മോദിക്കൊരു കത്തെഴുതി ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ്

35

Shibu Gopalakrishnan

മധ്യപ്രദേശിലെ ഛത്താർപൂർ ജില്ലയിലെ മുനീന്ദ്ര രാജ്പുതിന്റെ വിരിപ്പുകൃഷി ഇക്കൊല്ലം പരാജയമായിരുന്നു. ആ നഷ്ടം നികത്താനാണ് ധാന്യങ്ങൾ പൊടിച്ചു നൽകുന്ന ഒരു മില്ല് ആരംഭിച്ചത്. എന്നാൽ കോവിഡ് ആ പ്രതീക്ഷകളെയും പരാജയപ്പെടുത്തി. എന്നാൽ കറന്റു കമ്പിനിക്കാർക്കു അതൊന്നും മതിയായ ന്യായം അല്ലായിരുന്നു. അവർ രാജ്പുതിന്റെ അവധി അപേക്ഷകളെല്ലാം തള്ളി. 87,000 രൂപ കുടിശ്ശിക വരുത്തിയ രാജ്പുതിന്റെ മില്ലും ബൈക്കും ഗ്രാമവാസികൾ നോക്കി നിൽക്കെ അവർ ജപ്തി ചെയ്തു. അത് ശരിയായ റീഡിങ് അല്ലായിരുന്നെന്നും കഴിഞ്ഞ വർഷത്തെ ആവറേജ് റീഡിങ് അനുസരിച്ചാണ് ബില്ല് ഈടാക്കിയതെന്നും പറയപ്പെടുന്നു. അപമാനിതനായ രാജ്പുത്, മണ്ണിലും മില്ലിലും പരാജയപ്പെട്ടു തലകുനിച്ചു നിന്നു.

No photo description available.അന്നുരാത്രി അയാൾ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കു ഒരു കുറിപ്പെഴുതി: വൻകിട മുതലാളിമാർ, രാഷ്ട്രീയക്കാർ, സർക്കാർ ജീവനക്കാർ, ഇവർ വായ്പ എടുത്താൽ അടച്ചു തീർക്കാൻ സാവകാശം നൽകുന്നു, അല്ലെങ്കിൽ അത് കിട്ടാക്കടമായി എഴുതി തള്ളുന്നു. എന്നാൽ പാവപ്പെട്ടവർ ഒരു ലോണെടുത്താൽ, അതെന്തുകൊണ്ടാണ് തിരിച്ചടയ്ക്കാൻ കഴിയാത്തതെന്നു അവരോടു ആരും ചോദിക്കുന്നില്ല, പകരം അവരെ നാട്ടുകാരുടെ മുന്നിൽ വച്ചു അപമാനിച്ചു ഇല്ലാതാക്കുന്നു.

തന്റെ ശവശരീരം സർക്കാരിനു കൈമാറണമെന്നും, എല്ലാ ശരീരാവയവങ്ങളും വിറ്റു തരാനുള്ള കുടിശ്ശിക ഈടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആ കർഷകൻ തന്റെ കുറിപ്പും ജീവിതവും അവസാനിപ്പിച്ചു. കഴിഞ്ഞവർഷം മാത്രം വിവിധ വ്യവസായികളുടെ 2,37,876 കോടിയുടെ കടം എഴുതിത്തള്ളിയ ഒരു രാജ്യത്താണ് കോവിഡ് കാരണം പ്രതിസന്ധിയിലായിപ്പോയ ഒരു കർഷകനു ആരും എഴുതിത്തള്ളാനില്ലാത്ത 87,000 രൂപയ്ക്കു വേണ്ടി ഇല്ലാതാവേണ്ടി വരുന്നത്. കുടിശ്ശിക വീട്ടാൻ ശരീരാവയവങ്ങൾ കണ്ടുകെട്ടണമെന്നു സർക്കാരിനു ആത്മഹത്യാക്കുറിപ്പ് എഴുതി ഇറങ്ങിപ്പോകേണ്ടി വരുന്നത്.