അവരെ ഓർക്കുക, എല്ലാ സോഷ്യൽ ഡിസ്റ്റൻസിങ്ങിനെയും മുറിച്ചുകടന്നു നിങ്ങൾ അവർക്ക് ശബ്ദം കൊണ്ട് സ്നേഹമാവുക, മാപ്പാവുക, നന്ദിയാവുക, കരുതലാവുക, കണ്ടുമുട്ടലാവുക

48

Shibu Gopalakrishnan

ന്യൂയോർക്കിലെ ഒരു ഡോക്ടറെ സ്ഥിരമായി വായിക്കാറുണ്ട്. ഒരു മഹാമാരിക്ക് മുന്നിൽ നിസഹായനായി, പലപ്പോഴും നിരായുധനായി നിൽക്കേണ്ടിവരുന്ന സന്ദർഭങ്ങളെ കുറിച്ചു ഒരു ദിനസരി പോലെ അദ്ദേഹം എഴുതാറുണ്ട്. ഐസിയുവിൽ ചെന്നപ്പോൾ തന്നെ കണ്ടതും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന പ്രായമേറിയ ഒരു മനുഷ്യൻ ഓക്സിജൻ മാസ്ക് മാറ്റി ഡോകട്ർക്ക് സുഖമല്ലേ എന്നുചോദിച്ചതും, ഇറങ്ങാൻ നേരം വീണ്ടും മാസ്ക് മാറ്റി, ഡോക്ടർ അച്ഛനെയും അമ്മയെയും എന്നും വിളിക്കാറുണ്ടോ, അവർ ടെൻഷനിൽ ആയിരിക്കുമെന്നും ഡോക്ടർ ഉറപ്പായും എന്നും വിളിക്കണമെന്നും പറഞ്ഞേൽപ്പിച്ചതിനെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഇന്ന് അദ്ദേഹം എഴുതുന്നു:
“കഴിഞ്ഞ ഒരാഴ്ചയായി എന്റെ പേഷ്യന്റ്‌സിൽ ഒരാളെങ്കിലും മരിക്കുന്നു. എനിക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ കൂടുതൽ നിസഹായനാവുന്നു. വളരെ മോശമായ അവസ്ഥയിൽ പ്രായമായ ഒരു പേഷ്യന്റ് വന്നു. എനിക്ക് കൂടുതൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കാര്യങ്ങൾ വിശദീകരിക്കാനായി ഞാൻ അയാളുടെ മകളെ വിളിച്ചു. അവരും ഒരു ഡോക്ടറാണ്. അവർ കരച്ചിൽ അടക്കാൻ പാടുപെടുന്നത് എനിക്ക് കേൾക്കാമായിരുന്നു, വയ്ക്കാൻ നേരം അവർ എന്നോട് പറഞ്ഞു.
“ഡോക്ടർ, താങ്കൾക്ക് ഐസിയുവിലേക്ക് ഒന്നുകൂടെ പോകാമോ, എന്നിട്ട് അച്ഛന്റെ ചെവിയിൽ ഇങ്ങനെ പറയാമോ, ഞാൻ സ്നേഹിച്ചിരുന്നു എന്ന്. ഒരുപക്ഷേ ഏറ്റവും അവസാനമായി കേൾക്കാൻ പോകുന്നത് അതായിരിക്കും”
ഞാൻ അത് ചെയ്യാമെന്ന് അവർക്ക് വാക്കുകൊടുത്തു. സ്നേഹിക്കുന്നവരുടെ ഇടയിൽ ഇപ്പോൾ ഞങ്ങൾ മാത്രമേ ഉള്ളൂ, ഞങ്ങൾക്ക് അത് ചെയ്തേ മതിയാവൂ. ഞാനത് ചെയ്തു. എന്നാൽ എനിക്ക് ഒരുകാര്യം കൂടി പറയാനുണ്ട്. നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടാവാം, ആരോടെങ്കിലും നിങ്ങൾക്ക് ക്ഷമാപണങ്ങൾ ഉണ്ടാവാം, ഒരാളോടെങ്കിലും ഒരു നന്ദി പറയാൻ നിങ്ങൾ വിട്ടുപോയിട്ടുണ്ടാവാം, വിളിക്കണമെന്നു എന്നും കരുതുകയും ഇതുവരെ വിളിക്കാതെ പോവുകയും ചെയ്ത ഒരു സുഹൃത്തെങ്കിലും നിങ്ങൾക്ക് ഉണ്ടാകാം, തിരക്കിൽ അറിയാതെയെങ്കിലും അരികിലേക്കു നീക്കിനിർത്തിയ ആരെങ്കിലും എവിടെയെങ്കിലും ഉണ്ടാവാം, നിങ്ങളെയും കാത്ത് അവർ തനിച്ചു നിൽക്കുന്നുണ്ടാവാം.
അവരെ ഓർക്കുക, എല്ലാ സോഷ്യൽ ഡിസ്റ്റൻസിങ്ങിനെയും മുറിച്ചുകടന്നു നിങ്ങൾ അവർക്ക് ശബ്ദം കൊണ്ട് സ്നേഹമാവുക, മാപ്പാവുക, നന്ദിയാവുക, കരുതലാവുക, കണ്ടുമുട്ടലാവുക.”