പൊറോട്ട അടിക്കുന്ന ബിരുദ വിദ്യാർത്ഥിനി അല്ല ഈ സ്റ്റോറിയിലെ നായിക

65

Shibu Gopalakrishnan

പൊറോട്ട അടിക്കുന്ന ബിരുദ വിദ്യാർത്ഥിനി അല്ല ഈ സ്റ്റോറിയിലെ നായിക, ആത്മനിന്ദകളോ അവമതിപ്പുകളോ ഇല്ലാതെ സ്വന്തം മകളെ ഈ നിലയിലേക്ക് ആത്മാഭിമാനത്തോടെ തൊഴിലിനെ കുറിച്ച് സംസാരിക്കാൻ പ്രാപ്തയാക്കിയ ആ അമ്മയാണ് ശരിക്കുള്ള നായിക. ആ നിൽപ്പിൽ തന്നെ ഒരു നിശ്ചയമുണ്ട്. പെരുംകടങ്ങളുടെ പുറമ്പോക്കിൽ മറച്ചുകെട്ടിയ തട്ടുകടയിൽ ജീവിതത്തെ വറുത്തും പൊരിച്ചും തിളപ്പിച്ചും മുന്നോട്ടു ഉന്തുമ്പോൾ, കൂസലില്ലാതെ നിൽക്കുന്ന ആത്മവിശ്വാസത്തിന്റെ നിറചിരി.പൊറോട്ട പെണ്ണുങ്ങൾക്ക് അടിക്കാനുള്ളതാണോ എന്നൊരു ശങ്ക പോലും അമ്മയെ വന്നു തടയുന്നില്ല, പൊറോട്ട അടിക്കുന്ന ആള് വരാതെയാകുമ്പോൾ, നിനക്ക് പറ്റുമോ എന്നുനോക്കാൻ പറയുന്ന ഒരു അമ്മയില്ലെങ്കിൽ, ബാക്കി ഞാൻ നോക്കിക്കൊള്ളാം എന്നുപറയുന്ന ഒരു ചങ്കുറപ്പ് കൂടെയില്ലെങ്കിൽ, മെറിൻഡയുടെ കഥ ഉണ്ടാവില്ല, മെറിൻഡയുടെ പൊറോട്ടകളും.
അച്ഛൻ ഉപേക്ഷിച്ചു പോയ മൂന്നുപെണ്മക്കളുമായി തനിച്ചു ജീവിക്കാൻ ഇറങ്ങിത്തിരിച്ച ഒരാളുടെ ജീവിതബോധ്യം അർത്ഥശങ്കകളൊന്നുമില്ലാതെ അവർ പറയുന്നു – “വിവാഹം ഒന്നിനും ഒരു പ്രതിവിധിയല്ല”, മാസ്സെന്നൊന്നും പറഞ്ഞാൽ പോരാ! മകൾ പൊറോട്ട അടിക്കുന്നു എന്നേയുള്ളൂ, അതിന്റെ പിന്നിലെ ചുട്ടുപൊള്ളുന്ന അടുപ്പ് ഈ അമ്മയാണ്.