിൽ നിന്നും പടിയടച്ചു പിണ്ഡം വച്ച ഇന്ത്യൻ വംശജ വിജയ ഗഡ്ഡെ

0
72

Shibu Gopalakrishnan

ഏറ്റവും ശക്തയായ ടെക് വനിത എന്നാണ് ട്വിറ്ററിന്റെ ജനറൽ കൗൺസൽ വിജയ ഗഡ്ഡെയെ ഇപ്പോൾ ലോകം വാഴ്ത്തുന്നത്. ട്വീറ്റുകളുടെ ഉള്ളടക്കത്തെയും അത് പാലിക്കേണ്ടുന്ന സാമൂഹിക മര്യാദകളെയും നിർണയിക്കുകയും ലംഘിക്കുന്നവർക്കെതിരെ ട്വിറ്റർ നടപടി സ്വീകരിക്കുകയും ചെയ്യുന്നത് ഗഡ്ഡെയുടെ നേതൃത്വത്തിലാണ്. എപ്പോഴെല്ലാം വാർത്തകളിൽ നിറഞ്ഞുവോ അപ്പോഴെല്ലാം സിഇഒ ജാക്ക് ഡോർസിക്കൊപ്പം ട്വിറ്ററിന്റെ മുഖ്യമായത് ഗഡ്ഡെ ആയിരുന്നു. ഉള്ളടക്കത്തെ കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിലും അതിനുവേണ്ടുന്ന ട്വിറ്ററിന്റെ നിലപാടുകൾ രൂപപ്പെടുത്തുന്നതിലും നിർണായകപങ്കുവഹിച്ച അഭിഭാഷക. അമേരിക്കൻ ഇലക്ഷനു മുന്നോടിയായി ട്വിറ്ററിൽ രാഷ്ട്രീയ പരസ്യങ്ങൾ നിർത്തലാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച നയരൂപീകരണ മേധാവി. നാല്പത്തിരണ്ടു വർഷങ്ങൾക്കു മുൻപ് മൂന്നാമത്തെ വയസ്സിൽ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്കു കുടിയേറിയ ഇന്ത്യൻ ബാലിക.

ഗഡ്ഡെയുടെ ഏറ്റവും അവസത്തെ ട്വീറ്റ് ജനുവരി എട്ടാം തീയതി ആണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എന്നെന്നേക്കുമായി ട്വിറ്ററിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പായിരുന്നു അത്. ലോകത്തു ഏറ്റവും കൂടുതൽ ട്വിറ്റർ അനുയായികളുള്ള അമേരിക്കൻ ഭരണാധികാരിയെ ട്വിറ്ററിൽ നിന്നും കുടിയിറക്കാനുള്ള ആ തീരുമാനം കൈക്കൊണ്ടത് വിജയ ഗഡ്ഡെ ആയിരുന്നു.
പഠിക്കാനായി ഗഡ്ഡെയുടെ പിതാവ് അമേരിക്കയിൽ എത്തുമ്പോൾ വിവാഹിതനായിരുന്നു. എന്നാൽ കുടുംബത്തെ കൂടെ കൊണ്ടുവരാൻ കഴിഞ്ഞില്ല. പഠനശേഷം മകൾക്കു മൂന്നുവയസായപ്പോഴാണ് അമേരിക്കയിലേക്ക് കുടുംബസമേതം കുടിയേറുന്നത്. എന്നിട്ടും നല്ലൊരു ജോലി കണ്ടെത്താനായില്ല. വൈറ്റ് മേൽക്കോയ്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന കുപ്രസിദ്ധ വിദ്വേഷ ഗ്രൂപ്പായ KKK യുടെ അധീനതയിലുള്ള ഒരു ചെറിയ സിറ്റിയിലായിരുന്നു അവരുടെ താമസം. കെമിക്കൽ എൻജിനീയറിങ്ങിൽ ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും പിതാവിന് ഒരു നല്ല തൊഴിൽ കണ്ടെത്താനായില്ല. ഒടുവിൽ വീടുകളിൽ കയറിയിറങ്ങി ഇൻഷുറൻസ് വിൽക്കുകയും പ്രീമിയം കളക്ട് ചെയ്യുകയും ചെയ്യുന്ന ജോലി സ്വീകരിച്ചു. കറുത്തവനായ ഒരാൾ വെളുത്തവരുടെ വീടുകളിൽ പോയി വാതിലിൽ മുട്ടുന്നതിനു KKK ഗ്രൂപ്പിന്റെ പ്രാദേശിക നേതാവിന്റെ വീട്ടിൽ പോയി അനുവാദം ചോദിക്കേണ്ടി വന്നു. അങ്ങനെയാണ് നീതിയെക്കുറിച്ചും തുല്യതയെ കുറിച്ചുമുള്ള ചോദ്യം ഉണ്ടാകുന്നതും ഗഡ്ഡെ അഭിഭാഷക ആവാൻ തീരുമാനിക്കുന്നതും.കാപിറ്റോൾ കൈയേറിയ കലാപകാരികളുടെ കൈയിൽ KKK ഗ്രൂപ്പിന്റെ പതാകയും ഉണ്ടായിരുന്നു. ഇത്തരം വിദ്വേഷ സംഘങ്ങൾക്കു അഴിഞ്ഞാടാൻ ട്വീറ്റുകൾ കൊണ്ടു ഇന്ധനം പകർന്ന ട്രംപിന്റെ നാവടപ്പിക്കാനുള്ള തീരുമാനം ഉണ്ടായത് ഇവിടെ നിന്നാണ്, ഈ കുടിയേറ്റ വനിതയിൽ നിന്ന്.