എനിക്ക് സൂചിമുനകൾ ഇഷ്ടമല്ല

Shibu Gopalakrishnan

എനിക്ക് സൂചിമുനകൾ ഇഷ്ടമല്ല. ഞാൻ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രജ്ഞയും, കോവിഡ് 19 നുള്ള വാക്സിൻ മനുഷ്യനിൽ പരീക്ഷിക്കുന്നതിനു സ്വയം സന്നദ്ധയായ ഒരാളുമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വന്ന 44 മനുഷ്യർക്കൊപ്പം ഞാനും പരീക്ഷണങ്ങൾക്കായി പ്രവേശിപ്പിക്കപ്പെട്ടു, എന്റെ രക്തം പരിശോധനകൾക്കു വിധേയമായി.
കഴിഞ്ഞ ആഴ്ച, എന്നിൽ mRNA-1273 കുത്തിവയ്ക്കപ്പെട്ടു, അമേരിക്കയിൽ ആദ്യമായി പരീക്ഷിച്ചുറപ്പിക്കാൻ പോകുന്ന കോവിഡ് 19 വാക്സിൻ. ഒരു സാധാരണ ഫ്ലൂ ഷോട്ട് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്, എങ്കിലും എന്നിൽ പരീക്ഷണ മരുന്ന് കുത്തിവയ്ക്കപ്പെട്ടിരിക്കുന്നു. സംശയത്തിന്റെ ഒരു നിമിഷം ഉണ്ടായി എന്നത് ഞാൻ അംഗീകരിക്കുന്നു, ഇത്തരം പരീക്ഷണങ്ങൾ ഗുരുതരമായ പാർശ്വഫലങ്ങളുടെ അപകടമേഖല കൂടിയാണ്.

അതിനുശേഷം ഈ ദിവസങ്ങളിലൊക്കെയും എനിക്ക് കൈവേദന അനുഭവപ്പെടുകയും ഇടയ്ക്കെങ്കിലും ഞാൻ പനിച്ചു വിറയ്ക്കുകയും ചെയ്തു, എന്നാൽ ഒരിക്കൽ പോലും എന്റെ തെർമോമീറ്റർ നൂറു കടന്നില്ല. ഒരുപാട് കുടുംബാംഗങ്ങൾ നിനക്ക് ബോധം നഷ്ടപ്പെട്ടോ എന്നുവിളിച്ചു അന്വേഷിച്ചു. ആരോഗ്യം നമ്മളുടെ ഏറ്റവും വലിയ പരിഗണന ആയിരിക്കുമ്പോൾ ഞാൻ എന്തുകൊണ്ട് ഒരു മനുഷ്യ ഗിനിപ്പന്നി ആവാൻ തീരുമാനിച്ചു എന്നു ചിലർക്ക് മനസിലായതേ ഇല്ല. ഞാൻ ഇതിന്റെ ഭാഗമായത് ഞാനൊരു ശാസ്ത്രജ്ഞ ആയതുകൊണ്ടാണ്, എന്റെ രാഷ്ട്രത്തെ എത്രയും പെട്ടെന്നു വാക്സിൻ കണ്ടെത്താൻ സഹായിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്നു തോന്നി. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ രണ്ടാമത്തെ ഡോസ് എന്നിൽ കുത്തിവയ്ക്കും. രോഗപ്രതിരോധശേഷി ആവശ്യാനുസരണം ഉയരുന്നുണ്ടോ എന്നവർ കൂടുതൽ ടെസ്റ്റുകൾ നടത്തും. 16 മാസം കൊണ്ടാണ് ഈ പരീക്ഷണം പൂർത്തിയാവുക, അപ്പോഴേക്കും നമുക്കറിയാനാവും നമ്മൾ വിജയിച്ചോ എന്ന്. അന്ന് ഈ ലോകം പഴയപടി ആയിട്ടുണ്ടാവും എന്നു ഞാൻ പ്രത്യാശിക്കുന്നു, സൂചിമുനകളോടുള്ള എന്റെ ഭയം മാറിയിട്ടുണ്ടാകുമെന്നും.
(സോഫിയ അപ്‌ഷ എന്ന 22 വയസുള്ള അറ്റ്ലാന്റയിലെ ശാസ്ത്രജ്ഞ വാഷിംഗ്‌ടൺ പോസ്റ്റിൽ എഴുതിയത്)