ഈ ഭവനസമുച്ചയത്തിനു മുന്നിൽ നിന്ന് ദാക്ഷായണിയമ്മ നെഞ്ചത്തു കൈവച്ചു ചിരിക്കുന്നു

63

 Shibu Gopalakrishnan

ഇങ്ങനെ ഒരു വാർത്തയും വാർത്താചിത്രവും നൽകുന്ന സന്തോഷം ചെറുതല്ല.
അമ്പതു വർഷം മുൻപാണ് കൂലിവേലക്കാരനായ മരട്ടിപ്പറമ്പിൽ നാരായണൻ ദക്ഷായണിയെ വിവാഹം ചെയ്തു പറവൂർക്ക് കൊണ്ടുവന്നത്. ഏഴുമക്കൾ. കുടികിടപ്പായി കിട്ടിയ അഞ്ചുസെന്റിലാണ് അവർ ജീവിതത്തിന്റെ ദുരിതപർവ്വങ്ങൾ താണ്ടിയത്. ഇടമില്ലായ്മയിലും മക്കളും ചെറുമക്കളും അടങ്ങുന്ന ജീവിതബാഹുല്യത്തിനു ഇടം കണ്ടെത്തിയത്.

നാരായണൻ 25 വർഷം മുൻപ് മരിച്ചു. ഏഴുമക്കളും വിവാഹം കഴിച്ചതോടെ നിന്നു തിരിയാൻ ഇടമില്ലാതെ വീട് ഇടുങ്ങി. പിന്നെയും ചെറുതായി. കാലപ്പഴക്കത്തിൽ പുതുക്കി നിർമിക്കാൻ ആവതില്ലാതെ കൂലിപ്പണിക്കാരായ മക്കൾ അതിനുള്ളിൽ നിന്നു നട്ടംതിരിഞ്ഞു. ഭർത്താക്കന്മാർ മരിച്ചു രണ്ടുപെൺമക്കളും അവരുടെ മക്കളും കൂടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ അഞ്ചുസെന്റിലെ ആ കൂര കൂട്ടിയാൽ കൂടാതെയായി.

ലൈഫ് മിഷനിൽ ആറുകുടുംബങ്ങൾ അപേക്ഷ സമർപ്പിക്കുമ്പോൾ ആകെയുള്ള അഞ്ചുസെന്റിൽ എങ്ങനെ ആറുവീടുകൾ എന്ന പ്രശ്നം ഉയർന്നുവന്നു. അതിനുള്ള പരിഹാരമാണ് ഈ ഭവനസമുച്ചയം. അതിനു മുന്നിൽ നിന്നാണ് ദാക്ഷായണിയമ്മ നെഞ്ചത്തു കൈവച്ചു ചിരിക്കുന്നത്. ആറുകുടുംബങ്ങൾ ഇനി ഈ വീടുകളിൽ പലനിലകളിലായി ഒരുമിച്ചു ജീവിക്കും.
ദാക്ഷായണി അമ്മയുടെ ചിരി സാധ്യമാകുമ്പോഴാണ് അത്ഭുതങ്ങൾക്കു അർത്ഥമുണ്ടാകുന്നത്. അത്ഭുതസമുച്ചയം ❤️