ഇതൊരു കള്ളന്റെ കത്താണ്, മോഷണമുതലുമായി രായ്ക്കുരാമാനം കടന്നുകളഞ്ഞ കള്ളന്റെ കത്ത്.
രാജസ്ഥാനിലെ ഭരത്പുരിൽ നിന്നും ഉത്തർപ്രദേശിലെ ബറേലിയിലേക്കു 250 കിലോമീറ്ററിന്റെ വിശപ്പും ദാഹവും ഉണ്ട്. ലോക്ക്ഡൗണിൽ ആയി ജീവിതം കാൽച്ചുവട്ടിൽ നിന്നും കുത്തിയൊലിച്ചു പോയ മുഹമ്മദ് ഇഖ്ബാൽ ഖാൻ എന്ന കൂലിത്തൊഴിലാളിക്ക് ഭരത്പുരിൽ നിന്നും ബറേലിയിലെ സ്വന്തം ഗ്രാമത്തിലേക്കുള്ള 250 കിലോമീറ്റർ വെയിൽ ഒറ്റയ്ക്ക് നടന്നു തീർക്കാനാവില്ല. കൂടെയുള്ള ഭിന്നശേഷിക്കാരനായ നടക്കാൻ കഴിയാത്ത മകനെയും അയാൾക്കു കൊണ്ടുപോകണം. അടുത്ത വീട്ടുകാരനായ സാഹിബ് സിങിന്റെ ഉമ്മറത്തിരുന്ന പഴയ സൈക്കിൾ പാത്രിരാത്രിയിൽ മോഷ്ടിച്ചെടുത്തു പകരം അയാൾ അവിടെയൊരു കത്തുവച്ചു. നമസ്കാരം പറഞ്ഞുകൊണ്ടാരംഭിക്കുന്ന കത്ത്.
“ഞാനാണ് അപരാധി. ഒരു തൊഴിലാളിയാണ്, നിസ്സഹായനാണ്. അങ്ങയുടെ സൈക്കിൾ എടുക്കുകയാണ്. നടക്കാൻ കഴിയാത്ത എന്റെ ഭിന്നശേഷിക്കാരനായ മകനുമായി നാട്ടിലെത്താൻ മറ്റു വഴികളൊന്നുമില്ല, ക്ഷമിക്കണം, ബറേലി വരെ ഞങ്ങൾക്കു പോകണം.”ജീവിച്ചിരിക്കാൻ വേണ്ടി പലായനം ചെയ്യുന്ന, അതിനുവേണ്ടി രാജ്യം മുഴുവൻ ഉറങ്ങുന്നതുവരെ ഉണർന്നിരിക്കുന്ന, അപ്പോഴും കൈയിലൊരു പേനയും പേപ്പറും കുറ്റസമ്മതവും കരുതുന്ന, ആരുടേയും അസ്വസ്ഥതകളിൽ ഇല്ലാത്ത ഇവരെ മോഷ്ടാക്കളാക്കുന്ന നീതിയുടെ പേരെന്താണ്? എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാമെന്ന ആധിയുമായി ആഞ്ഞുചവിട്ടിക്കൊണ്ടിരിക്കുന്ന ഇവരുടെ സമാധാനത്തിന്റെ മൂല്യം എന്താണ്?
ബൈസൈക്കിൾ തീവ്സ് എന്ന സിനിമയുടെ അവസാനം കുറ്റവാളിയെ പോലെ തലകുനിച്ചു നടന്നുവരുന്ന, അപമാനിതനും നഷ്ടപ്പെട്ടവനും പിടിക്കപ്പെട്ടവനുമായ പിതാവ് കരയാനൊരുങ്ങുമ്പോൾ, ഓട്ടത്തിനിടയിലെപ്പോഴോ വീണുപോയ തൊപ്പി നൽകി ആ കൈകളിൽ അമർത്തിപ്പിടിക്കുന്ന ഇറ്റാലിയൻ ബാലന്റെ മുഖം ഇടമിന്നലുപോലെ തെളിയുന്നു. അതിന്റെ വെട്ടത്തിൽ ഇരുട്ടുമാത്രം മുന്നിൽ വീണുകിടക്കുന്ന അനീതി എന്നുപേരുള്ള പെരുവഴിയിലൂടെ ഒരച്ഛൻ മകനെയും കൊണ്ടു ഇപ്പോഴും ആഞ്ഞുചവിട്ടിക്കൊണ്ടിരിക്കുന്നു.