ഡൽഹിയിൽ നിന്നുള്ള ചില വീഡിയോകൾ കാണുകയായിരുന്നു. കണ്ടു മുഴുമിപ്പിക്കാൻ കഴിയാത്തവിധം നെഞ്ചു തകർക്കുന്നതാണ്. ആശുപത്രിയുടെ ഉള്ളിലേക്ക് ഏന്തിവലിഞ്ഞു നോക്കി ജീവൻ പോയിക്കൊണ്ടിരിക്കുന്ന പ്രിയപ്പെട്ടവരുമായി കാത്തുനിൽക്കുന്ന മനുഷ്യർ. അതിനിടയിൽ എപ്പോഴോ ജീവൻ നഷ്ടപ്പെട്ടിട്ടും പിന്നെയും കാത്തുകിടക്കുന്നവർ.അനക്കം കാണാതെ വന്നപ്പോൾ ബാലാജീ.. എന്നു ലോകം മുഴുവൻ കേൾക്കെ സഹോദരനെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന സഹോദരി. അതുകേൾക്കാൻ നിൽക്കാതെ ശ്വാസവുമായുള്ള പോരാട്ടം അവസാനിപ്പിച്ച് കടന്നുകളഞ്ഞ സഹോദരൻ. അതിനിടയിൽ തന്റെ ഭർത്താവിന്റെ ബോധം പോകുന്നു എന്നുപറഞ്ഞു പ്രായമായ ഭർത്താവിനെ ഉന്തുവണ്ടിയിൽ തള്ളി ഒറ്റയ്ക്ക് അകത്തേക്ക് കയറ്റാൻ ശ്രമിക്കുന്ന പത്തുമണിക്കൂറായി കാത്തുനിൽക്കുന്ന ഭാര്യ. മകന്റെ ശവശരീരവുമായി ഓട്ടോയിൽ ഊഴം കാത്തുനിൽക്കുന്ന, കരച്ചിൽ പോലും വരാത്ത അമ്മ. പെട്ടെന്നു വന്നുനിന്ന ആംബുലൻസിലേക്കു കയറി, സോറി എന്നുപറഞ്ഞു തിരിച്ചിറങ്ങുന്ന ഡോകടർ, അതുവിശ്വസിക്കാനാവാതെ പ്രതീക്ഷയോടെ പിന്നെയും നോക്കുന്ന മക്കൾ. അമ്മയെ വന്നൊന്നു നോക്കൂ എന്നു ആരോടെല്ലാമോ അലമുറയിടുന്ന മക്കൾ, സ്വന്തമായി ചിതയൊരുക്കി അമ്മയ്ക്ക് തീകൊളുത്തിയതിനു ശേഷം അമ്മയുടെ വളകളിൽ മുറുക്കെ പിടിച്ചു കൊണ്ട്.. ആരും തയ്യാറായിരുന്നില്ല, ഈ രാജ്യം ഒന്നിനും തയ്യാറായിരുന്നില്ല, അമ്മ ഈ അടുത്തകാലത്ത് റിട്ടയേർഡ് ആയതേ ഉണ്ടായിരുന്നുള്ളൂ, ഇനിയുള്ള കാലം ഞങ്ങൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, 59 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പിന്നിൽ എരിഞ്ഞടങ്ങുന്ന അമ്മയെ കാണാം.. പറഞ്ഞത് പൂർത്തിയാക്കാനാവാതെ പിപിഇ കിറ്റിനുള്ളിൽ നിന്നു വിങ്ങുന്ന മകൻ.
കൂട്ടത്തോടെ കത്തിത്തീരുന്ന മനുഷ്യർ. ഓക്സിജനുവേണ്ടി കോടതി കയറി ഇറങ്ങേണ്ടി വരുന്ന ആശുപത്രികൾ. ബെഡിന്റെ ഒരറ്റമെങ്കിലും കിട്ടാൻ ലോകത്തെ സകലമനുഷ്യരെയും വിളിച്ചപേക്ഷിക്കുന്ന മനുഷ്യർ. എന്നിട്ടും എങ്ങുമെങ്ങുമെത്താതെ ശ്വാസംവറ്റി നിലച്ചുപോകുന്ന മനുഷ്യർ. ഇവരെ ആരാണ് ഇങ്ങനെ മരണത്തിനു വിട്ടുകൊടുത്തത്? ആരാണ് ഇവർക്ക് ജീവിച്ചിരിക്കാൻ വേണ്ടുന്ന പ്രാണവായുപോലും നിഷേധിച്ചു കളഞ്ഞത്?ഇത്രയധികം സമയം കിട്ടിയിട്ടും ആരാണ് ഇവരെ ഇങ്ങനെ കൂട്ടിയിട്ടു കത്തിക്കുന്നത്?