കെജ്‌രിവാൾ ജയിച്ചു കയറുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ടകൾ പിടിച്ചടക്കുന്നതിലെ ബിജെപിയുടെ അതിസാമർഥ്യത്തിന്റെ പത്തിയിലാണ് അടിയേൽക്കുന്നത്

111


Shibu Gopalakrishnan

കെജ്‌രിവാൾ ജയിച്ചു കയറുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ടകൾ പിടിച്ചടക്കുന്നതിലെ ബിജെപിയുടെ അതിസാമർഥ്യത്തിന്റെ പത്തിയിലാണ് അടിയേൽക്കുന്നത്. അജണ്ട തങ്ങൾ തീരുമാനിക്കുമെന്നും അതിനുചുറ്റും ബാക്കിയുള്ളവർ ഓടിനടന്നു വിയർത്തൊലിക്കുമെന്ന വിജയതന്ത്രം അതിദയനീയമായി പരാജയമടയുകയാണ്. തങ്ങൾ തീരുമാനിച്ച അജണ്ടയിലേക്കു തന്നെ വോട്ടർമാരെ ചേർത്തുനിർത്താൻ കഴിഞ്ഞതാണ് ആപ്പിന്റെ ആധികാരിക വിജയം.

എതിരാളികൾ കളംപിടിക്കാൻ ഇറക്കിയ യാതൊരു കെണിയിലും അവർ വീണില്ല, അതൊന്നും അവർ ഏറ്റെടുത്തില്ല, അതിനൊന്നും മറുപടിയും കൊടുത്തില്ല. തങ്ങൾക്കു പറയാനുള്ളത് മാത്രം അവർ പറഞ്ഞുകൊണ്ടേയിരുന്നു, അതുമാത്രം ജനം കേട്ടുകൊണ്ടേയിരുന്നു.അവഗണനയുടെ വിജയം കൂടിയാണിത്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് മറുപടികൾ കൊണ്ടുപോലും ഒരിടം നൽകരുതെന്ന വകതിരിവിന്റെ വിജയം.

ഇന്നലെവരെ എളുപ്പത്തിൽ വിജയം കൊയ്യാൻ കഴിഞ്ഞിരുന്ന വിഷവിത്തുകൾ മുളയ്ക്കാതെ മുളയിലേ വീണുതുടങ്ങിയിരിക്കുന്നു. വഴിയിൽ വീണുകിടന്ന വീഴ്ചകളിലൊന്നും ചവിട്ടാതെ, വിഭജനത്തിന്റെ എല്ലാ അതിർത്തികളെയും അപ്രസക്തമാക്കിയ, ചൂണ്ടുവിരലുകൾകൊണ്ടു ചേർന്നുനിന്ന തലസ്ഥാനജനതയ്ക്കു അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ.

CAA യും NRC യും കൊണ്ടു വന്നു ഈ രാജ്യത്തെ ജനതയെ രണ്ടാം തരക്കാർ ആക്കി മാറ്റി വോട്ടവകാശം നിഷേധിച്ചു കാലാകാലം ഈ രാജ്യം ഭരിക്കാം എന്നു വ്യാമോഹിച്ച ഹിറ്റ്ലറിന്റെ അനുയായികളുടെ ശിരസ്സിൽ ഇതാ ഇന്ദ്രപ്രസ്ഥത്തിലെ ജനത ആഴത്തിൽ ആണി അടിച്ചിരിക്കുന്നു. ലോക ശ്രദ്ധ ആകർഷിച്ച സമരവേദി ആയ ഷഹീൻ ഭാഗ് ഉൾപ്പെടുന്ന മണ്ഡലത്തിലും ജനങ്ങൾ ആം ആദ്മിക്ക് ഒപ്പം നിന്നു.ഡൽഹിയിലെ ആം ആദ്മി വിജയം വരാനിരിക്കുന്ന നല്ല ദിനങ്ങളുടെ തുടക്കം.