Shibu Gopalakrishnan
ഭരണഘടനയുടെ പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴവെട്ടൽ കൂദാശ നടത്തുന്ന പിതാക്കന്മാരുടെ കാലത്ത് ഗീവർഗീസ് മാർ കൂറിലോസിന്റെ ഈ വാക്കുകൾ നമുക്ക് സംഗീതം പോലെ ശ്രവിക്കാനാവും.
ഇന്നലത്തെ ന്യൂസ് അവറിൽ വിനുവിന്റെ ആദ്യത്തെ ചോദ്യം: മാർ കൂറിലോസ് ഈ മനുഷ്യശൃംഖലയിൽ പങ്കാളിയായത് എന്തുകൊണ്ടാണ്?
സൂചിപ്പിച്ചത് ശരിയാണ്, മനുഷ്യമഹാശൃംഖലയിൽ ഇന്നു ആലപ്പുഴയിൽ ഞാനും പങ്കാളിയായി എന്നുള്ളത് ശരിയാണ്. പ്രധാനമായിട്ടും രണ്ടു കാരണങ്ങളാണ്. ഒന്ന്, ഞാൻ ഇന്ത്യയിലെ ഒരു പൗരൻ ആയതുകൊണ്ട്. രണ്ട്, ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ട്. ഇന്ത്യയിലെ ഒരു പൗരൻ എന്നനിലയിൽ നമ്മുടെ രാജ്യത്തിൻറെ ഭരണഘടന അട്ടിമറിക്കപ്പെടുന്നു എന്ന ഒരു ഭീതി, ഒരു വെല്ലുവിളി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഒരു പൗരനെന്ന നിലയിൽ ആ ഭരണഘടനയെ സംരക്ഷിക്കാൻ എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന ബോധ്യമാണ് എന്നെയും ആലപ്പുഴയിലെ ഒരു കണ്ണിയായിട്ട് അവിടെ എത്തിച്ചത്. രണ്ടാമത് ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടു കൂടിയാണ്.
ഞാൻ വിശ്വസിക്കുന്ന യേശുക്രിസ്തു ഒരു അഭയാർത്ഥി ആയിരുന്നു. ജനിച്ചയുടനെ തന്നെ സാമ്രാജ്യത്വ ശക്തികൾ അദ്ദേഹത്തെ ഉന്നംവയ്ക്കുകയും അദ്ദേഹത്തെ നിഗ്രഹിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി മാതാപിതാക്കൾക്ക് മകനെയും കൊണ്ട് മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യേണ്ടിവന്ന ഒരു അഭയാർത്ഥി ആയിരുന്നു യേശുക്രിസ്തു. അതുകൊണ്ടു യേശുക്രിസ്തുവിനെ കാണണേണ്ടത് അഭയാർത്ഥികളിലാണ്, മറ്റുള്ളവരിലാണ്, അപരത്വം കല്പിക്കപ്പെടുന്നവരിലാണ്. അതുകൊണ്ടു മുസ്ലിം ജനവിഭാഗം ഈ പൗരത്വനിയമത്തിന്റെ ഒരു വിക്ടിം ആയിമാറിയ സാഹചര്യത്തിൽ, അവരോടൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, മതേതരത്വത്തിൽ വിശ്വസിക്കുന്ന, നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തി എന്നനിലയിലും, യേശുക്രിസ്തുവിന്റെ ഒരു അനുയായി എന്നനിലയിലും എന്റെകൂടി ചുമതലയാണെന്ന ബോധ്യത്തിലാണ് ഞാനീ മനുഷ്യശൃഖലയിൽ കണ്ണിചേർന്നത്.
മതമെന്നാൽ താല്പര്യങ്ങൾ മാത്രമല്ല, നിലപാടുകൾ കൂടിയാണ്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.