നമ്മൾ ഒരാൾക്കു നേരെ കൈനീട്ടുമ്പോൾ ഒരു ജൈവായുധമാണ് വച്ചുനീട്ടുന്നത്

31

Shibu Gopalakrishnan

കോവിഡ് മനുഷ്യനിൽ നിന്നും എന്നെന്നേക്കുമായി തിരിച്ചെടുക്കുമെന്നു കരുതപ്പെടുന്നത് ഹസ്തദാനങ്ങളും കവിളുമ്മകളും കെട്ടിപ്പിടിത്തങ്ങളുമാണ്.അമേരിക്കയിലെ ആറു പ്രസിഡന്റുമാർക്കൊപ്പം പ്രവർത്തിച്ച, സാംക്രമിക രോഗങ്ങളുടെ വിദഗ്ധരിൽ വിദഗ്ധനായ ഡോ: ആന്തണി ഫൗസി, ഇനി നമ്മൾ ഒരുപക്ഷേ ഒരിക്കലും ഹസ്തദാനം ചെയ്യില്ലായിരിക്കും എന്നഭിപ്രായപ്പെട്ടപ്പോൾ മനുഷ്യരുടെ ഉള്ളുമാത്രമല്ല ഉള്ളംകൈകളും ഞെട്ടി. നമ്മൾ ഒരാൾക്കു നേരെ കൈനീട്ടുമ്പോൾ ഒരു ജൈവായുധമാണ് വച്ചുനീട്ടുന്നതെന്നു വിശ്വസിക്കാൻ പാടുപെട്ടു.

നൂറ്റാണ്ടുകൾക്കു മുൻപ് പൗരാണിക ഗ്രീസിലാണത്രെ മനുഷ്യർ കൈകൊടുക്കാൻ ആരംഭിച്ചത്. ഞാൻ നിരായുധനാണെന്നും, എന്റെ കൈയിൽ സൗഹൃദമല്ലാതെ മറ്റായുധങ്ങളൊന്നും ഇല്ലെന്നുമുള്ള സ്നേഹപ്രഖ്യാപനം ആയിരുന്നു അത്. രണ്ടു അപരിചിതർക്കു പോലും സൗഹാർദപൂർണമായൊരു പാരസ്പര്യത്തിലേക്കു കയറിനിൽക്കാനും മിണ്ടാനുമുള്ള ഇടനിലയായി ഹസ്തദാനം മാറി. മനുഷ്യർ ശരീരം കൊണ്ട് നിർമ്മിച്ചെടുത്ത ഭാഷയിലെ ഏറ്റവും സൗഹാർദ്ധതയുള്ള വാക്കായിരുന്നു ഹസ്തദാനം. ഏറ്റവും ഊഷ്മളതയുള്ള വാക്കായിരുന്നു കവിളുമ്മ. ഏറ്റവും ആഴമുള്ള, ആർദ്രതയുള്ള, ആത്മാവുള്ള വാക്കായിരുന്നു ആശ്ലേഷം.

എല്ലാ യുദ്ധങ്ങളും അവസാനിച്ചത് കൈകൊടുത്തു കൊണ്ടാണ്. സമാധാനത്തിന്റെ, സഹകരണത്തിന്റെ, ഒത്തൊരുമയുടെ ആദ്യസൂചനകളായി മനുഷ്യർ ഹസ്തദാനങ്ങളെ പങ്കുവച്ചു. ഉച്ചകോടികളെല്ലാം ഹസ്തദാനങ്ങളിൽ ആരംഭിക്കപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഒരുവർഷം 65,000 ഷേക്ക് ഹാൻഡുകൾ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മനുഷ്യന്റെ ജനിതകഘടനയിൽ പോലും സ്പർശിക്കാനും സ്പർശിക്കപ്പെടാനുമുള്ള ചോദനകളുടെ ലിഖിതങ്ങളുണ്ട്, അവിടെ അംഗീകരിക്കപ്പെട്ട ആദിമപാഠമായി, ആദ്യാഭിവാദനങ്ങളായി, ഹസ്തദാനങ്ങളും സൗഹാർദ്ദചുംബനങ്ങളും ആശ്ലേഷങ്ങളുമുണ്ട്. അതിനെയെല്ലാം മായിച്ചുകളയാൻ ഇനിയെത്ര നൂറ്റാണ്ടുകൾ വേണ്ടിവരും?

ഹസ്തദാനം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടു സ്വന്തം മന്ത്രിയെ ഷേക്ക് ഹാൻഡ് ചെയ്യാനാഞ്ഞ എയ്ഞ്ചലാ മെർക്കലിനെ നമ്മൾ കണ്ടു, അറിയാതെ എങ്ങാനും കൈകൊടുത്താലോ എന്നുഭയന്നു കൈപിറകിൽ കെട്ടിവച്ച ബോറിസ് ജോൺസനെ നമ്മൾ കണ്ടു. ശരീരത്തിന്റെ സ്വാഭാവികമായ ഭാഷാപ്രയോഗങ്ങളെ എങ്ങനെയാണു മനുഷ്യനു തടവിലിടാൻ കഴിയുക?
അകലങ്ങളിൽ നിന്നും അടുത്തെത്തുമ്പോൾ മനുഷ്യർ അടക്കാനാവാത്ത ആയങ്ങളിൽ അകപ്പെട്ടുപോകും. റെയിൽവേ സ്റ്റേഷനാണെന്നും വിമാനത്താവളമാണെന്നും ബസ്റ്റാൻഡാണെന്നും മറക്കും. കണ്ണുകൾ തോരുവോളം കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ആത്മാവിൽ നിന്നും പുറപ്പെട്ടുവരുന്ന ആധിക്യങ്ങളെ അതേപടി പകർത്തിവയ്ക്കാൻ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്യും. ഇനി അതെല്ലാം വിരൽത്തുമ്പുകളിൽ തടയപ്പെടും, അതിനപ്പുറത്തേക്ക് സഞ്ചരിക്കാനാവാതെ കെട്ടിക്കിടക്കും. കണ്ണുകളിലൂടെ കവിളുകളിലേക്കു കുത്തിയൊഴുകും, ചുമലുകൾ നമുക്കു നഷ്ടമാകും. കൈത്തലങ്ങളും, കവിൾപ്പരപ്പുകളും, നമ്മളുടേതെന്നു കരുതിയ സകല സ്പർശങ്ങളും ആറടി അകലത്തിലേക്കു മാറിനിൽക്കും.

കൈ പുറകിലേക്കു വലിച്ചുകളഞ്ഞ ഒരു ഹസ്തദാനത്തിനു അപ്പുറവും ഇപ്പുറവും നമ്മൾ നിൽക്കുന്നു. ഏറെനാളുകൾക്കു ശേഷം കാണുമ്പോഴും ഓടിയെത്താതെ കടിച്ചുപിടിച്ചൊരു ആശ്ലേഷത്തിനു മുന്നിൽ നമ്മൾ അറച്ചുനിൽക്കുന്നു. അനിയന്ത്രിതമായൊരു കരച്ചിലിൽ ആണ്ടുപോകുമ്പോഴും ഒരു വിരൽസ്പർശം പോലും നീണ്ടുവരാത്തൊരു ശൂന്യതയിലേക്കു നമ്മൾ നടന്നടുക്കുന്നു ❣️

Advertisements