എന്താണ് ബോഡി ഷേമിംഗ്‌?

361

Shibu Gopalakrishnan

എന്താണ് ബോഡി ഷേമിംഗ്‌?

രഹസ്യമായോ പരസ്യമായോ ഒരാളുടെ ശാരീരികമായ പ്രത്യേകതകളെ അവമതിക്കുക. മെലിഞ്ഞ ഒരാളെക്കാണുമ്പോൾ നിന്നെക്കണ്ടാൽ ഇപ്പോൾ ഒണക്കക്കമ്പേൽ തുണി ചുറ്റിയത് പോലെയുണ്ട് എന്നുപറയുന്നതും വണ്ണമുള്ള ഒരാളെക്കാണുമ്പോൾ നീയിപ്പോൾ ഏത് റേഷൻ കടയിൽ നിന്നാണ് അരിമേടിക്കുന്നത് എന്നുചോദിക്കുന്നതും ബോഡി ഷേമിംഗ് ആണ്.

മനുഷ്യന് ശാരീരികമായി സവിശേഷമോ സാമാന്യമോ ആയ പ്രത്യേകതകൾ ഉണ്ടാവാം. അതിന്റെ അടിസ്ഥാനത്തിൽ മാറ്റിനിർത്തപ്പെടുന്നതും അവഗണിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും ക്യാൻസറിനേക്കാൾ മാരകമായ ആക്രമണങ്ങളായി കരുതപ്പെടുന്നു. വാക്കുകൾ കൊണ്ടുള്ള ആസിഡാക്രമണം ആണത്. അന്തമില്ലാത്ത അപകർഷതയിലേക്കും ആത്മവിശ്വാസമില്ലായ്മയിലേക്കും ആത്മഹത്യയിലേക്കും വരെ നിർദോഷമെന്നു നമ്മൾ കരുതുന്ന നമ്മുടെ പരിഹാസങ്ങൾ
കാരണമാകുന്നു.

ഇനി തിരുവാതിരയിലേക്ക്.

തിരുവാതിര ഒരു കലാമണ്ഡലം പ്രോഡക്റ്റല്ല. അതിനു ശാസ്ത്രീയമായ പരിശീലനങ്ങളോ അഴകളവുകളോ ആടയാഭരണങ്ങളോ ആവശ്യമില്ല. അതൊരു നൃത്തത്തേക്കാൾ ഉപരി കളിയാണ്. പെണ്ണുങ്ങൾ അവരുടെ അപ്പോഴത്തെ ഹർഷത്തിനു വട്ടംകൂടി കൈകൊട്ടി കളിക്കുന്ന അത്യന്തം ആത്മാനന്ദപരമായ ഒരു ആഘോഷമാണത്. അതിന്റെ വേഷവിധാനം നോക്കുക, അത്രയും ലളിതമാണ്. ഏതു പാമരനും പണക്കാരനും പങ്കെടുക്കാം. അതിന്റെ ചുവടുകളും ഈണങ്ങളും നോക്കുക. ആർക്കും കൂടെക്കൂടാം, ആലപിക്കാം. ശരീരമോ ശാരീരമോ അതിനൊരു തടസമല്ല. മുതുമുത്തശ്ശിയായ കല്യാണിക്കുട്ടിയമ്മ മുതൽ പിച്ചവച്ചു തുടങ്ങിയ കിങ്ങിണിക്കുട്ടി വരെ താളം ചവിട്ടുന്നത് കാണാം.

അതിൽ പങ്കെടുക്കുന്നവർ ആരും പ്രൊഫഷനലുകളല്ല. നമ്മൾ കാണുന്ന ഓണത്തിരുവാതിരകൾ മുഴുവൻ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തട്ടേൽ കേറുന്ന കൂട്ടായ്മകളാണ്. കൂടുതലും വീട്ടമ്മമാരായിരിക്കും, ജീവിതത്തിൽ ഇന്നുവരെ ഡാൻസ് ചെയ്തിട്ടില്ലാത്തവർ, സ്റ്റേജിൽ കയറിയിട്ടില്ലാത്തവർ ഒക്കെ ഉണ്ടാവും. അവർക്കും കളിയ്ക്കാൻ കഴിയുന്നു എന്നതിലാണ് തിരുവാതിരയുടെ ജനാധിപത്യം. അത്തരം സമഭാവനകളുടെ കൈകൊട്ടിക്കളികൂടിയാണ് നമ്മൾ കൊട്ടിഘോഷിക്കുന്ന ഓണം.

വേണമെങ്കിൽ കളിക്കാനുള്ള അവരുടെ ആവേശത്തെ കൈയടിച്ചു അനുമോദിക്കാം, കൊള്ളാം നന്നായിരുന്നു എന്നൊരു നല്ലവാക്ക് പറയാം. ഇനി നന്നായില്ലെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം, വേണമെങ്കിൽ കൂവാം. എന്നുകരുതി അതിൽ പങ്കെടുത്തവരുടെ ശരീരത്തെ അപമാനിക്കാനോ, അവഹേളിക്കാനോ നിങ്ങൾക്ക് അധികാരമില്ല, അവകാശമില്ല. അപ്പോൾ അത് ബോഡി ഷേമിംഗ് ആവുന്നു.

2015 ൽ ഓസ്‌ട്രേലിയൻ കൊറിയോഗ്രാഫറായ കേറ്റ് ചാമ്പ്യൻ ഫാറ്റായ മനുഷ്യരെ പങ്കെടുപ്പിച്ചുകൊണ്ട് “Nothing to Lose” എന്നപേരിലുള്ള തന്റെ അടുത്ത പ്രൊഡക്ഷനു വേണ്ടി ഓഡിഷനു പരസ്യം കൊടുത്തു. അതിനു കിട്ടിയ വീഡിയോകൾ മുഴുവൻ സ്വകാര്യമായി ഹോട്ടൽ മുറിയിലോ മറ്റാരുമില്ലാത്തപ്പോൾ വീട്ടുമുറികളിലോ ചിത്രീകരിച്ചതായിരുന്നു. കാരണം അവർ ആരും അന്നുവരെ സ്റ്റേജിൽ പെർഫോം ചെയ്തിരുന്നില്ല.

ബോഡി ഷേമിങിന്റെ ഒരു പ്രശ്‌നം അത് ചെയ്യുന്നവർ പോലും എത്രവലിയൊരു സാമൂഹികവിരുദ്ധതയിലാണ് താൻ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നറിയുന്നില്ല എന്നുള്ളതാണ്. ഗംഗയ്ക്ക് അറിയില്ല മാടമ്പള്ളിയിലെ മനോരോഗി ഗംഗയാണെന്ന്. അവിടെയാണ് നമുക്ക് ചിലത് നിർവഹിക്കാനുള്ളത്. എഴുന്നേറ്റ് നിൽക്കുക, “ഗംഗേ” എന്നുറക്കെ വിളിക്കുക, നിങ്ങൾ ഈ പറഞ്ഞത് തെറ്റാണ് എന്നു വിളിച്ചുപറയുക. അപമാനിക്കപ്പെട്ടവരെ, മുറിവേറ്റവരെ, ചേർത്തുപിടിക്കുക.

“Nothing to Lose” എന്ന നൃത്തശില്പത്തിൽ നിന്നും ചില ചിത്രങ്ങൾ ചുവടെ ചേർക്കുന്നു, പടക്കട: ഗൂഗിൾ.

കൈയടിക്കെടാ!!